ഹിറ്റ്ലറിന്റെ വലംകൈ ‘വെട്ടിയ’ മൊസാദിന്റെ റാഞ്ചൽ; ചീഫിന്റെ ഫോൺ പോയി നാണംകെട്ടു; വിഷാദ ചികിത്സയ്ക്ക് ഏജന്റുമാർ ഫോർട്ട് കൊച്ചിയിലും!
Mail This Article
ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസി എന്ന് ഒറ്റവാക്കിൽ മൊസാദിനെ വിശേഷിപ്പിക്കാമെങ്കിലും അതിനുമൊക്കെ ഏറെ മേലെയാണ് ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റലിജന്‍സ് ആൻഡ് സ്പെഷൽ ഓപറേഷൻസ് (The Institute for Intelligence and Special Operations) എന്ന ഔദ്യോഗിക നാമം പേറുന്ന മൊസാദ്. സാങ്കേതിക മികവിലും പ്രവർത്തനശേഷിയിലും ലോകത്ത് ഒന്നാം നിരയിലാണ് മൊസാദിന്റെ സ്ഥാനം. വിഷപ്രയോഗം മുതൽ ഗറിലാ യുദ്ധതന്ത്രങ്ങൾ വരെയുള്ള മാരക പ്രഹരങ്ങളിലൂടെ പ്രതിയോഗികളെ വിറപ്പിച്ച ചരിത്രമാണ് ഇസ്രയേൽ ചാരസംഘടനയ്ക്കുള്ളത്. മൊസാദ് ഉൾപ്പെട്ട, ചോരക്കറ പുരണ്ട ഒട്ടേറെ സംഭവങ്ങളിലെ ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്, നിഗൂഢമാണ്. 1949 ഡിസംബർ 13നാണ് മൊസാദ് സ്ഥാപിക്കപ്പെട്ടത്. ആസ്ഥാനം: ടെൽ അവീവ്. എഴുപത്തിയഞ്ചു വർഷത്തിനിപ്പുറം ലോകത്തിലെ ഏറ്റവും ശക്തമായ ചാര സംഘടനകൂടിയാണ് മൊസാദ്. സൈനിക ഇന്റലിജൻസുമായി ബന്ധപ്പെട്ട് അമനും (AMAN) ആഭ്യന്തര സുരക്ഷയുടെ ചുമതലയുള്ള ഷിൻ ബെത്തും (Shin Bet) ഇസ്രായേലിന്റെ മറ്റ് രഹസ്യാന്വേഷണ വിഭാഗങ്ങളാണ്. മൊസാദ് മേധാവി രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലാതെ മറ്റാരോടും ഉത്തരം പറയാൻ ബാധ്യസ്ഥനല്ല എന്നത് ഈ സംഘടനയുടെ വീര്യം ഉയർത്തുന്നു. സംഘടനയുടെ ആപ്തവാക്യം ബൈബിളിൽനിന്നു കടമെടുത്ത വചനങ്ങളാണ്.