‘എടാ മോനെ’; ‘ആവേശം’ സംവിധായകനൊപ്പം മോഹൻലാൽ; നിർമാണം ഗോകുലം ഗോപാലൻ
Mail This Article
മോഹൻലാൽ ആരാധകരെ ആവേശഭരിതരാക്കി പുതിയ സിനിമയുടെ പ്രഖ്യാപനം. ‘ആവേശം’, ‘രോമാഞ്ചം’ തുടങ്ങിയ സിനിമകൾ ഒരുക്കിയ ജിത്തു മാധവനൊപ്പം മോഹൻലാൽ ഒന്നിക്കുന്നു. വാർത്ത സത്യമാണ്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിര്‍മിക്കുന്നത്.
ജിത്തു മുൻപു ചെയ്ത രണ്ടു സിനിമകള്‍ പോലെ തന്നെ ബെംഗളൂരു പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം അടുത്ത വർഷം പകുതിയോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാലും ഗോകുലം മൂവിസും ഒരുമിക്കുന്ന രണ്ടാമത്തെ സിനിമയാണിത്. ഗോകുലം നിർമിച്ച് നിവിൻ പോളി നായകനായ കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ അതിഥിവേഷത്തിൽ എത്തിയിരുന്നു.
140 ദിവസത്തെ ചിത്രീകരണം പദ്ധതിയിട്ടിരിക്കുന്ന ചിത്രം വമ്പൻ ബജറ്റിൽ ആണ് ഒരുങ്ങുന്നത്. സുഷിൻ ശ്യാം ആകും സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുക. മാർച്ചിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാേയക്കും.
അതേസമയം മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ‘ബറോസ്’ ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമ ചിത്രമായ തുടരും ആണ് ഇനി പുറത്തിറങ്ങാനുള്ള മറ്റൊരു മോഹൻലാൽ സിനിമ. ചിത്രത്തിൽ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.