ADVERTISEMENT

നടൻ അല്ലു അർജുന്റെ നാടകീയമായ അറസ്റ്റിനെതിരെ പ്രതികരിച്ച് നടൻ വിവേക് ഒബ്‌റോയ്.  ഒരു വിലപ്പെട്ട ജീവൻ നഷ്ടപ്പെടുന്നത് വേദനാജനകവും ഒഴിവാക്കേണ്ടതുമാണെങ്കിലും ഈ ദുരവസ്ഥയുടെ പേരിൽ അല്ലു അർജുനെ അറസ്റ്റ് ചെയ്യുന്നത് ന്യായമാണോ എന്ന് വിവേക് ഒബ്‌റോയ് ചോദിക്കുന്നു.  ഒരു രാഷ്ട്രീയ നേതാവ് പങ്കെടുക്കുന്ന റാലിയിൽ ഇത്തരത്തിൽ ഒരു അനിഷ്ട സംഭവം നടന്നാൽ ആ രാഷ്ട്രീയ നേതാവിനെ ഇത്തരത്തിൽ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകുമോ എന്നാണ് വിവേക് ഒബ്‌റോയ് ചോദിക്കുനന്ത്. നിയമവ്യവസ്ഥയെ അനുസരിക്കുകയും എല്ലാവരോടും നല്ല രീതിയിൽ പെരുമാറുകയും ചെയ്യുന്നവരാണ് അല്ലു അര്‍ജുനും കുടുംബാംഗങ്ങളും.  ഇത്തരത്തിൽ ഒരു ദാരുണ സംഭവം നടന്നപ്പോൾ അതിൽ ഒരാളുടെ മേൽ കുറ്റാരോപണം നടത്തി വളരെ ക്രൂരമായി അറസ്റ്റ്  ചെയ്ത രീതി ശരിയായില്ലെന്നും നമ്മുടെ സംവിധാനങ്ങൾ മെച്ചപ്പെടേണ്ടതുണ്ടെന്നും വിവേക് ഒബ്‌റോയ് എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.  വിവേകിനെ കൂടാതെ രശ്‌മിക മന്ദാന, വരുൺ ധവാൻ, കങ്കണ തുടങ്ങി നിരവധി സെലിബ്രിറ്റികൾ അല്ലു അർജുന് പിന്തുണയുമായി എത്തിയിരുന്നു.    

‘‘നമ്മൾ എല്ലാവരും നമ്മുടെ ആരാധകരെ വളരെയധികം സ്നേഹിക്കുന്നു. പതിറ്റാണ്ടുകളായി എനിക്ക് അല്ലുവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാം. എക്കാലവും ദേശസ്നേഹവും സാമൂഹിക പ്രതിബദ്ധതയുമുള്ള നിയമ വ്യവസ്ഥയെ അനുസരിച്ചു ജീവിക്കുന്നവരാണ്  അവർ. അല്ലു എന്തുമാത്രം നല്ല മനുഷ്യനാണെന്ന് എനിക്ക് വ്യക്തിപരമായി അറിയാം, ഈ ദാരുണമായ സംഭവത്തിന് ശേഷം അദ്ദേഹം വളരെ ദുഃഖിതനായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്.

ഒരു പ്രധാനപ്പെട്ട സംസ്ഥാന അല്ലെങ്കിൽ ദേശീയ സ്ഥാനാർഥിയുടെ പ്രചാരണ റാലിയിൽ ഇതേ അപകടം സംഭവിച്ചിരുന്നെങ്കിൽ പൊലീസ് അവരെ അറസ്റ്റ് ചെയ്യുമോ? ക്രമസമാധാന പ്രശ്‌നത്തിൽ അവരെ കുറ്റപ്പെടുത്തുകയും അല്ലുവിനോട് പെരുമാറുന്ന രീതിയിൽ ആ  വ്യക്തിയോട് പെരുമാറുകയും ചെയ്യുമോ? ഇത് ന്യായമാണോ? പൊലീസ് അവരുടെ ഡ്യൂട്ടി ചെയ്യുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു, പക്ഷേ ഇത്തരം സംഭവങ്ങൾ തടയാൻ സംവിധാനം മെച്ചപ്പെടുത്താൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നില്ലേ?

ഇന്ത്യൻ ജുഡീഷ്യറിയിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്, ഈ വിഷയത്തിൽ നീതി ന്യായമായി നടക്കുമെന്ന് വിശ്വസിക്കുന്നു. എന്നാൽ ഇത്തരം വേദനാജനകമായ സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ ശാശ്വതമായ ഒരു പരിഹാരത്തിനായി നമ്മൾ ശ്രമിക്കേണ്ടതല്ലേ? ഒരു മഹത്തായ രാജ്യത്തെ പൗരന്മാരെന്ന നിലയിൽ നാം ഈ ചോദ്യം സ്വയം ചോദിക്കേണ്ടതല്ലേ?

ബണ്ണി, എന്റെ സഹോദരാ സിനിമയ്ക്കു പുറത്ത് എത്ര മാന്യനും കാരുണ്യവാനുമായ മനുഷ്യനാണ് നീയെന്നു ഞങ്ങൾക്കെല്ലാം അറിയാം. ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട വ്യക്തിക്കും നിനക്കും വേണ്ടി ഞാൻ  പ്രാർഥിക്കുന്നു. ഈ ദുരന്തത്തിൽ അകപ്പെട്ട എല്ലാവരെയും അവരുടെ കുടുംബങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ. ’’–വിവേക് ഒബ്‌റോയ് കുറിച്ചു.

English Summary:

Vivek Oberoi Questions Allu Arjun's Arrest Amid Stampede Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com