മലയാള സിനിമയുടെ മാർക്കറ്റ് വലുതാകണം, ഒടിടിയിൽ മാത്രം ഒതുക്കപ്പെടരുത്: ഉണ്ണി മുകുന്ദൻ
Mail This Article
രാജ്യം കണ്ട ഏറ്റവും മികച്ച നടന്മാരായിട്ടും മമ്മൂട്ടിക്കും മോഹൻലാലിനും അവർ അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ. 2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മികച്ച വർഷമായിരുന്നു. സിനിമകൾക്ക് നല്ല അഭിപ്രായം ലഭിക്കുന്നുണ്ടെങ്കിലും ചർച്ചകൾ ചെറിയ ഇടങ്ങളിൽ ഒതുങ്ങുകയാണ്. മലയാള സിനിമയും താരങ്ങളും സാങ്കേതികപ്രവർത്തകരും ചെറിയ ക്യാൻവാസിൽ ഒതുങ്ങിപ്പോകാതെ വലിയ മാർക്കറ്റിലേക്ക് ലക്‌ഷ്യം വയ്ക്കണമെന്നും എന്നാൽ മാത്രമേ അർഹിക്കുന്ന സ്വീകാര്യത ലഭിക്കൂ എന്നും ഉണ്ണി മുകുന്ദൻ പറയുന്നു. മാർക്കോയ്ക്കു ബോളിവുഡിൽ ലഭിക്കുന്ന സ്വീകാര്യതയുടെ പശ്ചാത്തലത്തിൽ മലയാള സിനിമയെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു താരം.
‘‘മലയാളസിനിമാ മേഖല ഇപ്പോൾ എല്ലാത്തരം സിനിമകളും ചെയ്യുന്നുണ്ട്. പൃഥ്വി ഈ വർഷമാണ് ആടുജീവിതം ചെയ്തത്, ഞാൻ ജയ് ഗണേഷ് ചെയ്തു. അതിൽ ഞാൻ നടക്കാൻ കഴിയാതെ മുഴുവൻ സമയവും വീൽ ചെയറിൽ ഇരിക്കുന്ന ഒരാളായിട്ടാണ് അഭിനയിച്ചത്. ഫഹദ് ആവേശം ചെയ്തു. നമ്മുടെ മറ്റു ചില സുഹൃത്തുക്കൾ പ്രേമലു ചെയ്തു. 2024ൽ മിക്ക മലയാള സിനിമാ താരങ്ങളും വ്യത്യസ്‌തമായ സിനിമകൾ ചെയ്തുകൊണ്ട് വളരെ മികച്ച പ്രകടനം കാഴ്ചവച്ചു. ദുൽഖർ തെലുങ്കിൽ ലക്കി ഭാസ്കർ ചെയ്തു. നമ്മളെല്ലാം ഒരു ‘നല്ല കുട്ടി’ ഇമേജിനപ്പുറം വിവിധതരം സിനിമകളും കഥാപാത്രങ്ങളും ചെയ്ത് പുറത്തേക്ക് വളരാനാണ് ആഗ്രഹിക്കുന്നത്. നമ്മുടെ അഭിനേതാക്കൾക്കും സാങ്കേതിക വിദഗ്ധർക്കും അവർ അർഹിക്കുന്ന അംഗീകാരം ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു."
"മലയാളത്തിൽ മികച്ച സിനിമകൾ വരുന്നുണ്ട് എന്ന് എല്ലാവരും പറയാറുണ്ട്. പക്ഷേ, അംഗീകാരത്തിന്റെ കാര്യം വരുമ്പോൾ ഈ പറയുന്ന പോലത്തെ സ്വീകാര്യത കിട്ടുന്നുണ്ടോ എന്ന് സംശയമുണ്ട്. അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഒടിടി പ്ലാറ്റ്‌ഫോമുകൾ എന്ന ചെറിയ ഇടത്തു മാത്രം ഈ ചർച്ചകൾ ഒതുങ്ങിപ്പോകുന്നു എന്നാണ് ഞാൻ അർഥമാക്കിയത്. മലയാള സിനിമകൾ പ്രാദേശികമായി മാത്രം ഒതുങ്ങാതെ ലോകം മുഴുവനുമുള്ള വലിയൊരു ക്യാൻവാസിൽ ചർച്ച ചെയ്യപ്പെടണം എന്നാണ് എന്റെ ആഗ്രഹം."
"നമ്മുടെ പ്രിയപ്പെട്ട സൂപ്പർ താരങ്ങളിൽ ഒരാളായ മോഹൻലാൽ സാറിന് മികച്ച ഒരു ട്രാക്ക് റെക്കോർഡ് ഉണ്ടെങ്കിലും വിശാലമായ തലത്തിൽ നോക്കുകയാണെങ്കിൽ അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. ഒരു വലിയ മോഹൻലാൽ, മമ്മൂക്ക ആരാധകനെന്ന നിലയിൽ അവർക്ക് ഇപ്പോൾ ലഭിച്ചതിനേക്കാൾ കൂടുതൽ ലഭിക്കാനുള്ള അർഹതയുണ്ട് എന്നാണ് എന്റെ അഭിപ്രായം. ഒരുപക്ഷേ, നമുക്ക് നമ്മുടെ സിനിമയെ ഒരു നിശ്ചിത ക്യാൻവാസിന് അപ്പുറത്തേക്ക് വികസിപ്പിക്കാൻ കഴിയാത്തത് കൊണ്ടാകാം. ഏത് വ്യവസായത്തിന്റെയും വളർച്ചക്ക് മാർക്കറ്റ് ഒരു വലിയ പങ്കുവഹിക്കുന്നുണ്ട് മലയാള സിനിമയുടെ മാർക്കറ്റ് വലുതാക്കേണ്ടതിന്റെ ആവശ്യകതയാണ് ഞാൻ സൂചിപ്പിക്കുന്നത്. ഇങ്ങനെയുള്ള അവസരത്തിൽ മാർക്കോ പോലെയുള്ള സിനിമകൾ ഗുണം ചെയ്യുമെന്ന് കരുതുന്നു,’’– ഉണ്ണി മുകുന്ദൻ പറഞ്ഞു.