‘രാജുവേട്ടാ, ഇച്ചിരി റൊമാന്റിക് ആയിക്കൂടെ’; ആരാധകന് മറുപടിയുമായി സുപ്രിയ
Mail This Article
തിരക്കിട്ട സിനിമാ ജീവിതത്തിന് താൽക്കാലിക ഇടവേള എടുത്ത് അവധി ആഘോഷിക്കുകയാണ് താരദമ്പതികളായ പൃഥ്വിരാജും സുപ്രിയയും. ഈ യാത്രയ്ക്കിടയിൽ സുപ്രിയ പങ്കുവച്ചൊരു വിഡിയോയാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്. കാല്പനികയായ ഭാര്യയും ഒട്ടും റൊമാന്റിക്കല്ലാത്ത ഭർത്താവും അവധി ആഘോഷിക്കുമ്പോൾ ഇങ്ങനെയായിരിക്കും എന്നാണ് സുപ്രിയ രസകരമായ പോസ്റ്റിലൂടെ പറയുന്നത്.
വിദേശത്തുള്ള വിജനമായ റോഡിലൂടെ ചെറു ചിരിയുമായി പൃഥ്വിരാജ് വാഹനം ഓടിക്കുന്നത് വിഡിയോയിൽ കാണാം. ‘‘റൊമാന്റിക് ഭാര്യ, അൺറൊമാന്റിക് നായകനൊപ്പമുള്ള വിഡിയോ പകർത്തിയപ്പോൾ’’ ലഘു വിഡിയോയുടെ അടിക്കുറിപ്പായി സുപ്രിയ കുറിച്ചു. ആരാധകടക്കം നിരവധിപ്പേരാണ് കമന്റുകളായി എത്തിയത്. ‘‘രാജുവേട്ടാ ഇച്ചിരി റൊമാന്റിക് ആയിക്കൂടെ? ആ കാഞ്ഞിരപ്പള്ളി അച്ചായനെ പോലെ’’, എന്ന കമന്റിന് സുപ്രിയ നല്‍കിയ മറുപടിയും വൈറലായി മാറി. ‘അതെല്ലാം അഭിനയം ആണു മോനേ’ എന്നായിരുന്നു സുപ്രിയയുടെ മറുപടി.
വിഡിയോയ്ക്കൊപ്പം ചേർത്തിരിക്കുന്ന #whyyoucame എന്ന ഹാഷ്ടാഗിനും ഒരു മുൻ കഥ ഉണ്ട്. ലൂസിഫർ സിനിമയുടെ പാക്കപ്പ് ദിവസം പൃഥ്വിരാജിനു സർപ്രൈസ് കൊടുക്കാൻ എത്തിയ സുപ്രിയയോട് അദ്ദേഹം ചോദിച്ചത് ‘നീയെന്താ ഇവിടെ?’ എന്നായിരുന്നു. ആ കാര്യംകൂടി സുപ്രിയ തന്റെ പുതിയ പോസ്റ്റിലൂടെ ഓർമിപ്പിക്കുകയായിരുന്നു. ‘നിങ്ങൾക്കറിയുമെങ്കിൽ നിങ്ങൾക്കറിയാം’എന്ന അർഥത്തിൽ #ifyyk എന്നും സുപ്രിയ ഹാഷ്ടാഗായി ചേർത്തിരുന്നു.