കൊലമരങ്ങൾ അഴിച്ചുമാറ്റുമ്പോൾ നീതി പിറക്കുന്നു
Mail This Article
യുവ ഇറാനിയൻ സംവിധായകനായ നിമ ജാവിദിന്റെ രണ്ടാമത്തെ സിനിമയാണു ദ് വാർഡൻ. മെൽബൺ എന്ന ആദ്യസിനിമയ്ക്കുശേഷം അഞ്ചു വർഷം പിന്നിടുമ്പോൾ എത്തുന്ന ജാവിദിന്റെ വാർഡനു സിനിമാപ്രേക്ഷകരും വിമർശകരും പൊതുവേ പ്രശംസയാണു നൽകിയിട്ടുള്ളത്. മസ്റ്റ് വാച്ച് ലിസ്റ്റിലുള്ള സിനിമയുടെ കഥ നടക്കുന്നത് 1960 കളിലാണ്. വിമാനത്താവളത്തോടു ചേർന്നുള്ള ഒരു ജയിൽ, വിമാനത്താവള വികസനത്തിന്റെ ഫലമായി മറ്റൊരിടത്തേക്കു മാറ്റി സ്ഥാപിക്കുന്നു.
തടവുകാരെ മുഴുവനായും പുതിയ ജയിലിലേക്കു കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണു ജയിൽ അധികൃതർ. ഇതിനിടെ പൊലീസ് ചീഫായി സ്ഥാനക്കയറ്റം കിട്ടിയതിന്റെ ആഹ്ളാദത്തിൽ ജയിൽ വാർഡനായ നേമത് ജഹീദും. തടവുകാരുടെ മാറ്റം പൂർണമാകുന്ന ഘട്ടത്തിലാണ് അറിയുന്നത്, വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു തടവുകാരനെ കാണാതായിരിക്കുന്നു. ആ വലിയ ജയിലിനുള്ളിൽ എവിടെയോ തടവുകാരൻ ഒളിച്ചിരിക്കുന്നുവെന്ന വിശ്വാസത്തിൽ വാർഡനും സംഘവും അവിടെ തിരയുകയാണ്. എന്നാൽ അയാളെ കണ്ടെത്താനാകുന്നില്ല.
വധശിക്ഷയുടെ ദയാശൂന്യതയെയും നീതിയുടെ അനിവാര്യതയെയും ചൂണ്ടിക്കാട്ടുന്ന സിനിമ ഏറ്റവും ഋജുവായ പാതയിലാണ് ആവിഷ്കാരം നടത്തുന്നത്. ഇരുട്ടും മഴയും തിങ്ങിയ അന്തരീഷത്തിൽ കൊലമരം അഴിച്ചുമാറ്റുന്ന രംഗമാണു സിനിമയുടെ തുടക്കത്തിലുള്ളത്. സിനിമയുടെ ക്ലൈമാക്സ് സംഭവിക്കുന്നതും ഇതേ കൊലമരത്തിനടുത്താണ്. കുറച്ചു കഥാപാത്രങ്ങൾ മാത്രമുള്ള സിനിമയിൽ കഥാപാത്രങ്ങളുടെ മാനസികസഞ്ചാരങ്ങളെ സൂക്ഷ്മമായി ചിത്രീകരിക്കുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു.
ഇസ്‍ലാമിക വിപ്ലവത്തിനു മുൻപേ ഇറാൻ പാശ്ചാത്യജീവിതശൈലി പിന്തുടരുന്ന കാലത്താണ് കഥ നടക്കുന്നത്. എന്നാൽ ചെറു സൂചനകളിലൂടെയും ദൃശ്യങ്ങളിലൂടെയും മാത്രമാണു ആ ചരിത്രപശ്ചാത്തലം സംവിധായകൻ കാട്ടുന്നത്. സിനിമ തീരും വരെ സസ്പെൻസ് പിടിച്ചുനിർത്തുന്ന സിനിമയുടെ കലാസംവിധാനവും വസ്ത്രാലങ്കാരവും ശ്രദ്ധേയമാണ്.