ന്യൂജെൻ ഹൊറർ ത്രില്ലർ; ഇഷ റിവ്യു
Mail This Article
ഹോമകുണ്ഡവും മന്ത്രവാദിയും കൊട്ടാരവും യക്ഷിയും അടങ്ങുന്ന ക്ലീഷേ ഹൊറര്‍ ചിത്രങ്ങളിൽ നിന്നൊരു ചുവടുമാറ്റമാണ് ജോസ് തോമസിന്റെ ‘ഇഷ’. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ചിത്രം സാങ്കേതികത്തികവിലും മുന്നിൽ നിൽക്കുന്നു.
മലയോരത്തെ എസ്റ്റേറ്റിൽ പതിനാലുകാരിയായ ഇഷയുടെ ക്രൂരമായ കൊലപാതകത്തിൽ നിന്നാണ് സിനിമയുടെ തുടക്കം. ആ കൊലപാതകത്തിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ദുരൂഹതകളുടെ ചുരുളഴിയുന്നിടത്ത് ചിത്രം പ്രേക്ഷകരെ ആവേശംകൊള്ളിക്കുന്നു.
എസ്റ്റേറ്റ് ഉടമായ മാര്‍ട്ടിന് രണ്ടാം വിവാഹത്തിൽ ഉണ്ടായ കുട്ടിയാണ് ഏയ്‍ഞ്ചൽ. ഏയ്ഞ്ചലിന്റെ അമ്മയും മാർട്ടിനും വിവാഹമോചിതരാണ് ഇപ്പോൾ. ആ സമയത്താണ് ഏയ്‍ഞ്ചലിന്റെ സ്വഭാവത്തിൽ പെട്ടന്നൊരു മാറ്റമുണ്ടാകുന്നത്. ബാധ കൂടിയതുപോലെ. പിന്നീട് അവിടെ നടക്കുന്നത് ഞെട്ടിക്കുന്ന സംഭവവികാസങ്ങളും.
പ്രേക്ഷകനെ സീറ്റിൽനിന്ന് ഒന്നനങ്ങാൻ പോലും വിടാതെ പിടിച്ചിരുത്തുന്ന രംഗങ്ങളാണ് സിനിമയുടെ പ്രധാന ആകർഷണം. കാണികളെ മുൾമുനയിൽ നിർത്തുന്ന നിരവധി രംഗങ്ങൾ ചിത്രത്തിലുണ്ട്. പ്രത്യേകിച്ചും ഏയ്ഞ്ചലിനെ പിടികൂടിയ ബാധ ഒഴിപ്പിക്കാൻ വൈദികൻ വരുന്ന രംഗം.
ചിത്രത്തിന്റെ ശബ്ദസംവിധാന മികവും എടുത്തുപറയേണ്ടതാണ്. ഇരുട്ടോ ഓരിയിടലോ ഒന്നുമില്ലാതെ, ശബ്ദത്തിലൂടെ പ്രേക്ഷകനെ ഞെട്ടിക്കാൻ അണിയറ പ്രവർത്തകർക്കു കഴിഞ്ഞു.
ഇംതിയാസ് മുനാവര്‍ എന്ന പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്ററായി കിഷോർ സത്യ തിളങ്ങുന്നു. നായക കഥാപാത്രമായി ഏറെ നാളുകള്‍ക്കു ശേഷം കിഷോര്‍ സത്യ അഭിനയിക്കുന്ന സിനിമയാണ് ഇഷ. ഇഷ അനില്‍, മാര്‍ഗരറ്റ് ആന്റണി, അഭിഷേക് വിനോദ്, ബേബി അവ്‌നി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
വിശ്വാസത്തിനപ്പുറം ശാസ്ത്രീയമായ ഇടപെടലാണ് തിരക്കഥയിലുള്ളത്. സിനിമയുടെ ആവിഷ്കരണത്തിലും ഈ കൃത്യത വ്യക്തമാണ്. വേഗമാർന്ന കഥപറച്ചിൽ സിനിമയെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നു.
ജോനാഥന്‍ ബ്രൂസിന്റെ സംഗീതം ചിത്രത്തെ മറ്റൊരു തലത്തിലെത്തിക്കുന്നു. സുകുമാർ എം.ഡി.യുടെ ഛായാഗ്രഹണപാടവും എടുത്തുപറയേണ്ടതാണ്. വി. സാജനാണ് എഡിറ്റിങ്.
ഇംതിയാസ് മുനാവര്‍ പറയുന്നതുപോലെ, അസത്യത്തിനു മേൽ സത്യത്തിന്റെ വിജയമാണ് ‘ഇഷ’. ചില സംഭവങ്ങൾക്ക് ഉത്തരമില്ല, അതിൽ ചൂഴ്ന്നിറങ്ങിയാൽ അറിയാൻ നിരവധി സത്യങ്ങൾ ബാക്കിയാകും. ഹൊറർ–ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് വേറിട്ട അനുഭവം പകര്‍ന്നുനൽകുന്ന ചിത്രമാകും ഇഷ.