പ്രണയം തൊട്ടറിയാം; കാഴ്ചാനുഭവമാണ് ‘ക്രിസ്റ്റി’; റിവ്യൂ
Christy Movie Review
Mail This Article
ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുണ്ടോ നിങ്ങൾ? തിരിച്ചുകിട്ടുമോ എന്നറിയാതെ, ഒന്നും പ്രതീക്ഷിക്കാതെ അനിശ്ചതമായി പ്രണയിച്ചിട്ടുണ്ടോ നിങ്ങൾ? അവളോ അവനോ നിങ്ങളെ തിരികെ സ്നേഹിക്കുമോ എന്നുപോലുമറിയാതെയൊരു പ്രണയം? നിസ്വാർഥമായൊരു പ്രണയം. ഉണ്ടെങ്കിൽ ‘ക്രിസ്റ്റി’യെന്ന സിനിമ നമുക്ക് പകർന്നുതരുന്നത് ആ പ്രണയത്തിന്റെ ദീർഘനിശ്വാസങ്ങളാണ്. ‘എനിക്കും നിനക്കുമിടയിൽ അലയൊടുങ്ങാത്തൊരു കടലുണ്ട്. അതിൽ പ്രണയത്തിന്റെ വേലിയേറ്റങ്ങളിൽ കരയറിയാതെ നീങ്ങുന്നൊരു പായ്ക്കപ്പൽ’..ഒരു പക്ഷേ റോയ് ക്രിസ്റ്റിയോട് പറയുന്നത് ഇതാവാം.
തിരുവനന്തപുരത്തിനടുത്ത് പൂവാറെന്ന തീരദേശ ഗ്രാമത്തിലിരിക്കുന്ന റോയ് എന്ന കൗമാരക്കാരൻ. അവന്റെ അയൽവാസിയായ ക്രിസ്റ്റിയെന്ന പെൺകുട്ടി. ക്രിസ്റ്റിയോട് റോയിക്കുതോന്നുന്ന പ്രണയത്തിന് ആദ്യാവസനാങ്ങളില്ല. ശരിതെറ്റുകളുമില്ല. പ്രണയത്താൽ ധീരനാക്കപ്പെട്ട ഏതൊരു കാമുകനെയുംപോലെ റോയ് ജീവിക്കുകയാണ്. കരയിൽകിടന്നു പിടയുന്നൊരു മീനിനെപ്പോലെ അവൻ പ്രണയത്തിൽപ്പെട്ട് പിടയുകയാണ്. കടൽ തിരയടിച്ചെത്തി ആ മീനിനെ തിരികെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുപോവുമെന്ന പ്രതീക്ഷയോടെ. ഏറെക്കാലത്തിനുശേഷമാണ് ലളിതസുന്ദരമായൊരു പ്രണയകഥ മലയാളത്തിന്റെ തിരശ്ശീലയിലെത്തുന്നത്.
മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം ആഘോഷിക്കപ്പെട്ട രണ്ട് സാഹിത്യകാരൻമാർ ഒരുമിച്ചൊരു തിരക്കഥ എഴുതുന്നുവെന്നതാണ് ‘ക്രിസ്റ്റി’യിലേക്ക് ആദ്യമായി പ്രേക്ഷകശ്രദ്ധ കൊണ്ടുവന്നത്. ഗാംഭീര്യമാർന്ന ആടുജീവിതം പോലുള്ള നോവലുകളെഴുതിയ ബെന്യാമിൻ ഒരുവശത്ത്. നാടൻചൂരും വാശിയുമുള്ള കഥകൾ കൊണ്ട് വായനക്കാരനെ ത്രില്ലടിപ്പിക്കുന്ന ജി.ആർ. ഇന്ദുഗോപൻ മറുവശത്ത്. ഇവർ ഒരുമിക്കുമ്പോൾ ഏതൊരാളും പ്രതീക്ഷിക്കുന്നത് സാഹിത്യത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്നൊരു സിനിമയായിരിക്കാം. എന്നാൽ ഏതൊരു സാധാരണ മനുഷ്യന്റെയും പ്രണയത്തെ അതീവലളിതമായി, ആത്മാർഥമായി കഥയിലേക്ക് ആവാഹിക്കുകയെന്ന മാന്ത്രികവിദ്യയാണ് ഇരുവരും ‘ക്രിസ്റ്റി’യിൽ സ്വീകരിക്കുന്നത്. റോയ്‌യുടെയും ക്രിസ്റ്റിയുടെയും പ്രണയവും വേദനയും പ്രണയനഷ്ടവുമൊക്കെ അനാവശ്യമായ ആലങ്കാരിതകളൊന്നുമില്ലാതെ സുന്ദരമായി പറയുന്നു.
‘മലേന’ പോലെയോ ‘രതിനിർവേദം’ പോലെയോ പ്രണയകാമനയുടെ അതിതീവ്രതകളിലേക്ക് കടക്കാത്ത സിനിമയാണ് ക്രിസ്റ്റി. പകരം ‘വിണ്ണൈത്താണ്ടി വരുവായാ’ പോലെ പ്രേക്ഷകനെ പ്രണയത്തിന്റെ കയറ്റിറക്കങ്ങളിലൂടെ ഒരു പഴയ ‘ബിഎസ്എ–എസ്എൽആർ’ സൈക്കിളിൽ കയറ്റിയിരുത്തി കൂടെക്കൊണ്ടുപോവുകയാണ്. നിഷ്കളങ്കമായൊരു പ്രണയമാണിത്.
പ്രണയത്തോടെയാണ് ആ കാഴ്ചകളിലേക്ക് ആനന്ദ്.സി.ചന്ദ്രന്റെ ക്യാമറ കണ്ണുതുറക്കുന്നത്. അത്രയും മനോഹരമായ ദൃശ്യങ്ങളാണ് ചിത്രത്തിന്റേത്. ഗോവിന്ദ് വസന്ത തന്റെ വയലിനിൽ ആ പ്രണയത്തിനൊരുക്കിയ പശ്ചാത്തലസംഗീതം ഉള്ളിലെ നീറ്റലായി മാറും. റോയിയായി മാത്യു തോമസും ക്രിസ്റ്റിയായി മാളവിക മോഹനനും കാണികളുടെ മനസ്സിൽ കയറിക്കൂടും. ജോയ് മാത്യുവും നീന കുറുപ്പും രാജേഷ് മാധവനുമൊക്കെ ശക്തമായ അഭിനയമുഹൂർത്തങ്ങളുമായി ചിത്രത്തിൽ നിറയുന്നുണ്ട്. നവാഗതനായ സംവിധായകനാണ് ഈ ചിത്രമൊരുക്കിയതെന്ന് ഒരിക്കലും അനുഭവപ്പെടില്ല. അത്രയും കയ്യടക്കത്തോടെ ആൽവിൻ ഹെൻറി സംവിധാനം നിർവഹിച്ചിട്ടുണ്ട്.
2007–08 കാലഘട്ടത്തിൽ പറഞ്ഞുതുടങ്ങുന്ന കഥയാണ് ക്രിസ്റ്റി. തന്റെ പ്രണയം തുറന്നുപറയണോ വേണ്ടയോ എന്നാലോചിച്ചു സംശയിച്ചുനിൽക്കുകയാണ് റോയ്. ഇഷ്ടപ്പെട്ടയാളെ വിളിക്കാൻ 20 രൂപയുടെ ടോപ്പപ്പ് കൂപ്പൺ വാങ്ങി ചുരണ്ടി റീചാർജ് ചെയ്യുന്ന റോയ്. പറഞ്ഞുതീരും മുൻപേ തീർന്നുപോവുന്ന ഫോൺ ബാലൻസ്. അവനെ ഇഷ്ടമാണെന്നോ ഇഷ്ടമല്ലെന്നോ ക്രിസ്റ്റി പറയുമോ?...തലോടിക്കടന്നുപോവുന്ന മഴയിലും കാറ്റിലും തിരയിലും ആ പ്രണയം തൊട്ടറിയാൻ ‘ക്രിസ്റ്റി’ക്കു ടിക്കറ്റെടുക്കാം.
English Summary: Christy is a Malayalam romantic- drama directed by debutant Albin Henry. The film stars Malavika Mohanan and Mathew Thomas in the lead roles.