ADVERTISEMENT

പണ്ട് സിനിമ കാണാൻ പോകുമ്പോൾ ടിക്കറ്റെടുക്കാത്തിരിക്കാൻ വല്ല്യേച്ചി ഒക്കത്തെടുത്തുവച്ച് കൊണ്ടുപോയിരുന്ന കുട്ടിയായിരുന്നു നിതിലൻ സാമിനാഥൻ. അൽപം വളർന്നപ്പോൾ നാട്ടിലെ അണ്ണന്മാരുടെ കൂടെ സഹായിയായി നടക്കുന്ന കുട്ടിപ്പയ്യനെ അവർ സിനിമ കാണാൻ കൊണ്ടുപോയി. പിന്നീട് ബ്ലാക്കിനു ടിക്കറ്റെടുത്തു വരെ സിനിമ കണ്ടു കണ്ടാണ് നിതിലന് സിനിമാക്കാരനാകണമെന്ന ആശയുണ്ടാകുന്നത്. ഒരുപാടു കഥകൾ കേട്ടും പറഞ്ഞും 2017ൽ ‘കുരങ്ങു ബൊമ്മയ്’ എന്ന സിനിമ സംവിധാനം ചെയ്തു. പല തലങ്ങളിൽ ചർച്ചയായ സിനിമയ്ക്ക് ശേഷം നിതിലനെ പിന്നെ കാണുന്നത് ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന 'മഹാരാജ' എന്ന വിജയ് സേതുപതി സിനിമയിലൂടെയാണ്. 

ഏഴു വർഷത്തെ ഇടവേളയും പുതിയ സിനിമയും എന്ന ചോദ്യം പോലും അസ്ഥാനത്താക്കിയാണ് പഴുതടച്ച തിരക്കഥയിൽ ഊന്നി നിതിലൻ സിനിമയുണ്ടാക്കിയിരിക്കുന്നത്. ആദ്യ സിനിമയുടെ റിലീസിനോട് അടുത്തുതന്നെ പുതിയ സിനിമയ്ക്കായി അഡ്വാൻസ് വാങ്ങിയിരുന്നു നിതിലൻ. പിന്നീട് വടപളനിയിലെ തെരുവുകളിലൂടെ കിറുക്കനെപ്പോലെ അലഞ്ഞു നടന്നു. പലപ്പോഴായി ശ്രദ്ധയിൽ പെട്ടതിനെയൊക്കെ കുറിച്ചെടുത്തു. ചിലതെല്ലാം മൊബൈൽ ഫോണിൽ ഫോട്ടോയായും വിഡിയോയായും പകർത്തി. തിരക്കഥയുടെ പന്ത്രണ്ടാം ഡ്രാഫ്റ്റ് സിനിമയാക്കി. അത് പ്രി-പ്രൊമോഷനുകളൊന്നും ഇല്ലാതെ വമ്പിച്ച വിജയമാകുന്നു. കൃത്യമായ തിരക്കഥയാണ് സിനിമയുടെ നട്ടെല്ല് എന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു. അതിനെ സിനിമയുടെ വെറും മാന്ത്രികതയെന്നു ചുരുക്കി കാണാനാകില്ല. 

സിനിമയ്ക്കു വേണ്ടി നടത്തിയ ത്യാഗങ്ങളും കഷ്ടപ്പാടുകളുമൊന്നും എണ്ണിപ്പറയാൻ ഈ സംവിധായകൻ തയാറല്ല. സിനിമ കമേഴ്സ്യൽ ആയിരിക്കണമെന്നും, കൂടുതൽ ആളുകൾ ചർച്ച ചെയ്യുമ്പോളാണ് സിനിമാക്കാർ വിജയിക്കുകയെന്നും മനസിലാക്കുന്ന നിതിലനെ മക്കൾസെൽവൻ വിജയ് സേതുപതിയുടെ ആരാധകരും നന്ദിയോടെ ഓർക്കുന്നുണ്ട്. വന്ന വഴികളിൽ അത്രയും പ്രതിഭ തെളിയിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പിലെ അപാകതകൾ കൊണ്ട് മങ്ങിയ താരമായിരുന്നു വിജയ് സേതുപതി. ‘മഹാരാജ’ പോലുള്ള സിനിമകളും അഭിനയസാധ്യതകളുമാണ് വിജയ് സേതുപതിയിൽ നിന്നും അഭ്യുദയകാംക്ഷികൾ പ്രതീക്ഷിക്കുന്നത്. വിജയ് സേതുപതിയുടെ നോട്ടവും തിങ്ങിയ കരച്ചിലും ഡബ്ബിങ്ങിൽ കൊടുക്കുന്ന ഡീറ്റെയ്‌ലിങും വിസ്മയമായിരുന്നു. കാമുകനായും നിസ്സഹായനായും കരുത്തനായും ഇടയ്‌ക്കൊക്കെ മതിഭ്രമം കാട്ടിയും വിജയ് സേതുപതി നിറഞ്ഞാടി. 

മുടിവെട്ടുകാരനാണ്‌ മഹാരാജ. അയാളാണ് കഥയുടെ ആരം. ജാതിയും ജോലിയും മനുഷ്യരുടെ പേരുകൾ പോലും നിശ്ചയിക്കുന്നിടത്ത്, വളരെ സ്വാഭാവികമായി മഹാരാജയെന്ന പേരുള്ള മുടിവെട്ടുകാരൻ മുൻപോട്ടുവയ്ക്കുന്ന രാഷ്ട്രീയവും സിനിമയിൽ സംസാരിക്കപ്പെടുന്നുണ്ട്. ‘ഇയാൾക്ക് എന്തുകൊണ്ട് ഇങ്ങനെയൊരു പേര്’ എന്ന് പ്രേക്ഷനെ ബോധപൂർവം ചിന്തിപ്പിക്കുന്നുമുണ്ട് സിനിമ. 

സിനിമയുടെ തുടക്കത്തിലെ അന്താക്ഷരി പോലെയാണ് സിനിമയുടെ ഒഴുക്ക്. ഈ സിനിമയുടെ കഥയും പരിസരവും പുതുപുത്തനല്ല. കാണുന്നവർ പൂരിപ്പിച്ചും ചിലയിടങ്ങളിൽ വെട്ടിത്തിരുത്തിയും മുന്നോട്ടു പോകാൻ തിരക്കഥ അനുവദിക്കുന്നുണ്ട്. ചിലയിടങ്ങളിൽ സിനിമ പല കാലങ്ങളിലേക്ക് വളഞ്ഞും തിരിഞ്ഞും ഒഴുകുന്നുണ്ട്. ചിലയിടത്ത് തട്ടി തടഞ്ഞു നിൽക്കുന്നുണ്ട്. ഇത്ര സരസമായി കാണിച്ചാൽ അതൊക്കെ പ്രേക്ഷകർക്ക് കൃത്യമായി മനസ്സിലാകുമോ എന്ന പേടി എവിടെയും ഉള്ളതായി തോന്നിയില്ല. സിനിമ കാണുന്നവരിലുള്ള വലിയ വിശ്വാസം കൂടിയായിരിക്കും നിതിലനെ ഈ തരം നിർമിതിക്ക് പ്രേരിപ്പിച്ചിരിക്കുക.

നിതിലൻ എന്ന സംവിധാകന്റെ  അതിബുദ്ധിയാണ് അനുരാഗിനെപ്പോലൊരു ‘നടന്’ ആ കഥാപാത്രത്തെ നൽകിയത്. അനുരാഗ് കശ്യപിന് കിട്ടിയ കഥാപാത്രം അയാളെപ്പോലും അമ്പരപ്പിച്ചിരിക്കാം. കാഴ്ചയ്ക്കിടയിൽ കഥ പൂരിപ്പിക്കുന്നവരെ വിസ്മയിപ്പിക്കാൻ ഇത്തരം കാസ്റ്റിങ്ങിനായി. നല്ലവിലാസം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിങ്കക്കുട്ടിയുടെ പ്രകടനം എടുത്തു പറയണം. സംവിധായകൻ കൂടിയായ സിങ്കക്കുട്ടി ചെയ്ത വേഷങ്ങളിൽ ഏറ്റവും മികച്ചത് നൽകാനും നിതിലനായി. വിജയ് സേതുപതിയുടെ മകളായി അഭിനയിച്ച സചന നമിദാസ് ഒതുക്കി ചെയ്ത അഭിനയം സിനിമയിലേക്ക് കാഴ്ചക്കാരെ അടുപ്പിച്ചു. ഭാരതിരാജയും അഭിരാമിയും പൊലീസുകാരനായ നടരാജും (നാട്ടി) ദിവ്യ ഭാരതിയുമെല്ലാം സിനിമയിൽ ഭംഗിയായി ഭാഗമായി.  

ചെറുപ്പകാലത്തു മനസ്സിലുള്ള കഥയാണ് മഹാരാജയുടേത് എന്ന് നിതിലൻ സാമിനാഥൻ പറയുന്നു. അഭിനേതാക്കളേക്കാളും തിരക്കഥയിലാണ് വിശ്വാസം ഉണ്ടായിരുന്നത് എന്ന് സംവിധായകൻ പറയുന്നത് ആത്മാർഥമായാണെന്നു സിനിമ കണ്ടവർ സാക്ഷ്യം പറയുന്നു. 

English Summary:

This director is not ready to count the sacrifices and hardships he has done for the film. Fans of Makkalselvan Vijay Sethupathi also remember Nithilan with gratitude as he understood that the film should be commercial and that filmmakers will succeed when more people discuss it.

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com