ADVERTISEMENT

‘ആക്‌ഷൻ ഹീറോ ആന്റണി വർഗീസ് െപപ്പെ’ എന്ന ടൈറ്റിൽ കാർഡിൽ തന്നെയുണ്ട് ‘കൊണ്ടൽ’ എന്ന സിനിമയുടെ ജാതകം. അടിയിലും ഇടിയിലും കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന് പ്രേക്ഷകനുള്ള മുന്നറിയിപ്പാണത്. മികച്ച ആക്‌ഷൻ രംഗങ്ങൾ നിറഞ്ഞ ഒരു സാധാരണ റിവെഞ്ച് സ്റ്റോറി എന്നതാണ് ‘കൊണ്ടൽ’ എന്ന സിനിമയുടെ ഒറ്റ വാചകത്തിലെ നിർവചനം. 

മത്സ്യത്തൊഴിലാളികളെയും അവരുടെ ജീവിതത്തെയും ജോലിയെയും ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥാതന്തു വികസിക്കുന്നത്. ആദ്യ കുറച്ചു മിനിറ്റുകൾക്ക് ശേഷം കഥ കരയിൽ നിന്ന് കടലിലേക്ക് കടക്കും. പിന്നീടുള്ള സംഭവങ്ങൾ മുഴുവൻ ഒരു ബോട്ടിലാണ് നടക്കുന്നത്. ക്ലൈമാക്സിൽ പോലും കര തൊടാതെ കടലാഴങ്ങളുടെ ഒാളത്തിലെന്ന പോലെ സിനിമ ആടിയുലഞ്ഞ് ഒടുവിൽ ശാന്തമാകും.

ആന്റണി വർഗീസ് അവതരിപ്പിക്കുന്ന മാനുവൽ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. തന്റെ കുടുംബത്തിനു വേണ്ടി മാനുവൽ നടത്തുന്ന പ്രതികാരത്തിന്റെ കഥയാണ് സിനിമ പറയുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണ് സിനിമയുടെ ആദ്യ പകുതി. അധികം പരിചിതമല്ലാത്ത കഥാപശ്ചാത്തലമാണ് ഇതിനു പ്രധാന കാരണം. ഒരു ഡാർക്ക് മൂഡ് സിനിമയാക്കാൻ പറ്റുന്ന കഥയായിരുന്നെങ്കിലും അതിനെ പരമാവധി കളർഫുൾ ആക്‌ഷനാക്കാനാണ് അണിയറക്കാർ ശ്രമിച്ചിരിക്കുന്നത്. 

പരിസര നിർമിതിക്കു മിനക്കെടാതെ ആദ്യ മിനിറ്റുകളിൽ തന്നെ കഥയുടെ പിരിമുറുക്കം കാഴ്ചക്കാരിലേക്ക് നേരിട്ടെത്തിക്കുകയാണ് സംവിധായകൻ ചെയ്തിരിക്കുന്നത്. ഇടയ്ക്കൊരിക്കൽ ഒന്നു ‘റിലാക്സ്’ ചെയ്യാൻ പോലും കഥാപാത്രങ്ങളെയോ പ്രേക്ഷകനെയോ സമ്മതിക്കില്ല. മികച്ച വിഎഫ്എക്സും ആക്‌ഷൻ രംഗങ്ങളും പശ്ചാത്തല സംഗീതവും ആദ്യ പകുതിയിൽ സിനിമയുടെ മാറ്റു കൂട്ടുന്നു. 

ആദ്യ പകുതിയിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല രണ്ടാം പകുതി. പഞ്ചുള്ള ആക്‌ഷൻ രംഗങ്ങളും സ്രാവ് ചൂണ്ടയിൽ കുരുങ്ങുന്ന സീനുകളുമൊക്കെ മികച്ചു നിൽക്കുന്നു. രാത്രിയിലെ വിഎഫ്എക്സ് രംഗങ്ങൾ ഉപയോഗിച്ച് പ്രേക്ഷകരുടെ കണ്ണിൽ പൊടിയിടുന്ന സ്ഥിരം ഏർപ്പാട് ഇൗ സിനിമയിൽ അധികമില്ല. സ്രാവിന്റെ രംഗങ്ങളും ക്ലൈമാക്സുമൊക്കെ പച്ച വെളിച്ചത്തിൽ തരക്കേടില്ലാത്ത വിഎഫ്എക്സിന്റെ അകമ്പടിയിൽ കാണുമ്പോഴുണ്ടാകുന്ന സംതൃപ്തി ഒന്നു വേറെ തന്നെ. ഇതൊക്കെയാണ‌െങ്കിലും ചില ഇമോഷനൽ രംഗങ്ങളും മറ്റും കുറച്ചു കൂടി ഭംഗിയാക്കാമായിരുന്നു താനും. 

ആന്റണി വർഗീസ് തന്റെ ‘ക്ഷുഭിത യൗവ്വന അടി ഇടി പയ്യൻ’ ഇമേജ് കാത്തു സൂക്ഷിക്കുന്ന പ്രകടനം കാഴ്ച വച്ചു. അടുത്ത കാലത്ത് നന്ദുവിന് ലഭിച്ച ഒരു മികച്ച കഥാപാത്രമായിരുന്നു ഇൗ സിനിമയിലെ സ്രാങ്ക്. വില്ലനായെത്തിയ ഷബീർ കല്ലറയ്ക്കലും മികവ് പുലർത്തി. രാജ് ബി ഷെട്ടി, ശരത് സബ, ഗൗതമി തുടങ്ങിയവർ മികച്ച പ്രകടനം നടത്തി. 

ആദ്യ സംവിധാന സംരംഭത്തിന്റെ പാളിച്ചകളേതുമില്ലാതെയാണ് അജിത് മാമ്പള്ളി ‘കൊണ്ടൽ’ ഒരുക്കിയിരിക്കുന്നത്. ഒരു ബോട്ടിന്റെ പരിമിതിക്കുള്ളിൽ നിന്ന് മികച്ചതും വ്യത്യസ്തമായതുമായ ഫ്രെയിമുകൾ ദീപക് ഡി. മേനോൻ ഒരുക്കി. സാം സി.എസ്സിന്റെ പശ്ചാത്തല സംഗീതം കുറച്ചൊന്നുമല്ല സിനിമയെ സഹായിച്ചിട്ടുള്ളത്. ശ്രീജിത്തിന്റെ എഡിറ്റിങ്ങും സിനിമയ്ക്കു യോജിച്ചതായി. 

ആക്‌ഷൻ ചിത്രങ്ങൾ ഇഷ്ടപെടുന്നവർ തിയറ്ററിൽ തന്നെ കാണേണ്ട സിനിമയാണ് ‘കൊണ്ടൽ’. ഉത്സവപ്രതീതിയുള്ള ഇൗ ഒാണക്കാലത്ത് ഒരു കളർഫുൾ റിവഞ്ച് ആക്‌ഷൻ ഡ്രാമ കാണാൻ താലപര്യപ്പെടുന്നവർക്ക് ധൈര്യമായി ‘കൊണ്ടൽ’ കാണാം. 

English Summary:

Kondal Malayalam Movie Review And Rating

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com