എണ്ണം പറഞ്ഞ ഫാന്റസി ത്രില്ലർ; ‘അജയന്റെ രണ്ടാം മോഷണം’ റിവ്യു
ARM Review
Mail This Article
കള്ളനാന്നോ പൊലീസാന്നോ ആദ്യം ഉണ്ടായേ? ആദ്യം കള്ളൻ, അവനെ പിടിക്കാൻ പൊലീസ്....സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കള്ളനും പൊലീസും കഥയല്ല ‘അജയന്റെ രണ്ടാം മോഷണം’. മുത്തശ്ശിക്കഥകളിലൂടെ കേട്ടറിഞ്ഞ മിത്തുകളുടെ മായാലോകമാണ് നവാഗതനായ ജിതിൻ ലാൽ തന്റെ ആദ്യ ചിത്രത്തിലൂടെ ഒരുക്കിവച്ചിരിക്കുന്നത്. സുജിത് നമ്പ്യാർ തന്റെ തൂലികയിലൂടെ സൃഷ്ടിച്ചെടുത്തി ചിയോതിക്കാവിലെ നിഗൂഢതകളും ആ നാട്ടിനു മാത്രമറിയാവുന്ന രഹസ്യങ്ങളും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തുമ്പോൾ വീരൻ കുഞ്ഞിക്കേളുവും കള്ളൻ മണിയനും മണിയന്റെ കൊച്ചുമകൻ അജയനുമായി ടൊവിനോ തോമസ് കരിയറിലെ തന്നെ ഗംഭീര പ്രകടനം കാഴ്ച്ചവയ്ക്കുന്നു.
ചീയോതിക്കാവിലെ മൂന്ന് തലമുറകളുടെ കഥയാണ് ‘അജയന്റെ രണ്ടാം മോഷണം’. ആകാശത്തുനിന്നും പൊട്ടിവീണ ഒരു നക്ഷത്രക്കല്ലും അതിൽ നിന്നുണ്ടാക്കിയ ഒരു ക്ഷേത്രവിളക്കുമാണ് ആ നാട്ടിലെ ഐതിഹ്യം. പ്രപഞ്ച ശക്തികളാൽ നിർമിക്കപ്പെട്ട വിളക്കനെ ദൈവത്തെപ്പോലെ തന്നെയാണ് അവിടുത്തുകാർ കാണുന്നതും. ആ വിളക്കിനു പിന്നിലെ നിഗൂഢതകളും രഹസ്യങ്ങളുമാണ് ഈ സിനിമ.
19ാം നൂറ്റാണ്ടിലെ ചരിത്രം പറഞ്ഞ് 90 കാലഘട്ടം വരെ എത്തി നിൽക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. കുഞ്ഞിക്കേളു എന്ന യോദ്ധാവ്, കള്ളൻ മണിയൻ, അജയൻ എന്നിവരാണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ. മൂന്നുപേരും മൂന്ന് തലമുറയിൽപ്പെട്ടവർ. കുഞ്ഞിക്കേളുവിൽത്തുടങ്ങി മണിയനിലേക്കും അജയനിലേക്കും മനോഹരമായി പോകുന്ന ഒരു രസച്ചരടിലാണ് കഥ കോർത്തിണക്കിയിരിക്കുന്നത്. അതിൽ ആദ്യത്തെ അധ്യായമാണ് ‘അജയന്റെ ഒന്നാം മോഷണം’. വർത്തമാനകാലത്തിൽ നടക്കുന്ന കഥയാണെങ്കിലും സംഭവബഹുലമായ മൂന്ന് ജീവിതാധ്യായങ്ങൾ നോൺ ലീനിയർ സ്വഭാവത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ചരിത്ര കഥകൾ മലയാളത്തില്‍ ആവർത്തിച്ചു വന്നുപോയിട്ടുണ്ടെങ്കിലും അഡ്വഞ്ചർ ഫാന്റസി ചിത്രങ്ങൾ കാണാക്കാഴ്ചയാണ്. അതിൽ കഥയുടെ കാര്യത്തിലാണെങ്കിലും മേക്കിങിലും എടുത്തുപറയാൻ പറ്റുന്നൊരു സിനിമയാണ് ‘അജയന്റെ രണ്ടാം മോഷണം.’ വർത്തമാനകാലത്തിനൊപ്പം സഞ്ചരിച്ച് ഐതിഹ്യങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന ചിത്രം ഇടയ്ക്കിടയ്ക്ക് ഒളിപ്പിച്ചു വയ്ക്കുന്ന ചില രഹസ്യങ്ങളുണ്ട്. അതാണ് ഈ ‘മോഷണ’ത്തെ വേറിട്ടുനിർത്തുന്നത്.
ഇടക്കൽ രാജാവിന്റെ മാനം കാത്ത വീരൻ കുഞ്ഞിക്കേളു, ചീയോതിക്കാവിന്റെ ഉറക്കം കെടുത്തുന്ന പെരുങ്കള്ളൻ മണിയൻ, കള്ളന്റെ കൊച്ചുമകനെന്ന വിളിപ്പേരിന്റെ ഭാരം ചുമന്നു നടക്കുന്ന അജയൻ. ഈ മൂന്നുപേർക്കും തുല്യമായ പ്രാധാന്യം കഥയിലുണ്ട്. അതിലൊരുപടി മുന്നിൽ നിൽക്കുക മണിയനാകും. നാടിനെ ജയിച്ച കള്ളൻ എന്നാണ് തന്റെ ഭർത്താവായ മണിയനെ ഭാര്യ മാണിക്യം വിശേഷിപ്പിക്കുന്നത്. അതെന്തുകൊണ്ടെന്നത് സസ്പെൻസ്. വല്ലാത്തൊരു എനർജിയിലാണ് ടൊവിനോ മണിയനെ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് കഥാപാത്രങ്ങൾക്കും അവരുടേതായ ഒരു ഷെയ്ഡ് നൽകുവാനും താരം ശ്രമിച്ചിട്ടുണ്ട്. കരിയറിലെ ഗംഭീര പ്രകടനമാണ് ഈ സിനിമയിൽ ടൊവിനോ കാഴ്ചവച്ചിരിക്കുന്നതെന്നു നിസംശയം പറയാം.
ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, കൃതി ഷെട്ടി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ഐശ്വര്യ ലക്ഷ്മി തുടക്കത്തിൽ മാത്രം വന്നുപോകുന്നു. അജയന്റെ കാമുകിയായ ലക്ഷ്മിയായി കൃതി ഷെട്ടി എത്തുന്നു. തന്റെ മലയാളത്തിലെ അരങ്ങേറ്റം കൃതി ഭംഗിയാക്കി. സുരഭി ലക്ഷ്മിയാണ് ഈ മൂന്ന് നായികമാരിലെ കരുത്തുറ്റ കഥാപാത്രമായ മാണിക്യമായത്. സുരഭിയും രണ്ട് ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ബേസിൽ ജോസഫ്, ബിജുക്കുട്ടൻ, ഹരീഷ് ഉത്തമൻ, നിസ്താർ സേട്ട്, രോഹിണി, ജഗദീഷ്, സുധീഷ്, സന്തോഷ് കീഴാറ്റൂർ, പ്രമോദ് ഷെട്ടി, അജു വർഗീസ്, സഞ്ജു ശിവറാം, പ്രമോദ് ഷെട്ടി, ശിവജിത്ത് പത്മനാഭൻ എന്നിവരാണ് മറ്റു താരങ്ങള്‍.
കാമ്പുള്ള കഥയും അതിനൊത്ത തിരക്കഥയുമാണ് സിനിമയുടെ നട്ടെല്ല്. കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. സുജിത്തിനെക്കുറിച്ച് പറഞ്ഞപ്പോൾ ടൊവിനോ എന്തുകൊണ്ട് വികാരഭരിതനായി എന്നത് ഈ സിനിമ കാണുമ്പോൾ പ്രേക്ഷകർക്കു മനസ്സിലാകും. സംഭാഷണങ്ങളിലും കയ്യടക്കവും കഥാപാത്രങ്ങളുടെ കെട്ടുറപ്പും സിനിമയുടെ ചാരുതയാണ്.
ഫാന്റസി ചിത്രത്തിനുവേണ്ട എല്ലാ ചേരുവകളും അടങ്ങിയ പശ്ചാത്തല സംഗീതമാണ് സിനിമയുടേത്. സംഗീത സംവിധായകനായ ദിബു നൈനാൻ തോമസിന് കയ്യടി നല്‍കിയേ തീരൂ. സംഘട്ടനസംവിധായകരായ വിക്രം മോർ, ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ് എന്നിവരുടെ ആക്‌ഷൻ സീക്വൻസുകളും മറ്റൊരു കരുത്താണ്. പ്രത്യേകിച്ചും കൊടുങ്കാറ്റിന്റെ വേഗതയിലുള്ള മണിയന്റെ വരവ്.
ഇതൊരു ദൃശ്യാനുഭവമാകുന്നതിൽ ജോമോൻ ടി. ജോണിന്റെ ക്യാമറയ്ക്കും വലിയൊരു പങ്കുണ്ട്. സിനിമയുടെ ഭൂരിഭാഗവും രാത്രികളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രത്യേകിച്ചും ക്ലൈമാക്സ് പോരാട്ടത്തിലെ ക്ലോസപ്പുകളും ക്യാമറ ചലനങ്ങളും എടുത്തു പറയണം. രണ്ടര മണിക്കൂർ ദൈർഘ്യത്തിൽ ഷമീര്‍ മുഹമ്മദിന്റെ ചടുലമാർന്ന എഡിറ്റിങും മികവു കൂട്ടുന്നു.
നവാഗതനായ ജിതിൻ ലാൽ ആണ് ‘കഥ’യിലെ യഥാർഥ നായകൻ. വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒരു സംവിധായകൻ മനസ്സിൽ കാണുന്നതുപോലുള്ള വിഷ്വലുകളാണ് സിനിമയിൽ പതിഞ്ഞിരിക്കുന്നത്. സിനിമയ്ക്കുള്ളിൽ വന്ന് സിനിമ പഠിക്കാൻ ശ്രമിച്ച ഒരാളെന്ന നിലയിൽ മലയാളത്തിലേക്ക് മറ്റൊരു മികവുറ്റ സംവിധായനെ കൂടി ഈ അജയന്റെ രണ്ടാം മോഷണത്തിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നു. മുത്തശ്ശി കഥയുടെ ലാളിത്യം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഒരു സിനിമാറ്റിക് അനുഭവം പകരാൻ ജിതിനു കഴിഞ്ഞു.
മുന്നൂറും നാനൂറും കോടി മുതൽമുടക്കുകളിൽ കന്നഡയിലും തമിഴിലും തെലുങ്കിലുമൊക്കെ സിനിമകൾ വരുമ്പോൾ മലയാള സിനിമയ്ക്ക് പ്രാപ്യമാകുന്ന തരത്തിൽ വിഎഫ്എക്സിലും മറ്റ് സാങ്കേതിക വശങ്ങളിലും ഒരു വിട്ടുവീഴ്ചയ്ക്കും അണിയറക്കാർ തയാറായിട്ടില്ല എന്നതും പ്രശംസനീയം. സുജിത്തിന്റെയും ജിതിന്റെയും സ്വപ്നങ്ങൾക്കൊപ്പം നിന്ന മാജിക് ഫ്രെയിംസിനും യുജിഎം പ്രൊഡക്‌ഷനും അഭിമാനിക്കാം. ത്രിഡിയിൽ ഈ സിനിമ ഒരു ദൃശ്യവിരുന്ന് തന്നെയാകും പ്രേക്ഷകനു സമ്മാനിക്കുക. മലയാളികൾക്കെല്ലാം അഭിമാനിക്കാൻ കഴിയാവുന്ന സാങ്കേതികത്തികവുള്ള എണ്ണം പറഞ്ഞ ഫാന്റസി അഡ്വഞ്ചർ ത്രില്ലറുകളിലൊന്നാണ് ‘അജയന്റെ രണ്ടാം മോഷണം’.