രഹസ്യലോകം കണ്ടു ‘കിളി’ പറക്കും ‘ഫ്രം’ സീരിസ്
Mail This Article
മധ്യ അമേരിക്കയിലെ ഒരു ചെറിയ ഗ്രാമം. അവിടെ എല്ലാ വൈകുന്നേരവും പൊലീസ് ഓഫിസർ ബോയിഡ് ഒരു മണിയുമായി ഇറങ്ങും. സന്ധ്യയ്ക്കു മുൻപ് ഗ്രാമത്തിലുള്ളവരെല്ലാം വീടിനുള്ളിൽ കയറിയിരിക്കണം. പിന്നെയും മുറ്റത്ത് കാണുന്നവരെ വഴക്ക് പറഞ്ഞായാലും ബോയിഡ് അകത്തു കയറ്റിയിരിക്കും. എന്താണ് സന്ധ്യ കഴിഞ്ഞു പുറത്തിറങ്ങിയാൽ? ആരാണ് ബോയിഡ്? ആ ഗ്രാമത്തിന് എന്താണ് സംഭവിച്ചത്?...‘ഫ്രം’ ടിവി സീരീസ് ബോയിഡിലൂടെയാണ് തുടങ്ങുന്നത്. സീരീസിലെ പ്രധാന കഥാപാത്രവും അദ്ദേഹം തന്നെ. ‘കിളി പാറുന്ന’ ഒരു സീരീസ് ആണ് കാണേണ്ടതെങ്കിൽ ഉറപ്പായും മിസ് ചെയ്യരുതാത്ത ഒന്നാണ് ‘ഫ്രം’.
സയന്‍സ് ഫിക്‌ഷന്‍, മിസ്റ്ററി ഗണത്തിൽ പെടുത്താവുന്ന ‘ഫ്രം’ ഒരു ലൂപ്പിലൂടെ സഞ്ചരിക്കുന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ്. എത്രയോ വർഷങ്ങളായി അവിടെ താമസിക്കുന്ന വിക്ടറിൽ തുടങ്ങി ഏറ്റവുമൊടുവിൽ അവിടെയെത്തിയ ബാക്തയുടെ ബസും അതിനുള്ളിലെ യാത്രികരും കൂടി അവിടെനിന്നു പുറത്തിറങ്ങാനാകാതെ കുടുങ്ങി ജീവിക്കുകയാണ്. വളരെ യാദൃച്ഛികമായി വഴി തെറ്റി ആ ഗ്രാമത്തിൽ വന്നുപെടുന്നവർക്ക് ഒരേ പോലെയുള്ള അനുഭവങ്ങളാണുണ്ടാകുന്നത്. റോഡിൽ വീണു കിടന്നു വഴി മുടക്കുന്ന മരം, ഉയരത്തിൽ വട്ടമിട്ടു പറക്കുന്ന കാക്കകൾ, ഒരു ലൂപ്പിൽ എന്ന പോലെ വീണ്ടും വീണ്ടും വന്നെത്തുന്ന അതേ കാഴ്ചകൾ. ഗ്രാമത്തെ ചുറ്റിയുള്ള കാടുകൾക്കുള്ളിൽനിന്നു സന്ധ്യ മയങ്ങിത്തുടങ്ങിയാൽ അപരിചിതരായ, വിചിത്രമായ ചിരിയുള്ള ഒരു കൂട്ടം മനുഷ്യർ പുറത്തേക്കിറങ്ങും. അവർ ഗ്രാമവാസികളോട് സൗഹൃദം സ്ഥാപിച്ച് വീടിനുള്ളിൽ കയറിപ്പറ്റാൻ ശ്രമിക്കും. ആരെങ്കിലും അവർക്ക് അകത്തു കയറാനുള്ള അവസരം നൽകിയാൽ പിന്നീട് അടുത്ത ദിവസം രാവിലെ ആതിഥേയർ കാണപ്പെടുക ആന്തരാവയവങ്ങൾ നഷ്ടപ്പെട്ടു രക്തത്താൽ മൂടിയ ശവശരീരങ്ങളായി ആവും.
ഗ്രാമത്തിൽ ഒരിക്കൽ എത്തിപ്പെട്ടാൽ പിന്നെ പുറത്തേക്കുള്ള വഴികൾ ഇല്ലാതാകും. കാലങ്ങളേറെയായി അവിടെ ജീവിക്കുന്ന ഒരുപാട് മനുഷ്യർ. അവരെയൊക്കെ നിയന്ത്രിക്കുന്ന പൊലീസുകാരനായ ബോയിഡും. അദ്ദേഹവും ഭാര്യയും മകനും വളരെ യാദൃച്ഛികമായി ഗ്രാമത്തിൽ ഒരിക്കൽ വന്നു പെട്ടതാണ്. വളരെ അപകടകരമായ ഒരു സാഹചര്യത്തിൽ ഭാര്യ മരണപ്പെട്ടെങ്കിലും ആ ഗ്രാമത്തിന്റെ വിചിത്രമായ രീതികൾ അനുസരിച്ച് ബോയിഡ് പലപ്പോഴും തന്റെ ഭാര്യയെ പല രഹസ്യങ്ങളും വെളിപ്പെടുത്താൻ വരുന്നതായി കാണുന്നുണ്ട്. താബിത, ജിം, ജേഡ്, ഡോണാ, ഫാത്തിമ, വിക്ടർ, കെന്നി, ക്രിസ്റ്റി, എതാൻ, എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളുണ്ട്. ഇതുവരെ രണ്ടു സീസൺ ഇറങ്ങിയ ഫ്രം മൂന്നാമതൊരു സീസണിനുള്ള അവസരം ബാക്കി നിർത്തിയാണ് അവസാനിച്ചിരിക്കുന്നത്.
ഗ്രാമത്തിനുള്ളിൽ കുടുങ്ങിപ്പോയ, എല്ലായ്പ്പോഴും ഭയത്തോടെ ജീവിക്കേണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യർ. അവർ പുറത്തിറങ്ങാനും സ്വന്തം വീടുകളിൽ എത്താനുമുള്ള വഴികൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിൽ അവർ ആ ഗ്രാമത്തെയും അതിനെ ചുറ്റുന്ന കാടിനേയും കുറിച്ച് കണ്ടെത്തുന്ന കുറെയേറെ രഹസ്യങ്ങളുണ്ട്. എന്തായിരിക്കാം ആ ഗ്രാമത്തിനു സംഭവിച്ചിട്ടുണ്ടാവുക? ആരുടെയെങ്കിലും ഗെയിമിന്റെ ഇരകളാണോ അവിടെ വന്നു പെടുന്ന മനുഷ്യർ? ആരാണ് ഇതിന്റെ പിന്നിൽ? എന്തിന്? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഓരോ സീസൺ അവസാനിക്കുമ്പോഴും കാഴ്ചക്കാർക്കുണ്ടാകുമെങ്കിലും രണ്ടാം സീസൺ അവസാനിക്കുമ്പോഴും അതിന്റെ ഉത്തരം കിട്ടുന്നില്ല. പക്ഷേ അപ്രതീക്ഷിതമായ, ഞെട്ടിക്കുന്ന ക്ലൈമാക്സോടെ പ്രതീക്ഷയുടെ ഒരു സൂചന നൽകിയാണ് ഇത്തവണ രണ്ടാം സീസൺ അവസാനിച്ചിരിക്കുന്നത്.
ഫ്രം സീസണുകൾ മുൻ നിർത്തി പല ഊഹാപോഹങ്ങളും തിയറികളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് പറയുമ്പോൾത്തന്നെ അത് കാഴ്ചക്കാരിൽ ഉണ്ടാക്കിയ സ്വാധീനം മനസ്സിലാകും. ഏറ്റവും രസകരമായ ഒരു തിയറി, ഒരു ദുർമന്ത്രവാദിനിയുടെ രഹസ്യമായ അജൻഡയാണ് ഈ ഗെയിം എന്നതാണ്. അതിനു നിരവധി തെളിവുകളും നിരത്തുന്നുണ്ട്. പ്രധാനമായും ചന്ദ്രനും സൂര്യനും നിരന്ന ടാരോട് കാർഡിന്റെ പശ്ചാത്തലം. പക്ഷെ ഇതൊന്നും ഔദ്യോഗികമായി പുറത്തു വിട്ട രഹസ്യങ്ങൾ അല്ലാത്തതു കൊണ്ട് തന്നെ ഊഹാപോഹങ്ങളായി കണക്കാക്കാം. എന്തു തന്നെയായാലും രഹസ്യങ്ങളുടെ ഒരു കടൽ തന്നെ ‘ഫ്രം’ എന്ന സീരീസിനെ ചുറ്റിപ്പറ്റിയുണ്ട്.
രാത്രികളിൽ കാടിനുള്ളിലെ ഗുഹയ്ക്കുള്ളിൽനിന്ന് ഉണർന്നെഴുന്നേറ്റ് വരുന്ന വിചിത്രമായ ചിരിയുള്ള മനുഷ്യരിൽനിന്നു രക്ഷ നേടുവാനായി വീടുകൾക്കുള്ളിൽ തൂക്കിയിടുന്ന രക്ഷാ കവചമായി താലിസ്മാൻ എങ്ങനെയാവും ആ കാടിനുള്ളിൽ എത്തിയിട്ടുണ്ടാവുക? സ്വാഭാവികമായും ആ നിഗൂഢത വഴിയുന്ന കാട്ടിൽനിന്ന് ആരെയൊക്കെയോ രക്ഷിക്കാനായി കാലങ്ങൾക്കു മുൻപേ ആരൊക്കെയോ ശ്രമിച്ചിരുന്നു എന്നതിന്റെ അടയാളമാകാം അത്. താലിസ്മാൻ തയാറാക്കുന്നത് പ്രത്യേകിച്ചും മന്ത്രവാദിയുടെ രഹസ്യ ചിഹ്നങ്ങളുടെ പശ്ചാത്തലത്തിലാണ്. അതുകൊണ്ട് ഉറപ്പായും ഇതിൽ ഒരു മന്ത്രവാദ പിന്നാമ്പുറ കഥ ഉണ്ടെന്നു പറയാം. പത്ത് എപ്പിസോഡ് വീതം രണ്ടു സീസണുകളിലായി ഇരുപത് അധ്യായങ്ങളിലാണ് കഥ വികസിക്കുന്നത്. ഗ്രാമത്തിൽ കഴിഞ്ഞ നാൽപതു വർഷങ്ങളായി ജീവിക്കുന്ന വിക്ടറിന് ഏറെ രഹസ്യങ്ങളറിയാം, അയാളാണ് താബിത്തയ്ക്ക് ഒടുവിൽ രഹസ്യങ്ങളുടെ പൊരുളറിയാനുള്ള വഴി തെളിക്കുന്നതും. പക്ഷേ വിക്ടറിന് സ്വന്തമായി മറ്റാരുമില്ല, അതുകൊണ്ടു തന്നെ ആ ലൂപ്പിൽനിന്ന് അയാൾക്ക് പുറത്തേക്കു പോകണമെന്നുമില്ല.
എപിക്സ്, എംജിഎം എന്നീ ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമിന് വേണ്ടി ജോൺ ഗ്രിഫിൻ തയാറാക്കിയ ‘ഫ്രം’ ഈ വർഷമിറങ്ങിയ മികച്ച ടിവി സീരീസുകളിൽ പെടുന്നു. മൂന്നാമതൊരു സീസണിലേക്ക് ബാക്കി വച്ച ഒരുപാട് രഹസ്യങ്ങൾ ഇനിയുമുണ്ട്. അതുകൊണ്ടു തന്നെ അതിനായുള്ള കാത്തിരിപ്പ് ഇപ്പോഴേ പ്രേക്ഷകർ തുടങ്ങിയിരിക്കുന്നു. എന്നാൽ അടുത്തൊരു സീസൺ ഇനിയുണ്ടാകുമോ എന്ന് ഇതുവരെ ബന്ധപ്പെട്ടവർ തുറന്നു പറഞ്ഞിട്ടുമില്ല. എന്തായാലും ഒരു സീരീസ് കണ്ടു കിളി പറക്കണമെന്നുണ്ടെങ്കിൽ ഉറപ്പായും ഫ്രം കാണാം. ‘ഒരു കിളി അല്ല, സർവ കിളികളും’ പറക്കുമെന്നുറപ്പ്. ഹാരോൾഡ് പെറിന്യൂ, കാതലീന സാൻഡിനോ, ഇയോൺ ബെയിലി, ഡേവിഡ് ആൾപെ, എലിസബത്ത് സൗൻഡസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.