ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ തനിക്കും കുടുംബത്തിനുമെതിരെ വരുന്ന വിദ്വേഷ പ്രചാരണങ്ങളിൽ പ്രതികരിച്ച് ബിഗ്ബോസ് മലയാളം സീസണ്‍ 5 വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍. ഭാര്യ ലക്ഷ്മിക്കും മക്കൾക്കുമൊപ്പം ഫെയ്സ്ബുക് ലൈവിൽ വന്നാണ് അഖിൽ മാരാർ പ്രതികരിച്ചത്. ‘കുടുംബം കലക്കികളോടു പറയാനുള്ളത്’ എന്നായിരുന്നു വിഡിയോയുടെ തലക്കെട്ട്. ഒരു യൂട്യൂബ് ചാനലിൽ വന്ന അഭിമുഖത്തിനു ശേഷം, താൻ ലക്ഷ്മിയെ അപമാനിച്ച് സംസാരിക്കുന്നു, അവളെ ഭരിക്കുന്നു എന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ടെന്നും എന്നാൽ താൻ എങ്ങനെയാണ് ഭാര്യയേയും മക്കളെയും സ്നേഹിക്കുന്നതെന്ന് അവർക്കറിയാമെന്നും മറ്റുള്ളവർ തന്റെ കുടുംബത്തിലെ കാര്യങ്ങളിൽ അഭിപ്രായം പറയാൻ വരേണ്ടെന്നും അഖിൽ മാരാർ പറയുന്നു.

‘‘ഞങ്ങൾ ഇവിടെ സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയുകയായിരുന്നു. അപ്പോഴാണ് ഞങ്ങൾ ഒരു ഇന്റർവ്യൂവിൽ പങ്കെടുത്തത്. മറ്റുള്ള കുടുംബങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്നത് കാണുമ്പോള്‍ ചൊറിച്ചില്‍ വരുന്ന ചിലര്‍ വന്ന് കമന്‍റ് ഇടുന്നു. ‘ലക്ഷ്മിക്ക് ഞാൻ ബഹുമാനം കൊടുക്കുന്നില്ല’ എന്നാണ് ഇവർ പറയുന്നത്. എന്നെ വെറുക്കുന്നവരും എന്റെ ഫാന്‍സും തമ്മില്‍ ഇതിന്‍റെ പേരില്‍ തല്ലാണ്. എന്‍റെ ഹേറ്റേഴ്സ് ഇപ്പോള്‍ എന്റെ ഭാര്യയുടെ ഫാന്‍സാണ്. ഇവരുടെ ഉദ്ദേശ്യം എന്തെങ്കിലും കാര്യം പറഞ്ഞ് ഈ കുടുംബത്തിലെ സന്തോഷവും സമാധാനവും നശിപ്പിക്കുക എന്നതാണ്. സ്വന്തം ജീവിതം തകർന്ന് മറ്റുള്ളവരുടെ ജീവിതം തകർക്കാൻ നടക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല. പോയി നീയൊക്കെ നിന്‍റെ ജീവിതത്തില്‍ ഉണ്ടാക്കാന്‍ നോക്കടാ എന്നാണ് ഇത്തരക്കാരോട് എനിക്ക് പറയാനുള്ളത്.

കാര്യമായ വിമര്‍ശനം ഉന്നയിച്ചാല്‍ അത് ഉള്‍കൊള്ളാനുള്ള ബോധം എനിക്കുണ്ട്. തിരുത്താനുള്ള കാര്യം ആണെങ്കില്‍ അത് സ്വീകരിക്കും. ഞാന്‍ എങ്ങനെയാണ് ഭാര്യയോടും മക്കളോടും പെരുമാറുന്നത് എന്ന് അവര്‍ക്ക് അറിയാം. ഞാൻ അവരെ, എടി, പോടീ, നീ എന്നൊക്കെ തന്നെയാണ് വിളിക്കുന്നത്. സ്നേഹമുള്ളയിടത്ത് പരസ്പരം കളിയാക്കലുകളും വഴക്കുകളുമൊക്കെ ഉണ്ടാകും. അതൊക്കെ ആസ്വദിച്ചാണ് ഓരോ കുടുംബവും മുന്നോട്ട് പോകുന്നത്. അല്ലാതെ എന്തെങ്കിലും പറഞ്ഞാല്‍ കളിയാക്കി പൊതുമധ്യത്തിൽ അപമാനിച്ചു എന്നൊക്കെ പറയുന്നത് ശരിയല്ല. ഒരു ചാറ്റ് ഷോ നടക്കുന്നു, അതില്‍ പരസ്പരം എന്തെങ്കിലുമൊക്കെ പറയും. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് കൂട്ടുകാരുമായിട്ടൊക്കെ അങ്ങനെയായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കും അങ്ങനെയൊക്കെയാണ് ജീവിതം. അല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുന്ന പൊളിറ്റിക്കല്‍ കറക്ടനസ് അല്ല ജീവിതം.

ലക്ഷ്മി സ്വതന്ത്ര ആകണമെന്നാണ് ഞാന്‍ പറയാറ്. അവളുടെ സ്റ്റൈലിലോ സൗന്ദര്യ കാര്യങ്ങളിലോ ഞാൻ ഇടപെടാറില്ല. അവൾക്ക് ഇഷ്ടമുള്ളതാണ് അവൾ ചെയ്യുന്നത്. അവൾക്ക് ഇഷ്ടമുള്ള ജീവിതമാണ് അവൾ ജീവിക്കുന്നത്. അവള്‍ക്ക് ഈ ജീവിതത്തിലാണ് താല്‍പര്യം. നിങ്ങൾക്ക് ഇഷ്ടമുള്ള ജീവിതം നിങ്ങളും ജീവിക്കൂ. നിങ്ങളുടെ സന്തോഷമാണ് ലോകത്തുള്ള എല്ലാവരുടെയും സന്തോഷം എന്ന് കരുതരുത്. ഓരോരുത്തരും ഓരോ സ്വഭാവമുള്ള വ്യക്തികളാണ്. ഞാന്‍ അവളെ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അവള്‍ കൂടെ നില്‍ക്കുമോ? അവളുടെ അമ്മ വക്കീലാണ്, ഞാൻ ടോക്സിക് ആയി അവളെ അടിച്ചമർത്തി വച്ചേക്കുവാണെങ്കിൽ അവർ നോക്കി നിൽക്കുമോ. അവളുടെ അമ്മ അവളുടെ അച്ഛന്റടുത്തു കാണിക്കുന്നത് കണ്ടാൽ എനിക്കു പോലും പേടി തോന്നും. അവരുടെ മരുമകന്‍ മകളോട് മോശമായി പെരുമാറിയാൽ അതിൽ നടപടി എടുക്കാൻ കഴിയുന്ന ശക്തയായ വനിതയാണ് അവളുടെ അമ്മ. അതുകൊണ്ട് അവൾക്ക് പരാതിപ്പെടണമെങ്കിൽ നിങ്ങളുടെ അടുത്ത് വരേണ്ട കാര്യമില്ല. അമ്മയോട് തന്നെ പറഞ്ഞാൽ മതി.

എനിക്ക് അറിയാവുന്ന പല കാര്യങ്ങളും അവൾക്ക് അറിയില്ല. എല്ലാ കാര്യങ്ങളും എല്ലാവർക്കും അറിയാം എന്ന് പറയാൻ പറ്റുമോ ? അതുകൊണ്ട് പല കാര്യങ്ങളിലും അവൾ അഭിപ്രായം പറയില്ല. ഞങ്ങൾ കാലങ്ങളായി ഇങ്ങനെ തന്നെ ജീവിക്കുന്നവരാണ്. ഇതൊക്കെ ഞങ്ങളുടെ അയൽപക്കക്കാരും സുഹൃത്തുക്കളുമൊക്കെ കാണുന്നതാണ്. അവർക്കൊന്നും തോന്നാത്ത കാര്യങ്ങൾ നിങ്ങൾക്ക് തോന്നുന്നതെന്താണ്. വല്ലാത്തൊരു തോന്നലാണ്, ആ തോന്നലും കൊണ്ട് വേറെ ഏതെങ്കിലും കുടുംബം കലക്കാൻ പോകൂ ഇങ്ങോട്ടു വരണ്ട.’’–അഖില്‍ പറയുന്നു.

അഖിൽ പറയുന്ന കാര്യങ്ങളെല്ലാം ലക്ഷ്മിയും ശരിവയ്ക്കുന്നുമുണ്ട്. തങ്ങൾ ഇങ്ങനെ തന്നെയാണ് ജീവിക്കുന്നതെന്നും അഖിൽ ഒരിക്കലും തനിക്ക് ഇഷ്ടമില്ലാത്തതൊന്നും പ്രവർത്തിക്കാറില്ലെന്നും ലക്ഷ്മി പറയുന്നു. ഈ ജീവിതം തന്നെയാണ് തനിക്കിഷ്ടമെന്നും ലക്ഷ്മി വ്യക്തമാക്കുന്നുണ്ട്. അഖിലും കുടുംബവും പരസ്പരം ഉമ്മ നല്‍കിയാണ് വിഡിയോ അവസാനിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com