എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്: ഓർമകളുമായി സൗഭാഗ്യ വെങ്കിടേഷ്
Mail This Article
അന്തരിച്ച താരമുത്തശ്ശി സുബ്ബലക്ഷ്മിയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ചെറുമകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. 30 വർഷമായി സ്നേഹവും ശക്തിയുമായ തന്റെ മുത്തശ്ശിയാണ് ഇപ്പോൾ വിട്ടുപോയിരിക്കുന്നതെന്ന് സൗഭാഗ്യ കുറിച്ചു. സുബ്ബലക്ഷ്മിയുടെ മകളും നടിയുമായ താര കല്യാണിന്റെ മകൾ ആണ് സൗഭാഗ്യ.
‘‘എനിക്ക് മുത്തശ്ശിയെ നഷ്ടമായി. എന്റെ ശക്തിയുടെയും സ്നേഹത്തിന്റെയും 30 വർഷമാണ് കടന്നുപോകുന്നത്. എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്. എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദി.’’ സൗഭാഗ്യ വെങ്കിടേഷ് കുറിച്ചു.
മലയാളികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന മുത്തശ്ശിയായ സുബ്ബലക്ഷ്മിയുടെ മകൾ താരാ കല്യാണിന്റെ മകൾ ആണ് സൗഭാഗ്യ വെങ്കിടേഷ്. മുത്തശിയുമൊത്തുള്ള ചിത്രം സൗഭാഗ്യ എപ്പോഴും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് സൗഭാഗ്യയ്ക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. മുത്തശ്ശി സുബ്ബലക്ഷ്മിയും താരാ കല്യാണും സൗഭാഗ്യവും അവരുടെ മകളും കൂടിയുള്ള നാല് തലമുറയുടെ പെൺകരുത്തിന്റെ ചിത്രങ്ങൾ ആരാധകർക്ക് ഏറെ ഇഷ്ടമാണ്.
താര കല്യാണും അമ്മയും മകളും നർത്തകികളായത് കൊണ്ടുതന്നെ മൂവരുമൊത്തുള്ള നൃത്തവിഡിയോകളും സൗഭാഗ്യ പങ്കുവയ്ക്കാറുണ്ട്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായ വാത്സല്യത്തിന് ഉറവിടമായ സുബ്ബലക്ഷ്മിയുടെ നഷ്ടം സൗഭാഗ്യയുടെ ജീവിതത്തിലെ തീരാനഷ്ടം തന്നെയാണ്.