അവസാന നിമിഷങ്ങളിലും ചിരികളിയുമായി സുബ്ബലക്ഷ്മി; വിഡിയോ പങ്കുവച്ച് സൗഭാഗ്യ
Mail This Article
മുത്തശ്ശി സുബ്ബലക്ഷ്മിയോടൊപ്പമുള്ള വിഡിയോ പങ്കുവച്ച് ചെറുമകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. എട്ടു മാസം മുതൽ പതിനഞ്ച് ദിവസം മുമ്പ് വരെയുള്ള സുബ്ബലക്ഷ്മിക്കൊപ്പമുള്ള നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോയാണ് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സുബ്ബലക്ഷ്മിയുടെ മകളും നടിയുമായ താര കല്യാണിന്റെ മകൾ ആണ് സൗഭാഗ്യ.
സൗഭാഗ്യയുടെ മകളെ കൊഞ്ചിക്കുന്ന സുബ്ബലക്ഷ്മിയെ വിഡിയോയിൽ കാണാം. ആരോഗ്യാവസ്ഥ മോശമായിരുന്ന അവസ്ഥയിലും കുഞ്ഞിനെ കളിപ്പിക്കാൻ ശ്രമിക്കുന്ന സുബ്ബലക്ഷ്മിയുടെ വിഡിയോ പ്രേക്ഷകരെ കണ്ണുനിറയിക്കും. ‘പകരംവയ്ക്കാനാകാത്തത്’ എന്നായിരുന്നു വിഡിയോയ്ക്കു നൽകിയ അടിക്കുറിപ്പ്.
മലയാളികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന മുത്തശ്ശിയായ സുബ്ബലക്ഷ്മിയുടെ മകൾ താരാ കല്യാണിന്റെ മകൾ ആണ് സൗഭാഗ്യ വെങ്കിടേഷ്. മുത്തശിയുമൊത്തുള്ള ചിത്രം സൗഭാഗ്യ എപ്പോഴും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് സൗഭാഗ്യയ്ക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. മുത്തശ്ശി സുബ്ബലക്ഷ്മിയും താരാ കല്യാണും സൗഭാഗ്യവും അവരുടെ മകളും കൂടിയുള്ള നാല് തലമുറയുടെ പെൺകരുത്തിന്റെ ചിത്രങ്ങൾ ആരാധകർക്ക് ഏറെ ഇഷ്ടമാണ്.
താര കല്യാണും അമ്മയും മകളും നർത്തകികളായത് കൊണ്ടുതന്നെ മൂവരുമൊത്തുള്ള നൃത്തവിഡിയോകളും സൗഭാഗ്യ പങ്കുവയ്ക്കാറുണ്ട്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായ വാത്സല്യത്തിന് ഉറവിടമായ സുബ്ബലക്ഷ്മിയുടെ നഷ്ടം സൗഭാഗ്യയുടെ ജീവിതത്തിലെ തീരാനഷ്ടം തന്നെയാണ്.