വിവാഹത്തിനു താരങ്ങളെ ആരെയും കണ്ടില്ലല്ലോ?; മറുപടിയുമായി ദിയ കൃഷ്ണ
Mail This Article
വിവാഹം ഒരു സ്വകാര്യ ചടങ്ങായി നടത്താനാണ് ആഗ്രഹിച്ചതെന്ന് അഹാനയുടെ സഹോദരിയും വ്ലോഗറുമായ ദിയ കൃഷ്ണ. എല്ലാ ചടങ്ങുകളും ആഗ്രഹിച്ച പോലെ നടന്നെന്നും അതിന്റെ സന്തോഷത്തിലാണെന്നും ദിയയും അശ്വിനും പറഞ്ഞു. വിവാഹത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു നവദമ്പതികൾ.
ദിയയുടെ വാക്കുകൾ: "ഞങ്ങൾ ഹാപ്പിയാണ്. ആ സന്തോഷത്തിലും ആവേശത്തിലുമാണ്. അതുകൊണ്ട് വാക്കുകൾ കിട്ടുന്നില്ല. എല്ലാം വളരെ പെട്ടെന്നായിരുന്നു. ചിന്തിക്കാൻ സമയം കിട്ടിയില്ല. രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. എന്റെ കൂടെ പഠിച്ച ആളല്ല. പക്ഷേ, എന്റെ ഗ്യാങ്ങിൽ അശ്വിൻ ഉണ്ടായിരുന്നു. അതുകൊണ്ട് മുൻപെ അറിയാം."
"പണ്ടു മുതലെ വിവാഹം ഒരു സ്വകാര്യ ചടങ്ങായി നടത്താനാണ് ആഗ്രഹിച്ചത്. എനിക്ക് ഇഷ്ടമുള്ളവരും എന്നെ ഇഷ്ടമുള്ളവരും മാത്രം വന്ന് അനുഗ്രഹിച്ച് പോകണം എന്നായിരുന്നു. അതുപോലെ തന്നെ നടന്നു. മനോഹരമായിരുന്നു എല്ലാ ചടങ്ങുകളും," ദിയ പറഞ്ഞു.
വിവാഹത്തിന് താരങ്ങളാരും എത്തിയില്ലല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രസകരമായ മറുപടിയും ദിയ നൽകി. "എന്റെ കുടുംബം മുഴുവൻ ആർടിസ്റ്റുകൾ അല്ലേ. അത്രയും പേർ പോരെ?"- ദിയ ചോദിച്ചു.
വിവാഹം ചെറിയ ചടങ്ങായി നടത്തിയാൽ അനാവശ്യ ധൂർത്ത് ഒഴിവാക്കാമെന്ന് ദിയയുടെ അച്ഛനും നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാർ പ്രതികരിച്ചു. "വരുന്നവരെ എല്ലാവരെയും അതനുസരിച്ച് സ്വീകരിക്കാൻ പറ്റും. ചെറിയ തോതിൽ നടത്തിയ ചടങ്ങ് ആയതിനാൽ ഭക്ഷണത്തിന്റെ അവിടെ ആയാലും കല്യാണത്തിന്റെ അവിടെ ആയാലും എല്ലാവരെയും പ്രത്യേകം ശ്രദ്ധിക്കാൻ കഴിഞ്ഞു. കോവിഡ് പഠിപ്പിച്ചതെന്താണ്? ചെറിയ തോതിലും വിവാഹം നടത്താൻ കഴിയും. അനാവശ്യ ധൂർത്ത് ഒഴിവാക്കാം," കൃഷ്ണകുമാർ വ്യക്തമാക്കി.
തിരുനെൽവേലി അംബാസമുദ്രം സ്വദേശിയാണ് അശ്വിൻ ഗണേഷ്. ബെംഗളൂരുവിൽ സോഫ്ട്വെയർ എൻജിനീയർ ആയി ജോലി ചെയ്യുകാണ്. തിരുവനന്തപുരത്തു വച്ചായിരുന്നു ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങ് നടന്നത്.