ADVERTISEMENT

കൊല്ലം സുധിയുടെ കുടുംബവുമായി ബന്ധപ്പെട്ട് ലക്ഷ്മി നക്ഷത്ര സമൂഹ മാധ്യമങ്ങളിലൂടെ ചെയ്യുന്ന സഹായങ്ങളിൽ പ്രതികരണവുമായി സാജു നവോദയ. ജനങ്ങളിലേക്ക് ചീത്ത കേൾക്കാൻ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ താൻ പറയു എന്നാണ് സാജു നവോദയ പറയുന്നത്. എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ എന്തെങ്കിലുമുണ്ടെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുക എന്നതായിരുന്നു സജു നവോദയയുടെ പ്രസ്താവന.

‘‘സുധി പോയി... ഇനി ആ കുഞ്ഞുങ്ങളുടെ കാര്യം രേണുവിന് നോക്കണം. ചേട്ടൻ പോയിയെന്നും പറഞ്ഞ് ഇരുന്നിട്ട് കാര്യമില്ലല്ലോ. കുറച്ച്‌ ബോള്‍ഡായി നില്‍ക്കുന്നതാകും എപ്പോഴും നല്ലത്. മക്കളില്‍ ഒരാള്‍ കൈകുഞ്ഞാണ്. അവനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വളർത്തി വലുതാക്കണമെങ്കില്‍ മൂലയ്ക്ക് ഒതുങ്ങി നിന്നിട്ട് കാര്യമില്ല. നമ്മള്‍ക്ക് ഉള്ള വിഷമത്തിന്റെ ഇരട്ടിയുടെ ഇരട്ടി രേണുവിന്റെ മനസിലുണ്ടാകും. പിന്നെ രേണുവിനെ കുറ്റം പറയാൻ വരുന്നവർ അവരുടെ ഭാഗം കൂടി ശരിയാണോ എന്നു നോക്കിയിട്ട് വേണം കമന്റുകള്‍ എഴുതി കൂട്ടിവയ്ക്കാൻ. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാൻ നല്ല രസമാണെന്ന് പറയാറില്ലേ... ഇതൊക്കെ അവനവന്റെ ജീവിതത്തില്‍ സംഭവിക്കുമ്പോഴെ മനസിലാകൂ.

മുമ്പ് സുധിയെ പറ്റി മോശമായി നിരവധി യുട്യൂബ് ചാനലുകള്‍ പലതും എഴുതിപിടിപ്പിച്ച്‌ വിട്ടിരുന്നു. സുധിയുടെ മരണശേഷം അതെല്ലാം മാറി ഞങ്ങളുടെ സുധി ചേട്ടൻ എന്ന രീതിക്ക് എഴുതി തുടങ്ങി. സുധി എന്താണ്, എങ്ങനെയാണ് എന്നത് ഞങ്ങള്‍ക്ക് അറിയാം. അഞ്ച് വർഷത്തോളം ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ആളാണ്. അന്നൊക്കെ എന്റെ വീട്ടിലായിരുന്നു സുധി കിടന്നിരുന്നത്. ആ ഫാമിലിയുമായി അത്രയും ബന്ധമുള്ളവരാണ് ഞങ്ങള്‍.

പിന്നെ ലക്ഷ്മി നക്ഷത്രയുടെ വിഷയത്തില്‍ സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവർത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തോന്നും. സുധിയുടെ കാര്യത്തിന് ഞാൻ, രാജേഷ് പറവൂർ തുടങ്ങിയവർ ഒന്നിച്ച്‌ പ്രവർത്തിച്ചിരുന്നു. പക്ഷെ ഞങ്ങള്‍ക്കാർക്കും സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ല.‍ ജനങ്ങളിലേക്ക് ചീത്ത കേള്‍ക്കാൻ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ അത് കിട്ടണമെന്ന് തന്നയേ ഞാൻ പറയൂ. ചെയ്തിട്ടുള്ളതുകൊണ്ടാണ് ആളുകള്‍ അങ്ങനെ പറയുന്നത്. അല്ലെങ്കില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ വീട്ടില്‍ കൊണ്ടുപോയി കൊടുക്കുക.

‘‘അയ്യോ ഞങ്ങള്‍ അറിയാതെ വേറൊരാള്‍ ഷൂട്ട് ചെയ്ത് ഇട്ടതാണെന്ന്’’ പറഞ്ഞാലും ഓക്കെയാണ്. അല്ലാതെ ഇവർ തന്നെ എല്ലാം ചെയ്തിട്ട് പിന്നെ. അത് ആര് ചെയ്താലും. അതുപോലെ തന്നെ മുമ്പ് സുധിക്കെതിരെ സൈബർ അറ്റാക്ക് നടന്ന സമയത്ത് സുധിക്ക് വേണ്ടി വിഡിയോ ഇടാൻ ആരും വന്നതായി ഞാൻ കണ്ടില്ല. പക്ഷേ ഇങ്ങനൊരു അവസ്ഥ വന്നപ്പോള്‍ അതൊക്കെ മാക്സിമം ഉപയോഗിക്കുകയാണെന്നാണ് എല്ലാവർക്കും ചിന്ത പോയത്. സാധാരണ ഒരു ബുദ്ധിയുള്ളവർക്ക് അങ്ങനെയാണ് തോന്നുക. അതിന് പബ്ലിക്കിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജെനുവിൻ ആയിരുന്നുവെങ്കില്‍ അത് രഹസ്യമായി ചെയ്യണമായിരുന്നു. 

എല്ലാം ഒരു ചിരിയിലൂടെ തള്ളിക്കളയുകയാണ് ഞാൻ. സുധിയെ കുറിച്ച്‌ പറയാനാണെങ്കില്‍ ഞങ്ങള്‍ എല്ലാവർക്കും കുറേ പറയാനുണ്ട്. പക്ഷേ അതൊക്കെ ഞങ്ങളില്‍ ഒതുങ്ങുന്ന കാര്യങ്ങളാണ്. പിന്നെ ലക്ഷ്മിക്ക് ശരിയെന്ന് തോന്നുന്നതാവും ലക്ഷ്മി ചെയ്തത്. അതിന് താഴെ വന്ന കമന്റുകള്‍, ആ കമന്റിട്ടവരുടെ ശരികളാണ്...’’–സാജു പറയുന്നു.

ഇതേ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഷിയാസ് കരീമും രംഗത്തു വന്നിരുന്നു. ‘‘ഓരോ ആളുകളും ഓരോ രീതിയാണ് എന്നെ ഞാൻ പറയൂ. നമ്മൾ എല്ലാവരും വ്യത്യസ്തരാണ് അപ്പോൾ രീതികളിലും മാറ്റം ഉണ്ടാകും. ലക്ഷ്മി പെർഫ്യൂം ചെയ്ത വിഡിയോ ഞാൻ കണ്ടിരുന്നു. അപ്പോൾ ആണ് പെർഫ്യൂം അങ്ങനെ ഒക്കെ ചെയ്യാൻ പറ്റും എന്ന് അറിയുന്നത് തന്നെ. ലക്ഷ്മി അത് എന്തിനാണ് യൂട്യൂബിൽ പങ്കിട്ടത് എന്ന് എനിക്ക് അറിയില്ല. ഞാൻ പഠിച്ച കിത്താബിൽ ആർക്കെങ്കിലും സഹായം ചെയ്‌താൽ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത്, എന്നാണ് ഞാൻ ചെയ്യുന്നത് ആരോടും പറയാറില്ല. പിന്നെ ഓരോരുത്തർക്കും ഓരോ രീതികൾ ആണല്ലോ.’’- ഷിയാസ് പറയുന്നു.

English Summary:

Lakshmi Nakshathra vs. Saju Navodaya? Actors Clash Over "Proper" Way to Help Kollam Sudhi's Family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com