‘അവളുടെ കുഞ്ഞു മുഖം കണ്ടതും വേദനയെല്ലാം മാഞ്ഞുപോയി’; കുഞ്ഞിന്റെ ജൻഡർ വെളിപ്പെടുത്തി മാളവിക കൃഷ്ണദാസ്
Mail This Article
ഒരു പെൺകുഞ്ഞിന്റെ അമ്മയായ വിവരം പങ്കുവച്ച് നർത്തകിയും നടിയുമായ മാളവിക കൃഷ്ണദാസ്. കഴിഞ്ഞ ദിവസമാണ് മാളവിക ഒരു കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ കുഞ്ഞിന്റെ ജൻഡർ സംബന്ധിച്ച വിവരം താരം പുറത്തുവിട്ടിരുന്നില്ല. ജനിച്ചത് പെൺകുഞ്ഞാണെന്ന വിവരം ഒരു മിനി വ്ലോഗിനൊപ്പം സ്വന്തം പേജിൽ മാളവിക പങ്കുവച്ചു.
‘ഞങ്ങളുടെ കുഞ്ഞുമാലാഖയുടെ മുഖം കണ്ടതും വേദനയെല്ലാം മാഞ്ഞുപോയി. ഈ സമയങ്ങളിലെല്ലാം ഭർത്താവ് എന്റെ തൊട്ടരികിലുണ്ടായിരുന്നു. തീർച്ചയായും, ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം,’ മാളവിക കുറിച്ചു. ഡെലിവറി ദിവസത്തെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ മിനി വ്ലോഗിനൊപ്പമായിരുന്നു മാളവികയുടെ കുറിപ്പ്.
മാളവികയ്ക്ക് ആശംസകളുമായി നിരവധി പേരെത്തി. ‘കുഞ്ഞു മാളു’ എന്നാണ് ആരാധകർ കുഞ്ഞതിഥിയെ അഭിസംബോധന ചെയ്തത്. കുഞ്ഞിനെ കുടുംബാംഗങ്ങൾ ഏറ്റുവാങ്ങുന്നതും ആദ്യമായി കാണുന്നതുമെല്ലാം കോർത്തിണക്കിയ വിഡിയോ ഹൃദയസ്പർശിയായിരുന്നുവെന്ന് ആരാധകർ പറയുന്നു.
മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നർത്തകിയും അഭിനേത്രിയുമാണ് മാളവിക കൃഷ്ണദാസ്. ജീവിതത്തിലെ വിശേഷങ്ങളെല്ലാം തന്നെ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് മാളവികയും ഭർത്താവ് തേജസ് ജ്യോതിയും. റിയാലിറ്റി ഷോയിലെ സഹതാരമായിരുന്നു തേജസ്. സൗഹൃദം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. നവംബർ മൂന്നിനാണ് താരദമ്പതികൾക്കു കുഞ്ഞ് പിറന്നത്.