ADVERTISEMENT

യൂട്യൂബ് വ്ലോഗിങ് നിർത്തുന്നുവെന്ന് അറിയിച്ച് നടി മഞ്ജു പത്രോസും സിമി സാബുവും. ബിസിനസിന്റെയും അഭിനയത്തിന്റെയും കാര്യത്തിൽ തിരക്കായി പോയതുകൊണ്ട് വ്ലോഗിങിനായി സമയം കിട്ടുന്നില്ലെന്നും പ്രത്യേകിച്ചൊരു ലാഭവും ഇതിൽ നിന്നുണ്ടായിട്ടില്ലെന്നും മഞ്ജുവും സിമിയും പറയുന്നു.

‘‘വ്ലോഗ് നിർത്താൻ ഞങ്ങൾക്ക് രണ്ടുമൂന്നു കാരണങ്ങൾ ഉണ്ട്. കൊറോണയുടെ സമയത്ത് വീട്ടിൽ വെറുതെ ഇരുന്നപ്പോൾ, ഞങ്ങളുടെ ഒരു സ്‌ട്രെസ് റിലീഫിനും മറ്റുമായി ഞങ്ങൾ തുടങ്ങിയ ഒരു സംഭവം ആണ് ഈ വ്ലോഗ്. അല്ലാതെ ഇതിൽ നിന്നും വരുമാനം വേണം ജീവിതോപാധി ആകണം എന്നൊന്നും എവിടെയും നമ്മൾ ചിന്തിച്ചിട്ടുപോലുമില്ല. അതുപോലെ തന്നെ ഞങ്ങൾക്ക് വലിയ വരുമാനം ഒന്നും കിട്ടിയതുമില്ല.

അങ്ങനെ മുൻപോട്ട് പോകുന്നതിന്റെ ഇടയിലാണ് ഒരു കാര്യം മനസിലാകുന്നത്. അതായത് ഈ വ്ലോഗും കാര്യങ്ങളും ഒക്കെ വളരെ സീരിയസ് ആയി, തൊഴിലായി കൊണ്ട് പോകുന്ന, ഒരുപാട് ആളുകൾ ഉണ്ട്. അത്തരക്കാരുടെ ഇടയിൽ ഞങ്ങൾക്ക് പിടിച്ചു നിൽക്കാൻ ആയില്ല എന്നതാണ് സത്യം. പിന്നെ നമ്മൾക്ക് തന്നെ ഒരു ചമ്മൽ തുടങ്ങി. അങ്ങനെ കോൺഫിഡൻസ് ഇല്ലാതെ ആയി. പിന്നെ പയ്യെപ്പയ്യെ അതങ്ങ് അങ്ങനെ നിർത്തി. പിന്നെ ഞങ്ങൾ രണ്ടാളും തിരക്കിലായി.

ഒരാൾ ബിസിനസിലേക്കും ഒരാൾ ഒന്ന് രണ്ടു പ്രോജക്ടിലേക്കും ഒക്കെ തിരിഞ്ഞതോടെ വ്ലോഗ് സീരിയസ് ആയി ചെയ്യാൻ സമയം തികയാതെ വന്നു. മാത്രമല്ല ഈ വ്ലോഗ് മുൻപോട്ട് കൊണ്ടു പോകണം എങ്കിൽ നല്ല ചെലവുണ്ട്. യാത്ര, താമസം, ഭക്ഷണം അതൊക്കെ പോക്കറ്റിൽ നിന്നും എടുത്താണ് ചെയ്തത്. അങ്ങനെ ഞങ്ങൾ കുറേക്കാലം നിർത്തി വച്ചതാണ്. ഞങ്ങൾ ഒരുമിച്ചു കണ്ടിട്ടും ഒരുപാട് നാളുകൾ ആയിരുന്നു. പല കാര്യങ്ങളാൽ തിരക്കായതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.

പരിചയക്കാർ വരെ ചോദിച്ചു, ഞങ്ങൾ തമ്മിൽ എന്തെങ്കിലും വിഷയങ്ങൾ ഉണ്ടോ എന്ന്. എന്നാൽ അതല്ല ഞങ്ങൾ ആ ഒരു അവസ്ഥയിലേക്ക് എത്തിയിട്ടില്ല. നമ്മൾ ഒരുമിച്ചൊരു സംരഭം തുടങ്ങി, അതായിരുന്നു ഈ യൂട്യൂബ് ചാനൽ. എന്നാൽ അവിടെയും ഒരു ക്ലാഷും ഞങ്ങൾക്കിടയിൽ ഉണ്ടായില്ല. പണം ഒക്കെ കൂടുതൽ വരുമ്പോൾ അല്ലെങ്കിൽ പങ്കിട്ട് ബിസിനസ്സ് തുടങ്ങുമ്പോൾ അവിടെ ഉണ്ടാകുന്ന വിഷയങ്ങളൊക്കെയാണ് എല്ലാ സൗഹൃദങ്ങൾക്ക് ഇടയിലും വിഷയം ആകുന്നത്. എന്നാൽ ഞങ്ങൾക്ക് പങ്കിടാൻ പണവും ഇല്ല, കൂട്ടു ബിസിനസും ഇല്ല. ഇനിയിപ്പോൾ അങ്ങനെ ഉണ്ടായാൽ തന്നെ തമ്മിൽ ഒരു അടി ഉണ്ടാകുമെന്ന് തോന്നുന്നില്ല. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഞങ്ങൾക്ക് ഇടയിലുള്ള സ്നേഹവും സൗഹൃദവും അങ്ങനെ തന്നെയുണ്ട്. പക്ഷേ, കാണാൻ മാത്രം സമയമില്ല. അല്ലാതെ ഞങ്ങൾ തമ്മിൽ അടിച്ചു പിരിഞ്ഞിട്ടില്ല.

വീട്ടിൽ ഇരുന്നപ്പോൾ പക്ഷേ, വീണ്ടും എന്തെങ്കിലും ചെയ്യണം എന്നൊരു തോന്നൽ. പിന്നെയും പലതും മനസിലേക്ക് എത്തി. അതുകൊണ്ടു തന്നെ വെബ് സീരീസ് ചെയ്യാൻ തീരുമാനിച്ചു. നിങ്ങളുടെ അഭിപ്രായം കൂടി അറിയണം, ‘ബാഹുബലി’യൊന്നും പ്രതീക്ഷിക്കരുത്. അതിന്റെ പിന്നാമ്പുറത്ത് നമ്മൾ മാത്രമാകുമെന്നും പറയട്ടെ. പിന്നെ ഏതെങ്കിലും കാരണം കൊണ്ട് വെബ് സീരീസ് വിജയമായില്ലെങ്കിൽ നമ്മൾ ഉറപ്പായും വ്ലോഗിലേക്കു തിരിയും,’’ മഞ്ജുവും സിമിയും പറയുന്നു.

ആത്മാർഥ സുഹൃത്തുക്കൾ ആണ് മഞ്ജു പത്രോസും സിമി സാബുവും. ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെ സഹമത്സരാർഥികളായി എത്തി ഇപ്പോൾ വേർപിരിയാൻ കഴിയാത്ത സുഹൃത്തുക്കളായി മാറിയവരാണ് ഇരുവരും. 

English Summary:

Actresses Manju Pathrose and Simi Sabu have announced that they are quitting YouTube vlogging.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com