‘വേഗം ഷൂട്ട് തീർത്ത് യാത്രയാക്കി, മുറിയിൽ പോയി വിശ്രമിക്കാൻ പറഞ്ഞു, പക്ഷേ...’; ദിലീപ് ശങ്കറിന്റെ സംവിധായകൻ പറയുന്നു
Mail This Article
നടൻ ദീലീപ് ശങ്കർ സീരിയലിന്റെ സെറ്റിൽ അവസാനമായി എത്തിയ ദിവസം ഓർത്തെടുത്ത് സംവിധായകൻ മനോജ്. ശാരീരികമായി അത്ര സുഖമില്ലാത്ത അവസ്ഥയിലായിരുന്നു. അതിനാൽ, ഷൂട്ട് വേഗം തീർത്തു വിടുകയായിരുന്നു. മുറിയിൽ പോയി നന്നായി വിശ്രമിക്കൂ എന്നു പറഞ്ഞു യാത്രയാക്കിയ സഹപ്രവർത്തകന്റെ വേർപാട് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് സംവിധായകൻ മനോജ് പറയുന്നു.
മനോജിന്റെ വാക്കുകൾ: "അഞ്ചു ദിവസമായി ഞങ്ങളുടെ വർക്കുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അദ്ദേഹം ഉണ്ടായിരുന്നു. എറണാകുളത്താണ് വീട്. രണ്ടു ദിവസം മുൻപാണ് സെറ്റിൽ വന്നു വർക്ക് ചെയ്തത്. കഴിഞ്ഞ രണ്ടു ദിവസം വർക്ക് ഇല്ലായിരുന്നു. ഈ ഹോട്ടലിൽ തന്നെയുണ്ടായിരുന്നു അദ്ദേഹം. രണ്ടു ദിവസമായി ഞങ്ങളുടെ ആളുകൾ പുള്ളിയെ വിളിക്കുന്നുണ്ട്. ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. ഫോൺ എടുക്കാത്ത പ്രകൃതമുണ്ട് പുള്ളിക്ക്. സെറ്റിൽ നിന്ന് നേരിട്ടു വന്ന് വിളിച്ചു കൊണ്ടു പോവുകയാണ് പതിവ്. കഴിഞ്ഞ രണ്ടു ദിവസവും വർക്ക് ഇല്ലാതിരുന്നതുകൊണ്ട് ഫോണിൽ മാത്രമെ ബന്ധപ്പെട്ടിരുന്നുള്ളൂ. ഞായറാഴ്ചയും വർക്ക് ഇല്ല. പക്ഷേ, പുള്ളി ഫോൺ എടുക്കാത്തതുകൊണ്ട് നേരിൽ കണ്ടു സംസാരിക്കാൻ വന്നതാണ്. അപ്പോൾ മുറിയിൽ നിന്ന് ദുർഗന്ധം വരുന്നതു പോലെ അനുഭവപ്പെട്ടു. അങ്ങനെ പൊലീസിൽ അറിയിക്കുകയായിരുന്നു."
"ദിലീപ് ശങ്കറിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി എനിക്ക് അറിയാം. കൃത്യമായി എന്താണെന്ന് അറിയില്ല. കരൾ സംബന്ധമായി എന്തോ പ്രശ്നമാണ്. അതിന്റെ ചികിത്സയിലായിരുന്നു. പക്ഷേ, അദ്ദേഹം അത് അത്ര ഗൗരവമായി കണ്ടിരുന്നില്ല. കാണുമ്പോഴൊക്കെ ഞങ്ങൾ പറയാറുണ്ട്. സെറ്റിൽ വരുമ്പോൾ മരുന്ന് കഴിക്കുന്നത് കാണാറുണ്ട്. കഴിക്കാതെ ഇരിക്കുമ്പോൾ അതിന്റേതായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതും കണ്ടിട്ടുണ്ട്. അതുകൊണ്ട്, മുടങ്ങാതെ മരുന്നു കഴിക്കാൻ ഞങ്ങൾ എപ്പോഴും ഓർമപ്പെടുത്തും," മനോജ് പറയുന്നു.
"മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. ലൊക്കേഷനിൽ വന്നു വർക്ക് ചെയ്തു പോയതിനു ശേഷമായിരിക്കാം ഇതു സംഭവിച്ചത്. സീരിയലിന്റെ പ്രൊഡക്ഷനിൽ നിന്നാണ് ഹോട്ടലിൽ മുറിയെടുത്തു നൽകിയത്. അഞ്ചു ദിവസം മുൻപാണ് മുറിയെടുത്തത്. ക്രിസ്മസ് സമയത്തൊക്കെ വർക്ക് ഉണ്ടായിരുന്നു. 27നാണ് അവസാനം കണ്ടത്. അന്നും ശാരീരികമായി സുഖമില്ലാത്ത അവസ്ഥയിലായിരുന്നു. അദ്ദേഹത്തിന്റെ ഭാഗം വേഗം പൂർത്തീകരിച്ചു വിടുകയായിരുന്നു. പോയി വിശ്രമിക്കൂ എന്നു പറഞ്ഞാണ് അദ്ദേഹത്തെ സെറ്റിൽ നിന്ന് യാത്രയാക്കിയത്," മനോജ് വിങ്ങലോടെ ഓർത്തെടുത്തു.
ഞായറാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണു നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം വരുന്നതു കണ്ട് സംശയം തോന്നിയതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് ദിലീപ് ശങ്കർ. ഇപ്പോൾ ടെലിവിഷനിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലുകളിൽ പ്രധാന കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുന്നുണ്ട്. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത റോസസ് ഇൻ ഡിസംബർ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശങ്കർ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. റിലീസിനൊരുങ്ങുന്ന ബേസിൽ ജോസഫ് ചിത്രം പ്രാവിൻകൂട് ഷാപ്പിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.