‘5 ദിവസം മുൻപ് വിളിച്ചതല്ലേ?’ ദിലീപ് ശങ്കറിന്റെ മരണത്തിൽ പോസ്റ്റ്; സീമ ജി.നായരെ വിമർശിച്ച് കമന്റ്
Mail This Article
സിനിമാ സീരിയൽ താരം ദിലീപ് ശങ്കറിന്റെ അപ്രതീക്ഷിത വേർപാടിന്റെ നടുക്കം പങ്കുവച്ച് സീമ ജി.നായർ. അഞ്ചു ദിവസം മുൻപ് വിളിച്ചെങ്കിലും സംസാരിക്കാൻ കഴിയാതെ പോയതിന്റെ സങ്കടം താരം പങ്കുവച്ചു. സമൂഹമാധ്യമപേജിലൂടെയാണ് വികാരഭരിതമായ കുറിപ്പ് സീമ ജി.നായർ പങ്കുവച്ചത്.
സീമ ജി.നായരുടെ വാക്കുകൾ: "ആദരാഞ്ജലികൾ! 5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ .. അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാൻ പറ്റിയില്ല .. ഇപ്പോൾ ഒരു പത്രപ്രവർത്തകൻ വിളിച്ചപ്പോളാണ് വിവരം അറിയുന്നത് .. എന്താണ് ദിലീപ് നിനക്ക് പറ്റിയത് .. ഒന്നും പറ്റുന്നില്ലല്ലോ ഈശ്വര... എന്ത് എഴുതണമെന്നു അറിയില്ല...ആദരാഞ്ജലികൾ."
നിരവധി പേർ സീമയുടെ പോസ്റ്റിനു താഴെ ദിലീപ് ശങ്കറിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കമന്റ് ചെയ്തു. എന്നാൽ, ദിലീപ് വിളിച്ചപ്പോൾ ഫോണെടുക്കാതെ ഇരുന്നിട്ട് തിരിച്ചു വിളിക്കാതെ ഇത്തരത്തിൽ പോസ്റ്റ് ഇട്ടത് ശരിയായില്ലെന്നായിരുന്നു ഒരാളുടെ കമന്റ്. ‘വിളിച്ചപ്പോൾ സംസാരിക്കാൻ തയാറായില്ല. ദിവസങ്ങൾക്ക് ശേഷവും തിരിച്ച് വിളിച്ചില്ല. ഇപ്പോൾ മരിച്ച ശേഷം ഇതെന്ത് പ്രഹസനമാണ് സീമേച്ചീ,’ എന്നായിരുന്നു ആ വ്യക്തിയുടെ പ്രതികരണം.
ഉടനെ താരം അതിനു മറുപടിയും കുറിച്ചു. "നിങ്ങളോടു ഇതിന്റെ വിശദീകരണം തരേണ്ട കാര്യം ഇല്ല ..പലർക്കും പല പ്രശ്നങ്ങളും ഉണ്ടാകും ...എനിക്കും പല പ്രശ്നങ്ങൾ ഉണ്ടായിക്കാണും ..അത് പ്രഹസനം അല്ല ..അതിനു കാരണങ്ങൾ ഉണ്ടാകും," എന്നായിരുന്നു താരത്തിന്റെ മറുപടി.
ഞായറാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണു നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രിസ്മസിനു മുൻപ് ഷൂട്ടിങ്ങിനായാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തതെന്നാണ് വിവരം. രണ്ടു ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ല.
ഞായറാഴ്ച സീരിയലിന്റെ സെറ്റിൽ നിന്ന് താരത്തെ അന്വേഷിച്ച് ഹോട്ടലിൽ എത്തിയപ്പോഴാണ് ഹോട്ടൽ അധികൃതരും ഇക്കാര്യം ശ്രദ്ധിക്കുന്നത്. മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.
എറണാകുളത്താണു ദിലീപ് ശങ്കറിന്റെ വീട്. സീരിയൽ ഷൂട്ടിങ്ങിനായാണ് തിരുവനന്തപുരത്ത് എത്തിയത്. ഷൂട്ടിങ്ങിനു രണ്ടു ദിവസം ഇടവേള ഉണ്ടായിരുന്നുവെന്നും തങ്ങളിൽ പലരും വിളിച്ചിട്ടും ദിലീപ് ശങ്കർ ഫോണെടുത്തിരുന്നില്ലെന്നും സീരിയൽ സംവിധായകൻ മനോജ് പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങൾ ദിലീപിനുണ്ടായിരുന്നുവെന്നാണ് വിവരം.