ADVERTISEMENT

നടൻ ആസിഫ് അലിയെ സംഗീത സംവിധായകൻ രമേശ്‌ നാരായണൻ പരസ്യമായി അപമാനിച്ചെന്ന വിവാദത്തോട് പ്രതികരിച്ച്  രമേശ്‌ നാരായണൻ. ആസിഫ് അലിയുടെ കയ്യിൽ നിന്ന് താൻ സന്തോഷമായിട്ടാണ് പുരസ്‌കാരം വാങ്ങിയതെന്നും അതു ജയരാജ് കൂടി തനിക്ക് തരണമെന്ന ആഗ്രഹത്തിലാണ് അദ്ദേഹത്തിൽ നിന്നുകൂടി സ്വീകരിച്ചതെന്നും രമേശ് നാരായണൻ വ്യക്തമാക്കി. പ്രചരിക്കുന്ന വിഡിയോ കണ്ടിട്ട് ആളുകൾ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും ആരോടും വിവേചനപരമായി പെരുമാറുന്ന ആളല്ല താനെന്നും രമേശ് നാരായണൻ മനോരമ ഓൺലൈനോടു പറഞ്ഞു.   

രമേശ് നാരായണന്റെ വാക്കുകളിലേക്ക്:  

"ആസിഫ് അലിയുടെ കയ്യിൽ നിന്ന് ഉപഹാരം വാങ്ങാൻ ഞാൻ വിസമ്മതിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത ശരിയല്ല.  ഇത് വിഡിയോ കണ്ട തെറ്റിദ്ധാരണ മൂലം ആളുകൾ പറയുന്നതാണ്.  ഞാൻ എന്റെ ജീവിതത്തിൽ ആരോടും വിവേചനം കാണിക്കുന്ന ആളല്ല, അങ്ങനെ ചെയ്തിട്ടുമില്ല. ഇന്നലെ അവിടെ ഉണ്ടായ സംഭവം ശരിക്കും സംഭവം അതല്ല.

ഞാൻ ഏറെ ആരാധിക്കുന്ന വ്യക്തിയാണ് എം ടി വാസുദേവൻ സാർ.  അദ്ദേഹത്തിന് വേണ്ടിയാണ് ഞാൻ നാഷണൽ ലെവലിൽ ആദ്യമായി പാട്ട് ചെയ്തത്.  1996 ൽ അദ്ദേഹം സംവിധാനം ചെയ്ത ഒരു സിനിമ ആയിരുന്നു അത്.  അന്ന് മുതലുള്ള ബന്ധമാണ്.  എം.ടി സാറിന്റെ കഥകളുടെ ആന്തോളജി മനോരഥങ്ങൾ എന്ന പേരിൽ സിനിമയാകുന്നുണ്ട്.  അതിൽ സംവിധായകൻ ജയരാജ് ചെയ്ത സിനിമയ്ക്ക് വേണ്ടി സംഗീത സംവിധാനം ചെയ്തത് ഞാൻ ആണ്.  ഇന്നലെ സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ ഞാൻ ഉൾപ്പെടുന്ന സിനിമയുടെ അണിയറപ്രവർത്തകരെയെല്ലാം സ്റ്റേജിൽ വിളിച്ചു ആ സമയത്ത് അവർ എന്നെ വിട്ടുപോയി.  ഞാൻ സദസിൽ ഇരിക്കുന്നുണ്ട്.  എന്നെ വിളിച്ചില്ലല്ലോ എന്ന് എന്റെ മനസ്സിൽ തോന്നി, പിന്നെ കരുതി സാരമില്ല പോട്ടെ.  എനിക്ക് പെട്ടെന്ന് തിരുവനന്തപുരത്തേക്ക് തിരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നു.  എം ടി സാറിന്റെ മകൾ അശ്വതിയോട് യാത്ര പറയുന്ന വേളയിൽ ഞാൻ പറഞ്ഞു ഞാനുംകൂടി ജയരാജ് ജിയുടെ പടത്തിൽ വർക്ക് ചെയ്തിരുന്നു എന്നെ സ്റ്റേജിലേക്ക് വിളിച്ചില്ല.  അപ്പോൾ അശ്വതി ചോദിച്ചു "അയ്യോ സാറിനെ വിളിച്ചില്ലേ, വരൂ സാർ".  ഞാൻ പറഞ്ഞു അയ്യോ എനിക്കിനി സ്റ്റേജിലേക്ക് കയറാൻ വയ്യ കാലിന് സുഖമില്ലാതെ ഇരിക്കുകയാണ്.  ഇത് കേട്ടുകൊണ്ട് നിന്ന ആസിഫ് അലി ഓടിപോയി ഒരു മെമെന്റോ എടുത്തുകൊണ്ടു വന്ന് എനിക്ക് തന്നു.  ഞാൻ അത് സന്തോഷത്തോടെ സ്വീകരിച്ചു.  ഞാൻ ചെയ്ത സിനിമയുടെ സംവിധായകൻ ആയ ജയരാജ് ജിയുടെ കയ്യിൽ നിന്നുകൂടി അത് വാങ്ങണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.  ഞാൻ ജയരാജ്ജിയെ വിളിച്ചു.  അദ്ദേഹം വന്ന് എനിക്ക് മെമെന്റോ തന്നു.  ജയരാജ് ജി വന്നപ്പോൾ ആസിഫ് അവിടെ നിന്ന് പോയി സദസിൽ ഇരുന്നു.  ഇതാണ് നടന്ന സംഭവം.  ആസിഫ് അലിയുടെ കയ്യിൽ നിന്ന് ഞാൻ മെമെന്റോ സന്തോഷത്തോടെയാണ് വാങ്ങിയത്, ജയരാജ് ജി കൂടി എനിക്ക് അത് തരണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു അതുകൊണ്ടാണ് അദ്ദേഹത്തെ വിളിച്ചത്.  ഈ വീഡിയോ കണ്ട ജനങ്ങൾ തെറ്റിദ്ധരിച്ച് തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണ്. എനിക്ക് ആസിഫ് അലിയെ ഇഷ്ടമാണ്, അദ്ദേഹത്തെ നിരസിക്കുന്ന ഒരു പ്രവർത്തിയും ഞാൻ ചെയ്തിട്ടില്ല.  ഇക്കാര്യത്തിൽ എന്തെങ്കിലും തരത്തിൽ ആസിഫിന് എന്നോട് വിഷമം തോന്നിയിട്ടുണ്ടെങ്കിൽ ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു. ഒരിക്കലും ആസിഫിനെ അവഗണിക്കണമെന്നോ നിരസിക്കണമെന്നോ കരുതി ഞാൻ ഒന്നും ചെയ്തിട്ടില്ല. നല്ല ഉദ്ദേശത്തോടെ ചെയ്ത ഒരു കാര്യത്തെ തെറ്റിദ്ധരിച്ച് അബദ്ധധാരണകൾ പരത്തരുതെന്നു ഞാൻ അപേക്ഷിക്കുന്നു."

English Summary:

Truth behind Ramesh Narayan and Asif Ali controversy; Ramesh Narayan discloses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com