പുത്തൻ പാട്ടുമായി ജോർജ് പീറ്റർ; ആഗോള താപനവും ജലക്ഷാമവും പ്രമേയമാക്കി ‘വാട്ടർ’
Mail This Article
റോക്ക് സംഗീതശാഖയിലെ ശ്രദ്ധേയ സാന്നിധ്യമായ ജോർജ് പീറ്റർ ഒരുക്കിയ ‘വാട്ടർ’ സംഗീത ആൽബം ആസ്വാദകമനസ്സുകൾ കീഴടക്കുന്നു. ആഗോള താപനവും ജലക്ഷാമവുമാണ് പാട്ടിന്റെ പ്രമേയം. വേറിട്ട ദൃശ്യ ചാരുത നൽകുന്ന ആൽബം ജോവാന്‍ ജോണ്‍ സംവിധാനം ചെയ്തിരിക്കുന്നു. യുഎഇയിലെ സംരംഭകനായ അലക്‌സ് ജോര്‍ജ് ആണ് ആൽബത്തിന്റെ നിർമാണം.
റാസൽഖൈമയില്‍ ചിത്രീകരിച്ച വാട്ടറിന്റെ ഛായാഗ്രാഹണം ഫ്രഞ്ചുകാരനായ മാക്‌സിം കാസയാണ്. ആല്‍ബത്തിന്റെ സഹനിര്‍മാതാവ് കൂടിയായ പി.എ.ദീപക് മിക്‌സിങ്ങും റൂബെന്‍ കോഹന്‍ മാസ്റ്ററിങ്ങും നിർവഹിച്ചിരിക്കുന്നു. ഗിറ്റാറിസ്റ്റായ അലക്‌സ് ജോര്‍ജിന്റെ കോവിഡ് കാലത്തെ സംഗീതപരീക്ഷണങ്ങളാണ് ‘വാട്ടര്‍’ എന്ന ആല്‍ബത്തിലേക്കു വഴിവച്ചതെന്നു ജോർജ് പീറ്റർ പറയുന്നു.
‘വാട്ടർ’ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾ അവതരിപ്പിച്ച് പാട്ടുകളൊരുക്കുന്നതിൽ ശ്രദ്ധേയനാണ് ജോർജ് പീറ്റർ. 2012ല്‍ ജോർജ് ഒരുക്കിയ ‘വണ്‍ ദ് യൂണിറ്റി സോങ്’ എന്ന ആല്‍ബം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. കെ.ജെ.യേശുദാസ് ഉള്‍പ്പെടെ 160ലേറെ സംഗീതജ്ഞർ പാട്ടിന്റെ ഭാഗമായിരുന്നു.