ADVERTISEMENT

മലയാള സിനിമാഗാന ചരിത്രത്തിലെ നാഴികക്കല്ലാണു ‘റോസി’ എന്ന ചിത്രം. മണിസ്വാമി (കവിയൂർ പൊന്നമ്മയുടെ ഭർത്താവ്) നിർമിച്ചു പി.എൻ.മേനോൻ സംവിധാനം ചെയ്ത ചിത്രം. പി.ഭാസ്കരന്റെ വരികൾക്കു സംഗീതം നൽകിയതു കെ.വി.ജോബ്. ഭക്തിഗാനങ്ങൾക്കാണു കെ.വി.ജോബ് കൂടുതലും സംഗീതം നൽകിയിരിക്കുന്നത്. ജോബ് ആൻഡ് ജോർജ് എന്ന പേരിൽ ജോർജ് പള്ളത്താന എന്ന സുഹൃത്തുമായി ചേർന്നായിരുന്നു ഈ പ്രവർത്തനങ്ങൾ. കൊച്ചി കേന്ദ്രീകരിച്ചുള്ള നാടകസംഘങ്ങൾക്കുവേണ്ടിയും ഇവർ ഒട്ടേറെ ഗാനങ്ങൾ ചെയ്തിട്ടുണ്ട്.

അന്നോളം മലയാളം കേൾക്കാത്ത തരത്തിലുള്ള സംഗീതമാണു റോസി എന്ന ചിത്രത്തിലെ ‘അല്ലിയാമ്പൽ കടവിലന്നരയ്ക്കുവെള്ളം...’ എന്ന പ്രണയഗാനത്തിനു ജോബ് ഒരുക്കിയത്. കെ.പി.ഉദയഭാനുവിനെയാണ് ഈ ഗാനം പാടാൻ നിശ്ചയിച്ചിരുന്നത്. അദ്ദേഹം പനിബാധിതനായിരുന്നു ആ ദിവസങ്ങളിൽ. പനി കുറഞ്ഞ ഇടവേളയിൽ അദ്ദേഹം സ്റ്റുഡിയോയിൽ എത്തി. എവിഎമ്മിലായിരുന്നു റിക്കോർഡിങ്. ഉദയഭാനു പല തവണ ശ്രമിച്ചിട്ടും അദ്ദേഹത്തിനു പാടാൻ കഴിഞ്ഞില്ല. പനിയുടെ ക്ഷീണം അദ്ദേഹത്തിന്റെ ആലാപനക്ഷമതയെ ബാധിച്ചിരുന്നു. സമയം ഉച്ചകഴിഞ്ഞു. പിറ്റേന്ന് ഈ ഗാനരംഗത്തിന്റെ ഷൂട്ടിങ് ഉള്ളതാണ്. അണിയറ പ്രവർത്തകർ പരിഭ്രാന്തരായി.

യേശുദാസിന് അന്നു രാവിലെ എവിഎമ്മിൽ ഒരു റിക്കോർഡിങ് ഉണ്ടായിരുന്നു. ഇതേ സിനിമയിലെ ‘വെളുക്കുമ്പൊ പുഴയൊരു കളിക്കുട്ടി...’ എന്ന ഗാനം. അതിന്റെ പ്രതിഫലം വൈകുന്നേരം തരാമെന്ന് അറിയിച്ചിരുന്നതുകൊണ്ട് അദ്ദഹം അവിടെത്തന്നെ നിന്നു. സ്റ്റുഡിയോയുടെ പുറത്തു കുറെ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. സമയം കളയാനായി യേശുദാസും അവർക്കൊപ്പം കൂടി കളി തുടങ്ങി. കളി മൂത്തു വരുമ്പോഴാണ് ഒരാൾ വന്നു പറയുന്നത്. ‘താങ്കളെ സ്റ്റുഡിയോയിൽ അന്വേഷിക്കുന്നു.’ പണം വേഗം റെഡിയായല്ലോ വാങ്ങി താമസസ്ഥലത്തേക്കു പോകാം എന്ന സന്തോഷത്തോടെ സ്റ്റുഡിയോയുടെ ഉള്ളിലേക്കു ചെന്നപ്പോൾ കാണുന്നതു പരവശനായി നിൽക്കുന്ന നിർമാതാവ് മണിസ്വാമിയെയാണ്. ‘ദാസ് വലിയൊരു സഹായം ചെയ്യണം. ഉദയഭാനുവിനു സുഖമില്ല. പാടാൻ കഴിയുന്നില്ല. ആ പാട്ട് ദാസൊന്നു പ‌ാടിത്തരണം.’ മണി സ്വാമി പറഞ്ഞു.

ദാസ് പറഞ്ഞു. ‘സാധ്യമല്ല, എനിക്കു പറഞ്ഞുവച്ച ഒരു പാട്ട് എനിക്കു സുഖമില്ല എന്നതിന്റെ പേരിൽ മറ്റൊരാളെക്കൊണ്ടു പാടിച്ചാൽ എനിക്ക് എത്ര വിഷമമാകുമെന്നറിയുമോ?. ഭാനുച്ചേട്ടൻ സുഖമായിട്ട് ആ പാട്ട് പാടും. അതു വേറൊരാൾ പാടുന്നതു ശരിയല്ല.’

ദാസ് സമ്മതിക്കാതെ വന്നതോടെ സംഗീതസംവിധായകനും നിർമാതാവുമൊക്കെ അങ്കലാപ്പിലായി. ഉദയഭാനുതന്നെ ദാസിനടുത്തെത്തി പറഞ്ഞു. ‘അവരെ ഒന്നു സഹായിക്കൂ. അല്ലെങ്കിൽ ഷൂട്ടിങ് കാൻസലായിപ്പോകും. എത്രവലിയ നഷ്ടമാവും അത്. എനിക്കു സുഖമില്ല, ആ ട്യൂൺ പാടാൻ പറ്റുന്നില്ല. ഞാൻതന്നെയാണു ദാസിനെ വിളിപ്പിക്കാൻ പറഞ്ഞത്. എനിക്ക് ഒട്ടും വിഷമമില്ലെന്നു മാത്രമല്ല, സന്തോഷമേ ഉള്ളൂ.’

ജ്യേഷ്ഠതുല്യനായ ഉദയഭാനു നേരിട്ട് ആവശ്യപ്പെട്ടതോടെ ദാസിന് എതിരു പറയാനായില്ല. അദ്ദേഹം പാടി

‘അല്ലിയാമ്പൽ കടവിലന്നരയ്ക്കുവെള്ളം

 

 അന്നു നമ്മളൊന്നായി തുഴഞ്ഞില്ലേ കൊതുമ്പുവള്ളം

 

 നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻവെള്ളം’

മലയാള സിനിമാചരിത്രത്തിലെ ആദ്യ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് എന്നു വിശേഷിപ്പിക്കാവുന്ന പ്രണയഗാനമായി മാറി ഇത്. കെ.വി.ജോബിന്റെ സംഗീതമാണോ പി.ഭാസ്കരന്റെ വരികളാണോ ദാസിന്റെ ആലാപനമാണോ ഇതിൽ ഏറ്റവും മുന്നിൽ എന്ന് ഇഴതിരിച്ചെടുക്കാൻ കഴിയാത്തവിധം അതിമനോഹരമായ ഗാനം. നിത്യഹരിതമായ പ്രണയഗാനം.

1965ലാണ് ‘അല്ലിയാമ്പൽ കടവിൽ...’ ഇറങ്ങിയത്. തൊട്ടു തലേ വർഷം ‘ഭാർഗവീനിലയം’ ഇറങ്ങിയിരുന്നു. അതിൽ പി. ഭാസ്കരന്റെ വരികൾക്കു ബാബുരാജ് സംഗീതം നൽകിയ ‘താമസമെന്തേ വരുവാൻ...’ എന്ന ഗാനം ഹിറ്റായിരുന്നു. നല്ല ഗായകൻ എന്നതിൽ നിന്നു ക്ലാസിക് ഗായകൻ എന്ന തലത്തിലേക്കു ദാസിന് ഉയർച്ച നൽ‍കാൻ ‘താമസമെന്തേ വരുവാൻ...’ ഉപകരിച്ചിരുന്നു. ആ പശ്ചാത്തലത്തിലേക്ക് ‘അല്ലിയാമ്പൽ കടവ്’ കൂടി എത്തിയതോടെ യേശുദാസ് മറ്റാർക്കും അതുവരെ കടന്നുചെല്ലാൻ കഴിയാത്തത്ര ഔന്നത്യമുള്ള പാട്ടുകാരനായി. ഇതെല്ലാം ഹിറ്റായി നിൽക്കുമ്പോഴാണ് 1965ൽ ‘കാട്ടുപൂക്കൾ’ സിനിമയിൽ ഒഎൻവിയുടെ വരികൾക്കു ദേവരാജൻ ഈണം നൽകിയ ‘മാണിക്യവീണയുമായെൻ...’ എന്ന ഗാനവും മലയാളികളുടെ ഭാവനയ്ക്കു ചിറകു നൽകിയത്. യേശുദാസ് ശരിക്കുമൊരു തരംഗമായി.

ശബ്ദമാധുര്യം, ഉച്ചാരണസ്ഫുടത, ആലാപനവൈദഗ്ധ്യം, ഭാവപ്പകർച്ച തുടങ്ങിയ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയ മലയാളം പാട്ടുകാരനെ കേരളം ആദ്യമായി അനുഭവിക്കുകയായിരുന്നു. ‘മാണിക്യവീണ’യ്ക്കു യേശുദാസിനു മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. മലയാള ഗായകർക്കിടയിലെ സൂപ്പർ സ്റ്റാർ പദവിയിലേക്കു ദാസ് അങ്ങനെ ആദ്യ ചുവടു വച്ചു.

English Summary:

Alliyambal Kadavil song and KJ Yesudas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com