ADVERTISEMENT

പി.സുശീല

ദാസിന്റെ ശബ്ദത്തിന് യാതൊരു പ്രായവും ബാധിച്ചിട്ടില്ല. എത്രയെത്ര പാട്ടുകള്‍ ഞങ്ങള്‍ ഒരുമിച്ചു പാടി! മേഘസന്ദേശമെന്ന തെലുങ്ക് സിനിമയില്‍ പാടിയ പ്രിയേ ചാരു ശീലേ എന്ന ഗാനവും നൌഷാദ് മലയാളത്തില്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ച ധ്വനി എന്ന ചിത്രത്തിലെ അനുരാഗലോല ഗാത്രി എന്ന പാട്ടും ദാസ് തന്നെ സംഗീതം ചെയ്ത താജ്മഹല്‍ നിര്‍മിച്ച രാജശില്‍പി എന്ന പാട്ടുമാണ് ഇപ്പോള്‍ എന്റെ ഓര്‍മയില്‍ എത്തുന്നത്. സഹോദരതുല്യനായ ദാസിന് എല്ലാവിധ ആയുരാരോഗ്യ സൌഖ്യവും നേരുന്നു.

പി.ജയചന്ദ്രന്‍

ഞങ്ങള്‍ ആദ്യം കാണുന്നത് 1958 ലാണ്. ആ വര്‍ഷമാണ് സംസ്ഥാന സ്കൂള്‍ യുവജനോത്സവം ആരംഭിക്കുന്നത്. അന്ന് അദ്ദേഹത്തിന് പാട്ടിനും എനിക്ക് മൃദംഗത്തിനും സമ്മാനം ലഭിച്ചു. അന്ന് തുടങ്ങിയ സൌഹൃദം ഇപ്പോഴും തുടരുന്നു. അദ്ദേഹം ആദ്യം സിനിമയിലെത്തി. പിന്നീട് ഞാനും. ഇടയ്ക്ക് കുറേക്കാലം ഞങ്ങള്‍ പരസ്പരം കണ്ടതേയില്ല. സൗഹൃദം പുതുക്കാന്‍ വീണ്ടും ഒരു അവസരം കിട്ടി. അതിനുശേഷം ഒട്ടേറെ ഗാനങ്ങള്‍ ഒരുമിച്ചു പാടി.ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ ആടാം പാടാം ആരോമല്‍ ചേകവര്‍ തന്‍ അങ്കം വെട്ടിയ കഥകള്‍ ദക്ഷിണാമൂര്‍ത്തി സ്വാമി സംഗീതം നല്‍കിയ കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍... എന്ന ഗാനം രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ സമയരഥങ്ങളില്‍ ഞങ്ങള്‍ മറുകരതേടുന്നു തുടങ്ങിയ പാട്ടുകള്‍ അവയില്‍ ചിലതാണ്.

ഉണ്ണിമേനോന്‍

ദാസേട്ടന്റെയും മുഹമ്മദ് റഫിയുടെയുമൊക്കെ ഗാനങ്ങള്‍ റേഡിയോയില്‍ കേട്ടാണ് ഒരു ഗായകന്‍ ആവണമെന്ന മോഹം കുട്ടിക്കാലം മുതല്‍ എന്റെ മനസ്സില്‍ വേരൂന്നിയത്. ഞാന്‍ ശാസ്ത്രീയമായി സംഗീതം പഠിച്ചിരുന്നില്ല. എന്റെ സംഗീതപഠനം റേഡിയോയിലൂടെ കേള്‍ക്കുന്ന ഈ ഗാനങ്ങിലൂടെയായിരുന്നു. പിന്നീട് ഞാന്‍ ഒരു പാട് ട്രാക്കു പാടി. അദ്ദേഹത്തോടൊപ്പം കുറച്ചു പാട്ടുകള്‍ ഒരുമിച്ചു പാടാനും അവസരം കിട്ടി. ബോയിങ് ബോയിങ് എന്ന ചിത്രത്തിലെ ഒരു പുന്നാരം കിന്നാരം ചൊല്ലാന്‍ വാ എന്ന പാട്ടും ജോണ്‍ ജാഫര്‍ ജനാര്‍ദന്‍ എന്ന സിനിമയില്‍ രണ്ടു പാട്ടുകളും ദാസേട്ടനോടൊപ്പം പാടിയിട്ടുണ്ട്. ദാസേട്ടനോടൊപ്പമുള്ള എന്റെ മറക്കാനാവാത്ത ഓര്‍മ തുടര്‍ച്ചയായി മൂന്നുവര്‍ഷം മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്തില്‍ അദ്ദേഹത്തോടൊപ്പം പാട്ടുപാടാന്‍ കഴിഞ്ഞതാണ്. മൂകാംബികയിലെ സരസ്വതീ മണ്ഡപത്തില്‍ ദാസേട്ടന്റെ ജന്മദിനത്തില്‍ ഒരുമിച്ചു പാടാന്‍ കഴിഞ്ഞതും എന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. ഒരിക്കല്‍ മദ്രാസില്‍ ഒരു സ്റ്റേജ് പരിപാടിയില്‍ ദാസേട്ടന്റെ ശബ്ദത്തിന് ചെറിയ എന്തോ പ്രശ്നം വന്നപ്പോള്‍ എന്നെക്കൊണ്ട് അദ്ദേഹം കുറേ പാട്ടുകള്‍ പാടിപ്പിച്ചതും ഓര്‍മയിലുണ്ട്. 1961 മുതല്‍ 50 വര്‍ഷം തുടര്‍ച്ചയായി ഹിറ്റുകള്‍ മാത്രം സമ്മാനിച്ചുകൊണ്ടിരിക്കുന്ന ദാസേട്ടന്‍ ഞങ്ങളെപ്പോലുള്ള ഗായകര്‍ക്ക് അദ്ഭുതമാണ്. ഇന്നിപ്പോള്‍ പുതിയ ഗായകര്‍ക്ക് ശബ്ദശുദ്ധിയോടെ പാടാന്‍ കഴിയുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.നമുക്ക് ഏറ്റവും എളുപ്പം കൊണ്ടുപോകാവുന്ന സംഗീതോപകരണം നമ്മുടെ ശബ്ദം തന്നെയാണ്. ആ ശബ്ദത്തെ ശരിയായി പരിചരിക്കുകന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്വന്തം ശബ്ദത്തെ സ്വന്തം കുഞ്ഞിനെ നോക്കുന്നതുപോലെ ആഹാരനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും സംരക്ഷിക്കുന്ന ദാസേട്ടന്‍ എല്ലാ ഗായകര്‍ക്കും ഒരു മാതൃക കൂടിയാണ്. ദാസേട്ടന്റെ ശബ്ദത്തിന്റെ ഒരു കടുത്ത ആരാധകനാണ് ഞാന്‍.

കെ.എസ്.ചിത്ര

ആദ്യമായി ഞാന്‍ ദാസേട്ടനെ കാണുന്നത് ആറ്റുകാല്‍ അമ്പലത്തില്‍ വച്ചു നടന്ന ഒരു ഗാനമേളയില്‍ പങ്കെടക്കാന്‍ അദ്ദേഹം എത്തിയപ്പോഴാണ്. അന്ന് ഞാന്‍ തീരെ ചെറിയ കുട്ടിയാണ്. ഉടുപ്പൊക്കെയിട്ട ഒരു സ്കൂള്‍ കുട്ടി. എന്റെ രണ്ടു കൈയിലും ഇന്‍ഫക്‌ഷന്‍ വന്ന് ബാന്‍ഡേജ് ഇട്ടിരുന്നു. എം.ജി.രാധാകൃഷ്ണന്‍ ചേട്ടന്‍ എന്നെ എടുത്തുയര്‍ത്തി ദാസേട്ടനെ പരിചയപ്പെടുത്തിയിട്ടു പറഞ്ഞു: ഇവള്‍ ഭാവിയില്‍ നല്ലൊരു പാട്ടുകാരിയാവും. എന്റെ കൈകളില്‍ നോക്കിയിട്ട് ദാസേട്ടന്‍ പറഞ്ഞു; ഇത് എന്തുപറ്റി കൈയ്ക്ക്? ഞാന്‍ എങ്ങനെ ഷേക്ക് ഹാന്‍ഡ് തരും? ആ രംഗം ഇപ്പോഴും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. ഞങ്ങള്‍ ആദ്യമായി ഒരുമിച്ചു പാടിയത് ഒരു സ്റ്റേജ് ഷോയ്ക്കാണ്. തോഷിബാ ആനന്ദ് കമ്പനി ഒരുപുതിയ ബാറ്ററി വിപണിയിലിറക്കുന്നതിന്റെ ഭാഗമായി എറണാകുളത്ത് സംഘടിപ്പിച്ച ഒരു പ്രോഗ്രാമായിരുന്നു അത്. പിന്നീട് ദാസേട്ടനോടൊപ്പം ഒരുപാടു ചിത്രങ്ങളില്‍ ഒരുമിച്ചു പാടാന്‍ കഴിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ചു പാടിയവയില്‍ മണിച്ചിത്രത്താഴിലെ ഒരുമുറൈവന്ത് പാത്തായ കമലദളത്തിലെ പ്രേമോദാരനായ് അണയൂ നാഥാ എന്നീ ഗാനങ്ങള്‍ എനിക്ക് ഏറെ ഇഷ്ടമാണ്. മദ്രാസില്‍ പ്രേമോദാരനായ് എന്ന ഗാനം പാടാന്‍ ചെല്ലുമ്പോള്‍ ദാസേട്ടന്‍ എത്തിയിട്ടില്ല. സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ രാവിലെ മുതല്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തി തളര്‍ന്നിരുന്നു. ദാസേട്ടന്‍ പാടേണ്ട പാട്ടായ സായന്തനം ചന്ദ്രികാ ലോലമായ് എന്നു തുടങ്ങേണ്ട പാട്ട് വളരെ ക്ഷീണിതനായി മാഷ് ട്രാക്കു പാടാന്‍ തുടങ്ങി. അതുകണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു. മാഷേ വേണമെങ്കില്‍ ഞാന്‍ ട്രാക്കു പാടാം. അങ്ങനെട്രാക്കു പാടി. കുറച്ചു കഴിഞ്ഞപ്പോള്‍ ദാസേട്ടനെത്തി. ഞാന്‍ പാടിയ പാട്ടും ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

ജി.വേണുഗോപാല്‍

ഞാന്‍ ആദ്യമായി ദാസേട്ടനെ കാണുന്നത് സുജാതയുടെ കൂടെയാണ്. സുജാത എന്റെ അടുത്ത ബന്ധുവാണ്. ദാസേട്ടന്റെ ഗാനമേള ട്രൂപ്പിന് തിരുവനന്തപുരം നാഗര്‍കോവില്‍ ഭാഗത്ത് ഗാനമേളകള്‍ ഉണ്ടാകുമ്പോള്‍ സുജാതയും അമ്മയും തിരുവനന്തപുരത്തെ ഞങ്ങളുടെ വീട്ടിലായിരുന്നു താമസിക്കാറുണ്ടായിരുന്നത്.ഞാന്‍ ഏഴാം ക്ളാസില്‍ പഠിക്കുമ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദാസേട്ടന്റെ ഒരു ഗാനമേള അരങ്ങേറി. ഗായകനായിരുന്ന കെ എസ് ജോര്‍ജിന്റെ ചികിത്സയ്ക്കായുള്ള ധനസമാഹരണത്തിന്റെ ഭാഗമായിരുന്നു ആ ഗാനമേള. പരിപാടി തുടങ്ങാന്‍ അല്‍പം വൈകി. ആ സമയത്ത് ഞാന്‍ ദാസേട്ടന്റെ അടുത്തുചെന്ന് പരിചയപ്പെട്ടു. തൂവെള്ള വസ്ത്രം ധരിച്ചിരിക്കുന്ന ദാസേട്ടനെ ഞാന്‍ അദ്ഭുതത്തോടെ നോക്കി നിന്നു. ഏതു സിനിമയ്ക്കു വേണ്ടിയാണ് അവസാനം പാടിയത് എന്നൊക്കെ ഞാന്‍ ചോദിച്ചു. പിക്നിക് എന്ന ചിത്രത്തിനുവേണ്ടിയാണെന്നും, അതില്‍ വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി എന്ന പാട്ടുണ്ടെന്നുമൊക്കെ ദാസേട്ടന്‍ പറഞ്ഞു. ഞാന്‍ സ്കൂളില്‍ കൂട്ടുകാരൊടൊക്കെ ദാസേട്ടനെ പരിചയപ്പെട്ട കാര്യം പറഞ്ഞു. പിക്നിക് എന്ന സിനിമ ഉടനെ ഇറങ്ങുമെന്നും അതില്‍ നല്ലൊരു പാട്ടുണ്ടെന്നുമൊക്കെ. പാട്ട് സൂപ്പര്‍ ഹിറ്റായി. പിന്നീട് കുറേ കാലങ്ങള്‍ക്കു ശേഷം അദ്ദേഹത്തോടൊപ്പം നിരവധി ഗാനമേളകളില്‍ ഒരുമിച്ചുപാടാന്‍ എനിക്ക് അവസരം ലഭിച്ചു. മദ്രാസിലെ എ വി എം സ്റ്റുഡിയോയിലെ ആര്‍ ആര്‍ തിയറ്ററില്‍ വച്ചായിരുന്നു തൂവാനത്തുമ്പികളുടെ റെക്കോര്‍ഡിങ്. മേഘം പൂത്തു തുടങ്ങി എന്ന ഗാനം.ദാസേട്ടനു വേണ്ടി ട്രാക്കുപാടി. അതേ ചിത്രത്തില്‍ ഞാനും ഒരു പാട്ടുപാടി. ഒന്നാം രാഗം പാടി എന്ന പാട്ട്. വളരെ നന്നായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതüല്ലാതെ ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ച് ഒരു ഗാനം പാടിയിട്ടില്ല. അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായ തരംഗിണിക്കുവേണ്ടി രണ്ടു കസെറ്റുകളില്‍ പാടിയിട്ടുണ്ട്.

സുജാത

ഞാന്‍ വളരെ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ദാസേട്ടന്റെ കൂടെ ഗാനമേളകളില്‍ പാടാന്‍ തുടങ്ങിയതാണ്. ഞാന്‍ ആദ്യമായി പാടി റെക്കോര്‍ഡു ചെയ്ത പാട്ട് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ഒരു ഗാനമായിരുന്നു. ആറാം ക്ളാസിലാണ് അന്ന് പഠിക്കുന്നത്. പക്ഷേ, ആദ്യമായി പുറത്തു വന്നത് കാമം ക്രോധം മോഹം എന്ന ചിത്രത്തില്‍ ദാസേട്ടനോടൊപ്പം പാടിയ ഡ്യൂവറ്റാണ്. അന്ന് ഞാന്‍ കാണാന്‍ തീരെ ചെറിയ കുട്ടി. അന്ന് ഒരു ചില്ലു കൂടിനകത്തു നിന്ന് പാടുന്ന ഗായകരെ കണ്ടുകൊണ്ടാണ് സൌണ്ട് റെക്കോര്‍ഡിസ്റ്റുകള്‍ പാട്ടുകള്‍ റെക്കോര്‍ഡു ചെയ്യാറ്. പൊക്കമില്ലാത്തതുകൊണ്ട് അവര്‍ക്ക് എന്നെ കാണാന്‍ പറ്റിയില്ല. ഒടുവില്‍ ദാസേട്ടന്റെ നിര്‍ദേശപ്രകാരം ഒരു സ്റ്റൂളില്‍ നിന്നാണ് പാടിയത്. പാടിയത് എന്താണെന്നൊന്നും അന്ന് എനിക്ക് വലിയ നിശ്ചയമുണ്ടായിരുന്നില്ല. പാടിയ വരികള്‍ ഇതായിരുന്നു.

സ്വപ്നം കാണും പെണ്ണേ

 

എന്റെ സ്വര്‍ഗം തേടും പെണ്ണേ

 

മണിമാറിലെയ്യാന്‍ അമ്പു തരൂ

 

അടിമുടി എയ്തെന്നെ തളര്‍ത്തൂ

എന്നൊക്കെയാണ് വരികള്‍ ഒരു അതിഭയങ്കര പ്രണയഗാനം. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരിവരും. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് യുഗ്മഗാനങ്ങള്‍ പാടിയിട്ടുണ്ടെങ്കിലും പെട്ടെന്ന് എന്റെ ഓര്‍മയില്‍ ഓടിയെത്തുന്ന എന്റെ പ്രിയപ്പെട്ട പാട്ട് മീശമാധവനിലെ എന്റെ എല്ലാമെല്ലാമല്ലേ എന്ന പാട്ടാണ്.

English Summary:

Co singers opens up about KJ Yesudas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com