നൊസ്റ്റാൾജിക് ഈണങ്ങളിലൂടെയൊരു യാത്ര; ആരാധകരെ ‘പാട്ടിലാക്കാൻ’ മുരളി ഗോപി
Mail This Article
പാട്ടുപ്രേമികളുടെ ഗൃഹാതുരസ്മരണകളെ ഉണർത്താൻ പുതിയ തുടക്കം കുറിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. എംജി സോളിലോക്കീസ് എന്ന പേരിൽ പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ് അദ്ദേഹം. പഴയ ക്ലാസിക് ഹിന്ദി ഗാനങ്ങളാണ് മുരളി ഗോപി ഈ ചാനലിലൂടെ ആരാധകർക്കു മുന്നിലെത്തിക്കുന്നത്.
താൻ ഒരു കേൾവിക്കാരനായി വളർന്ന പാട്ടുകളിലേക്ക് ഒന്ന് യാത്ര പോകാനും അവയെ സ്നേഹിക്കാനുമാണ് ഈ ചാനൽ തുടങ്ങിയതെന്ന് മുരളി ഗോപി പറയുന്നു. ആ പാട്ടുകളെ അനുകരിക്കാനോ അവയുമായി മത്സരിക്കാനോ ഉള്ള ശ്രമം താൻ നടത്തുന്നില്ലെന്നും ഒരു കടുത്ത ആരാധകന് മാത്രം സാധ്യമാവുന്ന രീതിയിൽ അവയെ ധ്യാനലീനമായി സമീപിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇത് വരെ ആറു പാട്ടുകളാണ് മുരളി ഗോപി തന്റെ യൂട്യൂബ് ചാനലിൽ പാടി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 60 കളിലെയും 70 കളിലെയും ഹിന്ദി ക്ലാസ്സിക്കുകൾ ആണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളത്തിലെ സ്വന്തം പാട്ടുകൾ അടക്കമുള്ളവയുടെ അദ്ദേഹത്തിന്റെ പുതിയ വേർഷൻ കേൾക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.