‘അന്ന് യേശുദാസ് പറഞ്ഞു, ഇത്രയും നല്ല പാട്ട് അടുത്തകാലത്തൊന്നും പാടിയിട്ടില്ല’; എല്ലാം കേട്ട് അരികിൽ നിന്ന യുവാവ്, ഇന്ന്!
Mail This Article
"ഇല കൊഴിയും ശിശിരത്തിൽ ചെറുകിളികൾ വരവായി, മനമുരുകും വേദനയിൽ ആൺകിളിയാ കഥ പാടി"
വർഷങ്ങൾക്കുമുൻപ് മോഹൻരൂപ് സംവിധാനം ചെയ്ത "വർഷങ്ങൾ പോയതറിയാതെ" എന്ന സിനിമയിലെ ഈ
ഗാനത്തിന്റെ മാധുര്യം ഇന്നും കുറഞ്ഞിട്ടില്ല. മോഹൻസിതാര ഈണമിട്ട് യേശുദാസ് പാടിയ ഈ പാട്ടെഴുതിയത്
ഒഎൻവിയോ പി.ഭാസ്കരനോ അല്ല, കോട്ടയ്ക്കൽ സ്വദേശിയായ കുഞ്ഞിമൊയ്തീൻകുട്ടിയാണ്. യേശുദാസിന് ഏറെ ഇഷ്ടപ്പെട്ട ഈ പാട്ട് മാത്രമല്ല., ഈ സിനിമയിൽ തന്നെ മറ്റൊരു പാട്ടും ഒട്ടേറെ ലളിതഗാനങ്ങളും അദ്ദേഹത്തിനുവേണ്ടി എഴുതിയിട്ടുണ്ട് കുഞ്ഞിമൊയ്തീൻകുട്ടി.
പാട്ടു പിറന്ന വഴി
സ്കൂൾ, കോളജ് പഠനകാലത്തു തന്നെ പാട്ടുകൾ എഴുതുമായിരുന്നു കുഞ്ഞിമൊയ്തീൻ കുട്ടി. കോട്ടയ്ക്കൽ സ്വദേശിയായിരുന്ന യു.എ.ബീരാൻ സിവിൽ
സപ്ലൈസ് മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചത് വഴിത്തിരിവായി. തിരുവനന്തപുരം ദൂരദർശൻ ആർട്ടിസ്റ്റ് കൂടിയായിരുന്ന കുഞ്ഞിമൊയ്തീൻ കുട്ടി, റമസാൻ അടിസ്ഥാനമാക്കി എ.അൻവർ നിർമിച്ച മ്യൂസിക് ഡോക്യുമെന്ററിക്കു വേണ്ടി പാട്ടുകളെഴുതി. പാട്ടുകേട്ട മോഹൻ സിതാരയാണ് സിനിമയിലേക്കുള്ള വഴി തുറന്നുകൊടുത്തത്.
"ഇല കൊഴിയും ശിശിരത്തി"നു പുറമേ "ആ ഗാനം ഓർമകളായി ആ നാദം വേദനയായി" എന്ന പാട്ടുകൂടി അതേ സിനിമയ്ക്കുവേണ്ടി യേശുദാസിന്റെ ശബ്ദത്തിൽ അദ്ദേഹമൊരുക്കി. "ആ ഗാനം ഓർമകളായി " ഹിറ്റാകുമെന്നായിരുന്നു റിക്കോർഡിങ് കഴിഞ്ഞപ്പോൾ എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ, സൂപ്പർഹിറ്റായത്
"ഇലകൊഴിയും ശിശിര "മാണ്. പുതുതലമുറയ്ക്കു പോലും ഇഷ്ടപ്പെട്ട പാട്ട് റിയാലിറ്റിഷോകളിലും മറ്റും ഒട്ടേറെയാളുകൾ ഇപ്പോഴും പാടുന്നു. "ആനന്ദപ്പുമുത്തേ" എന്നൊരു പാട്ട് ചിത്രയും ഇതിൽ പാടിയിട്ടുണ്ട്.
ഗാനഗന്ധർവന്റെ ഇഷ്ടഗാനം
1987ൽ ആണ് കുഞ്ഞിമൊയ്തീൻ കുട്ടി ഈ പാട്ടെഴുതുന്നത്. പാട്ടുപാടുമ്പോൾ അതെഴുതിയതാരാണെന്ന് യേശുദാസിന് അറിയില്ലായിരുന്നു. റിക്കോർഡിങ് സമയത്ത് തിയറ്ററിലെത്തിയ കോഴിക്കോട് ആർഇസിയിലെ വിദ്യാർഥികളോട് "ഇത്രയും നല്ല പാട്ട് അടുത്തകാലത്തൊന്നും ഞാൻ പാടിയിട്ടില്ല" എന്ന് യേശുദാസ് പറയുന്നതിന് ദൃക്സാക്ഷിയായിരുന്നു കുഞ്ഞിമൊയ്തീൻ കുട്ടി. തന്റെ കൂടെ നിന്ന യുവാവാണ് പാട്ടുകളെഴുതിയതെന്ന് പിന്നീടാണ് യേശുദാസ് അറിയുന്നത്. തുടർന്ന് യേശുദാസിന്റെ തരംഗിണിക്കുവേണ്ടി എഴുതിയ 11 ലളിതഗാനങ്ങൾ "വെള്ളിപ്പറവകൾ"എന്ന കസെറ്റിലൂടെ പുറംലോകം കേട്ടു.
സ്വയം പിൻമാറ്റം
കൂടുതൽ അവസരങ്ങൾ കൊടുക്കാൻ യേശുദാസ് തീരുമാനിച്ചെങ്കിലും ഇരുപത്തഞ്ചാം വയസ്സിൽ സ്വയം പിൻമാറുകയായിരുന്നു കുഞ്ഞിമൊയ്തീൻ കുട്ടി. പിതാവിന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നതാണ് ഉൾവലിയാനുള്ള പ്രധാന കാരണം. ചെന്നൈയിലും ദുബായിലുമായി ദീർഘനാൾ ബിസിനസ് ചെയ്തു. തമിഴ്നാട്ടിൽ ഡിഎംകെ രാഷ്ട്രീയത്തിലും ഒരുകൈ നോക്കി.
"ഇല കൊഴിയും ശിശിര"ത്തിന്റെ ഇരുപത്തിഅഞ്ചാം വാർഷികം ആഘോഷിക്കാൻ കുഞ്ഞിമൊയ്തീൻ കുട്ടി അടക്കമുള്ള അണിയറ പ്രവർത്തകർ 2 വർഷം മുൻപ് ആലപ്പുഴയിൽ ഒത്തുകൂടിയിരുന്നു.