ADVERTISEMENT

കെ.ജെ.യേശുദാസ് എന്നാൽ മലയാളികൾക്ക് സംഗീതത്തിന്റെ പര്യായമാണ്. കാലമിത്ര മാറിയിട്ടും ആ ശബ്ദ സൗകുമാര്യത്തിന് പകരക്കാരനായി ഒരാൾ ഇന്നും എത്തിയിട്ടില്ല. ഇന്ന് 84 വയസ്സ് പൂർത്തിയായി ശതാഭിഷിക്തനാകുന്ന മലയാളത്തിന്റെ ഗാനഗന്ധർവന് പിറന്നാൾ ആശംസകൾ നേരുകയാണ് മലയാളികൾക്കു ഗൃഹാതുരതയുണർത്തുന്ന ഗാനങ്ങൾ സമ്മാനിച്ച സംഗീതസംവിധായകൻ ശരത്. ശരത്തിന്റെ പാട്ടുകളിൽ ഭൂരിഭാഗവും പാടിയത് യേശുദാസാണ്.  യേശുദാസിന്റെ സംഗീതസാഗരത്തിന്റെ തീരത്ത് പകച്ചു നിൽക്കുന്ന കുട്ടിയാണ് താൻ എന്ന് ശരത് പറയുന്നു. ദൈവങ്ങളെല്ലാം ഒരുമിച്ച് തൃക്കൈ വച്ച് അനുഗ്രഹിച്ച ശബ്ദമാണ് കെ.ജെ.യേശുദാസിന്റേത്. അദ്ദേഹത്തിന്റെ ശബ്ദസൗകുമാര്യവും ടോണും അക്ഷരസ്ഫുടതയും എന്നുവേണ്ട എല്ലാം തനിക്ക് എന്നും അദ്ഭുതമാണെന്ന് ശരത് പറയുന്നു. പ്രിയപ്പെട്ട ദാസേട്ടന് പിറന്നാൾ ആശംസ നേരുന്നതിനൊപ്പം അദ്ദേഹത്തിന് ആയുസും ആരോഗ്യവും ലഭിക്കാൻ എന്നെന്നും പ്രാർഥിക്കുമെന്നും പിറന്നാൾ ആശംസകൾ പങ്കുവച്ചുകൊണ്ട് ശരത് മനോരമ ഓൺലൈനിനോടു പറഞ്ഞു.    

കെ.ജെ.യേശുദാസ് എന്ന പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ നിറയുന്നത് അദ്ദേഹം പാടിവച്ച മനോഹര ഗാനങ്ങളാണ്. ഇത്ര അസാധ്യമായി എങ്ങനെ ഒരു മനുഷ്യന് പാടാൻ കഴിയുന്നു എന്ന് ഞാൻ അതിശയിച്ചു പോയിട്ടുണ്ട്. "നാദബ്രഹ്മത്തിന് സാഗരം" പോലെ ഓരോ പാട്ടുകളും അദ്ദേഹം പാടിയിട്ടുള്ളത് എങ്ങനെ എന്ന് ഞാൻ ചിന്തിക്കാറുണ്ട്. ഒരു സംഗീതസംവിധായകൻ കംപോസ് ചെയ്ത പാട്ടിന്റെ ആത്മാവ് ഉൾക്കൊണ്ട് അതിമനോഹരമായി എങ്ങനെ ഇത്ര മധുരമായി പാടാൻ കഴിയുന്നു. പിന്നെ എന്നെ ഞെട്ടിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ അക്ഷര സ്പുടതയാണ്. എത്ര ബുദ്ധിമുട്ടുള്ള പാട്ടുകൾ ആണെങ്കിലും ഒരു സംശയവും കൂടാതെ ഒരു തവണ കേട്ട് എഴുതി എടുക്കാൻ പറ്റും. പിന്നെ മറ്റൊന്ന് അദ്ദേഹത്തിന്റെ ശബ്ദസൗകുമാര്യമാണ്. ഇത്രയും നല്ല ഒരു ടോൺ ഒരാൾക്ക് കിട്ടുക എന്നത് അത്ര എളുപ്പമല്ല. എല്ലാ ദൈവങ്ങളും ചേർന്ന് അവരുടെ തൃക്കൈ വച്ച് അനുഗ്രഹിച്ച് കിട്ടിയ ശബ്ദമാണ് അദ്ദേഹത്തിന്റേത്.  

ദാസേട്ടൻ പാടിത്തുടങ്ങിയപ്പോഴുള്ള ടോണും പിന്നെ മധ്യകാലത്തുള്ളതും ഇപ്പോഴുള്ളതും വിശകലനം ചെയ്യുകയാണെങ്കിൽ ആദ്യം പാടി തുടങ്ങിയപ്പോൾ ഉള്ള അദ്ദേഹത്തിന്റെ ശബ്ദം എനിക്ക് വളരെ ഇഷ്ടമാണ്. അപ്പോഴും പാടുന്നത് അസാധ്യമായിട്ടാണ്. ആ ഇളമുറക്കാരന്റെ ശബ്ദം കേൾക്കാൻ തന്നെ ഭയങ്കര സുഖമാണ്. "കളിയാക്കുമ്പോൾ കരയും പെണ്ണിന് കണ്ണീർ കവിളിലൊരുമ്മ, കണികണ്ടുണരാൻ മോഹിച്ചതൊക്കെ" ഇതൊക്കെ പണ്ടത്തെ ആൽബം പാട്ടുകളാണ്. "ആ ത്രിസന്ധ്യ തൻ അനഘ മുദ്രകൾ " പാടിയപ്പോഴേക്കും കുറച്ചുകൂടി മാറി. "കരിനീല കണ്ണുള്ള പെണ്ണേ നിന്റെ കവിളത്തു ഞാനൊന്നു നുള്ളി", അസാധ്യമായിട്ടാണ് ഈ അദ്ഭുത മനുഷ്യൻ അത് പാടിവച്ചിരിക്കുന്നത്. ആ സമയത്തെ അദ്ദേഹത്തിന്റെ ടോൺ ഞാൻ ഉപമിക്കുന്നത് ഹൽവ ഉണ്ടായി വരുമ്പോൾ തോന്നുന്ന ആ ഒരു സുഖത്തോടാണ്. വായിലിട്ടാൽ നമ്മൾ അറിയാതെ ഇറങ്ങിപ്പോകുന്ന ഒരവസ്ഥ. അതുകഴിഞ്ഞ് അദ്ദേഹത്തിന്റെ മധ്യകാലഘട്ടം എടുത്താൽ ചെറുപ്പത്തിന്റെ സൗകുമാര്യതയും പൗരുഷവും നിറഞ്ഞതായിരുന്നു. പ്രണയഗാനങ്ങൾ പാടിയത് കേട്ടാൽ പ്രണയത്തിന്റെ അർഥം അറിയാത്തവർ പോലും പ്രണയിച്ചുപോകും. "ഒറ്റക്കമ്പി നാദം മാത്രം മൂളും" എന്ന് ദാസേട്ടൻ പാടുമ്പോൾ ഒറ്റക്കമ്പി അല്ല ഒരു ലക്ഷം കമ്പികളുടെ നാദമാണ് കേൾക്കുന്നത്.  ഇതാണെടാ ആണിന്റെ ശബ്ദം എന്ന് മറ്റുള്ളവർ തിരിച്ചറിയുന്ന ഗുണങ്ങളുള്ള ശബ്ദമാണ് അദ്ദേഹത്തിന്റേത്. മറ്റുള്ള പാട്ടുകാരെ കുറച്ചു കാണുകയല്ല പക്ഷേ ദാസേട്ടന്റെ പാട്ടിനോട് ഉപമിക്കാൻ കഴിയുന്ന ആരുമില്ല. എല്ലാ സംഗീതസംവിധായകരും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ് ഞാൻ പറയുന്നത്.  

എന്നെ സംബന്ധിച്ച് എന്റെ എൺപത് ശതമാനം പാട്ടുകളും പാടിയത് ദാസേട്ടനാണ്. അത് എന്റെ ഭാഗ്യം തന്നെ. ദാസേട്ടനെ ഞാൻ ആദ്യം കാണുന്നത് ഗാനമേളകളിൽ അദ്ദേഹം ഒരു പൊട്ടുപോലെ ദൂരെ നിന്ന് പാടുന്നതാണ്. അന്നൊക്കെ ഗാനമേള കാണാൻ പോകുമ്പോൾ ആളുകളുടെ തിക്കിലും തിരക്കിലും പെട്ട് കഷ്ടപ്പെട്ടാണ് കാണുന്നത്. ഞാനൊക്കെ ചെറുതായതുകൊണ്ട് "ഇങ്ങോട്ട് മാറെടാ" എന്നുപറഞ്ഞ് നമ്മളെ ചവിട്ടി എടുത്തു ദൂരെ കളയും. സലിൽ ചൗധരി സാറിന്റെ ഒരു ഷോ കാണാൻ പോയത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. അതിൽ ദാസേട്ടൻ "മാനേ, മാനേ വിളി കേൾക്കൂ" എന്ന പാട്ട് പാടി. ആ തുറന്ന ഗ്രൗണ്ടിൽ അദ്ദേഹത്തിന്റെ പാട്ട് വന്ന് ആളുകളുടെ കാതിലേക്കല്ല നെഞ്ചിലേക്കാണ് നേരിട്ട് തറച്ചു കയറിയത്. കാലം കഴിയുന്തോറും അദ്ദേഹത്തിന്റെ ശബ്ദത്തിന് ഇരുത്തം വന്നു എന്നല്ലാതെ ആ ശബ്ദ സൗകുമാര്യത്തിന് ഒരു മാറ്റവുമില്ല.  

വെള്ളം കുടിച്ചില്ലെങ്കിൽ പോലും അദ്ദേഹം പ്രാക്ടീസ് മുടക്കില്ല. പ്രാക്ടീസ് സുപ്രധാനമാണെന്ന് അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്. ഇപ്പോഴും കർണ്ണാടക സംഗീതം കച്ചേരിക്കൊക്കെ അദ്ദേഹം അസാധ്യമായി പാടുന്നത് ആ പ്രാക്ടീസ് കൊണ്ടാണ്. താടി നരച്ചെന്നേ ഉള്ളൂ അദ്ദേഹത്തിന് ഒരു മാറ്റവുമില്ല.  അദ്ദേഹത്തിന്റെ ഈ മുഴുവൻ നരച്ച താടി എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ഒരു രൂപം മനസ്സിലുണ്ട് ആ രൂപത്തിന് മാറ്റം വരുന്നത് നമുക്ക് പിടിക്കില്ലല്ലോ. അദ്ദേഹത്തിന് വെള്ളത്താടി കൊള്ളില്ല എന്ന് ഞാൻ പ്രഭചേച്ചിയോട് ഒരിക്കൽ പറഞ്ഞു. അപ്പോൾ ചേച്ചി പറഞ്ഞത് ശരത് തന്നെ അതൊന്ന് നേരിട്ട് ദാസേട്ടനോട് പറയാമോ എന്നാണ്. ഞാൻ ചെന്ന് പറഞ്ഞാൽ ദാസേട്ടൻ എന്നെ കൊല്ലും, എനിക്കറിയാം അതുകൊണ്ട് ഞാൻ പറഞ്ഞിട്ടില്ല.

ദാസേട്ടൻ എന്നും ദാസേട്ടൻ ആണ്. അദ്ദേഹം പാടിയത്രയും പാട്ടുകൾ പാടാനും അദ്ദേഹത്തിന്റേതു പോലെ ഗുണങ്ങളുള്ള ശബ്ദത്തിനുടമയാകാനും ഇനി ആർക്കെങ്കിലും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഇനി ഒരു ആയിരം വർഷത്തേക്ക് അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രമേയുള്ളൂ. അല്ലെങ്കിൽ ദൈവം എന്തെങ്കിലും അദ്ഭുതം പ്രവർത്തിക്കണം. വെറുതെ ഒരു ലക്ഷം പാട്ടുകൾ പാടിയതല്ല മറിച്ച് മലയാളം എന്താണെന്ന് വിളിച്ചറിയിക്കുന്ന തറവാടിത്തമുള്ള പാട്ടുകൾ ആണ് അദ്ദേഹം പാടിയത്. അതുകൊണ്ടല്ലേ ഇപ്പോഴും ഒരു "കായാമ്പൂ കണ്ണിൽ വിടരും" ഒക്കെ നമ്മുടെ ഹൃദയത്തിൽ കിടന്ന് പാടുന്നത്.  ദൈവതുല്യനായ ഒരു ഗായകനാണ് അദ്ദേഹം. ഒരു കമ്പോസർ എന്ന നിലയിൽ പറയുകയാണെങ്കിൽ ഒരു കിൻഡർഗാർട്ടൻ ലെവൽ പോലും ഇല്ലാത്ത പാട്ടുകൾ പോലും അദ്ദേഹം പാടി നമ്മളെ ആഹാ ഇതിന് അവാർഡ് കിട്ടിയില്ലല്ലോ എന്നു പറയിച്ചിട്ടുണ്ട്. അങ്ങനെയൊക്കെ ഉള്ള ഒരു വ്യക്തിത്വമാണ് പത്മശ്രീ പത്മഭൂഷൺ, പത്മവിഭൂഷൺ ഡോ.കെ.ജെ.യേശുദാസ്. മലയാളികളുടെ അഭിമാനമാണ് അദ്ദേഹം. ഇങ്ങനെ ഒരു മനുഷ്യൻ നമ്മുടെ സ്വന്തം ആണ് എന്ന് എവിടെ വേണമെങ്കിലും ചെന്ന് നെഞ്ചുറപ്പോടെ പറയാം. 

കൊറോണയായപ്പോൾ യുഎസിൽ പോയ ദാസേട്ടൻ പിന്നെ ഇങ്ങോട്ട് വന്നതേയില്ല. ഗാനഗന്ധർവനെ ഒന്ന് കാണാനും അനുഗ്രഹം വാങ്ങാനും രണ്ടുവാക്ക് സംസാരിക്കാനും കാത്തിരിക്കുകയാണ് ഞങ്ങളൊക്കെ. സംഗീതത്തെ സ്നേഹിക്കുന്നവർ എല്ലാം അദ്ദേഹത്തിന്റെ മടങ്ങിവരവ് കാത്തിരിക്കുന്നു. വിജയോട് ദാസേട്ടൻ എന്താ ഇങ്ങോട്ട് വരാത്തത് എന്ന് ഞാൻ ചോദിച്ചപ്പോൾ വിജയ് പറഞ്ഞത് "ശരത്തേട്ടൻ വിളിക്ക്, ചേട്ടൻ വിളിച്ചാല് ചിലപ്പോ അപ്പാ വരും എന്നാണ്".  പക്ഷേ അദ്ദേഹം അടുത്തുതന്നെ നാട്ടിൽ വരുന്നുണ്ട് എന്നാണ് അറിഞ്ഞത്.  

പ്രിയപ്പെട്ട ദാസേട്ടന്റെ പിറന്നാള്‍ ദിനത്തിൽ എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ. ഈ നല്ല നാളിൽ അദേഹത്തിന്റെ അനുഗ്രഹം വാങ്ങുക എന്നതാണ് ഞാൻ ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ  വിഷ് ചെയ്യാനുള്ള പക്വത എനിക്കുണ്ടോ എന്ന് അറിയില്ല. ആ ശബ്ദത്തിന് ഒരിക്കലും പ്രായമാകില്ല. അദ്ദേഹത്തിന് 84 വയസ്സാവുകയാണെങ്കിൽ അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ പ്രായം 48ൽ ആണ്. ദാസേട്ടന് പകരം എന്നെന്നും ദാസേട്ടൻ മാത്രമേയുള്ളൂ’, ശരത് പറഞ്ഞു. 

English Summary:

Music director Sharreth conveys 84th birthday wishes to KJ Yesudas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com