അക്കോർഡിയനിലെ വേറിട്ട മികവ്; സംഗീത സങ്കൽപങ്ങളെ തിരുത്തി എഴുതിയ ജോയ്!
Mail This Article
സംഗീതസംവിധായകൻ കെ.െജ.ജോയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് സംഗീതലോകം. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും പ്രശസ്ത സംഗീത ഗവേഷകൻ രവി മേനോനും അദ്ദേഹത്തെ അനുസ്മരിക്കുന്നത് ഇങ്ങനെ:
ശ്രീകുമാരൻ തമ്പി: നാം അവശതയിൽ ആയിക്കഴിഞ്ഞാൽ ആരും തിരിഞ്ഞു നോക്കാൻ ഉണ്ടാകില്ല എന്നുള്ളത് ഒരു ജീവിതാനുഭവമാണ്. ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും, കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും എന്ന് ഞാൻ എഴുതിയത് ജോയുടെ ജീവിതത്തിൽ യാഥാർഥ്യമായി. പ്രശസ്തനായ ഒരു അക്കോർഡിയൻ വാദകനായിരുന്നു കെ.ജെ.ജോയ്. അദ്ദേഹം സംഗീതസംവിധായകൻ ആയത് ഒരുപാട് വൈകിയാണ്. അദ്ദേഹത്തെ ആദ്യമായി ഞാൻ അറിയുന്നത് അക്കോർഡിയൻ വായനക്കാരൻ ആയിട്ടാണ്. മലയാളത്തിലെ ഒരേയൊരു അക്കോർഡിയൻ വാദകനായിരുന്നു അദ്ദേഹം. മലയാള സിനിമയിൽ വായിക്കപ്പെട്ട ആദ്യത്തെ കോംബോ ഓർഗൻ ജോയ് ആണ് കൊണ്ടുവരുന്നത്.
രവി മേനോൻ: ജയൻ കാലഘട്ടത്തെ സിനിമയിൽ അടയാളപ്പെടുത്തുന്നത് കെ.ജെ.ജോയുടെ പാട്ടുകളാണ്. അതുവരെ നിലനിന്നിരുന്ന സംഗീത സങ്കൽപങ്ങളെ തിരുത്തി എഴുതിയിട്ടാണ് ജോയും ശ്യാം സാറുമൊക്കെ മലയാള സിനിമാരംഗത്ത് കടന്നുവരുന്നത്. ഓർക്കസ്ട്രേഷനിൽ ഉള്ള വ്യത്യാസങ്ങൾ, ശബ്ദങ്ങളിൽ ഉള്ള വ്യത്യാസങ്ങൾ, പാട്ടിന്റെ ട്യൂണിന് അനുസരിച്ച് പാട്ടെഴുതുന്നത് എന്നിവയൊക്കെ പ്രചാരത്തിൽ കൊണ്ടുവന്നു. അതിന്റെയൊക്കെ സൗണ്ടിങ് എപ്പോഴും മോഡേൺ ആയി തോന്നും. കസ്തൂരി മാൻ മിഴി, എൻ സ്വരം പൂവിടും, സ്വർണ മീനിന്റെ ചേലൊത്ത കണ്ണാളേ തുടങ്ങിയ പാട്ടുകൾ ഒരുകാലത്തും മറക്കാൻ കഴിയില്ല . "മറഞ്ഞിരുന്നാലും മനസ്സിന്റെ" എന്നുള്ളത് വളരെ മനോഹരമായ വിഷാദ ഗാനമാണ്. ഹാസ്യഗാനങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. എല്ലാത്തരത്തിലുമുള്ള സ്വഭാവത്തിൽപ്പെട്ട പാട്ടുകൾ കംപോസ് ചെയ്തിട്ടുള്ള ആളാണ് ജോയ് ഏട്ടൻ.