പണ്ട് ക്യാമറകളുണ്ടായിരുന്നെങ്കില്‍ പല മഹാന്മാരുടെയും യഥാര്‍ഥമുഖം തിരിച്ചറിയപ്പെടുമായിരുന്നു: ചിന്മയി ശ്രീപദ
Mail This Article
പാക് ഗായകന്‍ റാഹത് ഫത്തേ അലി ഖാന്‍ ശിഷ്യനെ ചെരുപ്പൂരി തല്ലിയ സംഭവത്തിൽ ശക്തമായി പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ. സംഭവത്തിന്റെ വിഡിയോ പോസ്റ്റ് ചെയ്ത് ‘ഭീകരം’ എന്ന് ചിന്മയി എക്സിൽ കുറിച്ചു. ‘ഇവരിൽ ചിലർ പൊതുസ്ഥലത്ത് സൗമ്യരും മൃദുഭാഷികളുമായ ആത്മാക്കളെപ്പോലെയാണ് പെരുമാറുക. പണ്ട് ക്യാമറകളുണ്ടായിരുന്നെങ്കിൽ മഹാന്മാർ എന്നുവിളിക്കപ്പെടുന്ന കൂടുതൽപേർ യഥാർഥത്തിൽ ആരായിരുന്നുവെന്ന് തുറന്നുകാണിക്കപ്പെടുമായിരുന്നു’ എന്ന് ചിന്മയി വിമര്‍ശിച്ചു.
റാഹത് ഫത്തേ അലി ഖാന്‍ ശിഷ്യനെ മർദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വിമർശനം അണപൊട്ടിയിരിക്കുകയാണ്. ഇതോടെ തന്റെ പ്രവൃത്തിയ ന്യായീകരിച്ച് ഗായകൻ സ്വമേധയാ ഒരു വിഡിയോ പോസ്റ്റ് ചെയ്തു. ഇതിനെയും ചിന്മയി ശ്രീപദ വിമർശിക്കുന്നുണ്ട്. ‘ഗുരുക്കന്മാർ അവർ അലങ്കരിക്കുന്ന സ്ഥാനത്തിന്റെ പവിത്രതകൊണ്ട് സംരക്ഷിക്കപ്പെടുന്നു. അവരുടെ എല്ലാ ലംഘനങ്ങളും അക്രമം, വൈകാരിക ദുരുപയോഗം ലൈംഗിക ദുരുപയോഗം തുടങ്ങിയവയെല്ലാം പ്രതിഭയെച്ചൊല്ലി ക്ഷമിക്കപ്പെടുന്നു. ഈ പ്രവണത അവസാനിപ്പിക്കേണ്ടതുണ്ട്’, എന്നാണ് ചിന്മയിയുടെ പ്രതികരണം.
ഇക്കഴിഞ്ഞ ദിവസമാണ് റാഹത് ഫത്തേ അലി ഖാന്‍ ശിഷ്യനെ ചെരിപ്പൂരി അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. കുപ്പി എവിടെയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ക്രൂര മർദനം. തനിക്കറിയില്ലെന്നു ശിഷ്യൻ പറഞ്ഞിട്ടും ഗായകൻ മർദനം തുടര്‍ന്നു. മുടിയിൽ കുത്തിപ്പിടിച്ചും കുനിച്ചു നിർത്തിയുമാണ് തല്ലുന്നത്. അടിയേറ്റ് ശിഷ്യൻ നിലത്തുവീണുപോയി. ഇതിനിടെ ചിലർ ഗായകനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നാനാ ഇടങ്ങളിൽ നിന്നും റാഹത് ഫത്തേ അലി ഖാനെതിരെ വിമർശനങ്ങൾ ഉയർന്നു. സംഭവം വിവാദമായതോടെയാണ് ന്യായീകരണവുമായി ഗായകൻ രംഗത്തെത്തിത്. ഗുരുവും ശിഷ്യനും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണിതെന്നും അയാൾ തനിക്കു മകനെപ്പോലെയാണെന്നും റാഹത് ഫത്തേ അലി ഖാന്‍ ന്യായീകരിച്ചു. മർദനമേറ്റയാളെയും അയാളുടെ പിതാവിനെയും അടുത്തു നിര്‍ത്തിയുള്ള വിഡിയോയിലൂടെയാണ് ഗായകൻ വിശദീകരണം നല്‍കിയത്.