ADVERTISEMENT

സ്റ്റുഡിയോയിൽ നാല് അതിഥികൾ മുഖാമുഖം. നീതിമാനായ ജഡ്ജി, ക്രൂരനായ വില്ലൻ, നിഷ്കളങ്കനായ കൊച്ചുകുട്ടി, പിന്നെ പല്ലുകൊഴിഞ്ഞ ഒരു പടുവൃദ്ധനും. പരസ്പരം തർക്കിക്കുകയാണ് നാലു പേരും. മണിക്കൂറിലേറെ നീണ്ട  കൊടുംകലഹം. കലഹത്തിനൊടുവിൽ ജഡ്ജി എഴുന്നേറ്റു നിന്ന് വിധി പ്രഖ്യാപിക്കുന്നു. വില്ലന് തൂക്കുകയർ; വൃദ്ധന് ജീവപര്യന്തം; കുട്ടിക്ക് ഒരു കിലോ ഐസ് ക്രീമും. എല്ലാം കേട്ട് ഒരു മൂലയിൽ അന്തം വിട്ട് കൈകെട്ടിയിരിക്കുന്നു അവതാരകൻ അമീൻ സയാനി.

പ്രക്ഷേപണ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ റേഡിയോ ഇന്റർവ്യൂ ആയിരുന്നു അതെന്ന് സയാനി. അദ്ഭുതം തോന്നാം. ഇതിലെന്താണ് ഇത്രയും ഓർക്കാൻ എന്ന്. ആ രഹസ്യം സയാനി വെളിപ്പെടുത്തുമ്പോഴാണ് നമ്മൾ ഞെട്ടുക. "ഇപ്പറഞ്ഞ നാല് കഥാപാത്രങ്ങളും ഒരാൾ തന്നെ: സകലകലാവല്ലഭനായ കിഷോർ കുമാർ." 

കിഷോറിലെ ഗായകനെയല്ല റേഡിയോ സിലോണിന്റെ സ്റ്റുഡിയോയിൽ അന്ന് സയാനി കണ്ടത്, പ്രതിഭാശാലിയായ മിമിക്രി കലാകാരനെ. ബിനാക്ക ഗീത് മാല തുടങ്ങിയ ശേഷം ഒരു അഭിമുഖത്തിനു വേണ്ടി കിഷോറിന് പിറകെ നടന്നു മടുത്തിട്ടുണ്ട് അദ്ദേഹം. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് കിഷോർ വഴങ്ങിയത്. "ആദ്യ അഭിമുഖം ഒരു സംഭവം തന്നെയായിരുന്നു. സ്റ്റുഡിയോയിൽ കയറിവന്ന് അദ്ദേഹം കൽപ്പിച്ചു: താൻ ഒരു മൂലയ്ക്ക് ഇരുന്നാൽ മതി. ഇന്റർവ്യൂ ഞാൻ നടത്തും. ഇനിയാണ് രസം. ഞൊടിയിടയിൽ നാല് വ്യത്യസ്ത ശബ്ദങ്ങളിൽ നാല് കഥാപാത്രങ്ങളായി മാറി അദ്ദേഹം. ചൂടേറിയ വാദപ്രതിവാദങ്ങൾക്കൊടുവിൽ ജഡ്ജിയായ കിഷോർ വിധി പ്രഖ്യാപിക്കുന്നതോടെ അഭിമുഖം അവസാനിക്കുന്നു. സീമാതീതമായ ആ അഭിനയ ചാതുരി അന്തം വിട്ടു കണ്ടിരിക്കുകയായിരുന്നു ഞാൻ. എല്ലാ പ്രവചനങ്ങൾക്കും അപ്പുറത്തായിരുന്നു കിഷോർ എന്നു തോന്നിയിട്ടുണ്ട്. കാലത്തിനു മുൻപേ സഞ്ചരിച്ച പ്രതിഭ.''

"ഏറ്റവും പ്രിയപ്പെട്ട ഗായകൻ ആര് എന്ന് ചോദിക്കാറുണ്ട് പലരും. ഗായകൻ എന്ന നിലയിൽ മാത്രമല്ല വ്യക്തി എന്ന നിലയിലും എന്നെ വിസ്മയിപ്പിച്ചിട്ടുള്ളത്  കിഷോർ  മാത്രം. എന്റെ ജീവിതത്തിലെ ഏറ്റവും വിചിത്രമായ അധ്യായമാണ് കിഷോർ.''

കോളേജ് ജീവിതകാലത്ത് പരിചയപ്പെട്ടതാണ് കിഷോറിനെ. സെന്റ് സേവിയേഴ്‌സിൽ സഹപാഠിയായിരുന്ന ഒരു പെൺകുട്ടി വഴിയാണ് ആദ്യ സമാഗമം. പരിചയം സൗഹൃദമായി വളർന്നത് പെട്ടെന്നാണ്. സിനിമയിൽ തുടക്കം കുറിച്ച് അധികകാലമായിരുന്നില്ല കിഷോർ. താമസിയാതെ പാർട്ടികൾക്കും പിക്‌നിക്കുകൾക്കും കിഷോറിനെ അനുഗമിച്ചു തുടങ്ങുന്നു സയാനി. പ്രിയപ്പെട്ട പഴയ 1928 മോഡൽ ഫോർഡ് കാറിൽ സുഹൃത്തുമായി നഗരം ചുറ്റിക്കറങ്ങും കിഷോർ. "രിംജിം" എന്ന ചിത്രത്തിലെ ജഗ്മഗ് ജഗ്മഗ് കർത്താ നികലാ ആയിരുന്നു അക്കാലത്ത് സയാനിയുടെ പ്രിയപ്പെട്ട കിഷോർ ഗാനം. "കാറിൽ പോകുമ്പോൾ ആ പാട്ട് പാടിക്കേൾപ്പിക്കാൻ ആവശ്യപ്പെടും ഞാൻ. കൃത്രിമ ഗൗരവം നടിച്ച് കിഷോർ ചോദിക്കും: ചുമ്മാ പാടിപ്പിക്കാം എന്ന് കരുതി. അല്ലേ? പണം തരാതെ കിഷോർ വാ തുറക്കില്ല. 

ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടുമെന്ന് പ്രതീക്ഷിച്ചിട്ടില്ലാത്ത എത്രയോ മഹാരഥന്മാരെ നേരിൽ കാണാനും അവരുമായി ചങ്ങാത്തം സ്ഥാപിക്കാനും  കഴിഞ്ഞു എന്നതാണ് ഗീത് മാല തനിക്ക് നൽകിയ സൗഭാഗ്യം എന്ന് പറഞ്ഞിട്ടുണ്ട് സയാനി. മെഹബൂബ് ഖാനെയും രാജ് കപൂറിനേയും സൊഹ്‌റാബ് മോദിയെയും ഗുരുദത്തിനെയും കെ ആസിഫിനെയും പോലുള്ള സംവിധായകർ. ദിലീപ് കുമാറിനെയും ദേവാനന്ദിനെയും പ്രാണിനെയും മീനകുമാരിയെയും വഹീദാ റഹ്‌മാനെയും പോലുള്ള താരങ്ങൾ. മുഹമ്മദ് റഫിയെയും കിഷോറിനെയും ലതയെയും പോലുള്ള ഗായകർ. നൗഷാദ് മുതൽ രവീന്ദ്ര ജെയ്ൻ വരെയുള്ള സംഗീത സംവിധായകർ...  

മാന്യതയുടെ ആൾരൂപം എന്നാണ്  മുഹമ്മദ് റഫിയെ സയാനി വിശേഷിപ്പിക്കുക. നിർഭാഗ്യവശാൽ ഒരിക്കൽ പോലും റഫിയെ സ്വന്തം സ്റ്റുഡിയോയിൽ ക്ഷണിച്ചുവരുത്തി ഇന്റർവ്യൂ ചെയ്യാനുള്ള ഭാഗ്യമുണ്ടായില്ല സയാനിക്ക്. "ഇത്രയും ഹൃദയ നൈർമല്യമുള്ള മനുഷ്യരെ അധികം കണ്ടിട്ടില്ല. തമാശക്ക് വേണ്ടി പോലും അസത്യം പറയില്ല അദ്ദേഹം. യാതൊരു ദുഃശീലവുമില്ല. ആരോടും പകയില്ല. ചിരിച്ചുകൊണ്ടേ സംസാരിക്കൂ. അഭിമുഖത്തിനായി സമീപിച്ചപ്പോഴെല്ലാം ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയാണ് പതിവ്. ഇനിയൊരിക്കലാകട്ടെ എന്ന വിശദീകരണത്തോടെ. ''സ്‌നേഹപൂർവമായ നിർബന്ധത്തിനൊടുവിൽ 1970 കളുടെ അവസാനം സയാനിക്ക് ഒരു അഭിമുഖം അനുവദിക്കാൻ റഫി സാഹിബ് തയ്യാറാകുന്നു. ഒരു ഉപാധിയോടെ. "താങ്കളുടെ ചോദ്യങ്ങൾക്ക് ഞാൻ പാട്ടിലൂടെയേ മറുപടി പറയൂ. ആ തരത്തിലുള്ള ചോദ്യങ്ങൾ താങ്കൾ തയ്യാറാക്കിയാൽ മതി.'' 

ദിവസങ്ങൾ എടുത്ത് റഫിയോടു ചോദിക്കാനുള്ള ചോദ്യങ്ങൾ എഴുതി തയ്യാറാക്കുന്നു സയാനി. "ഓരോ ചോദ്യത്തിനും റഫി സാഹിബിന്റെ സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ വരികൾ ഉത്തരമായി വരുന്ന വിധമായിരുന്നു എന്റെ പട്ടിക. എഹ്സാൻ മേരാ ദിൽ പേ തുമാരാ ഹേ ദോസ്‌തോം, തു ഹിന്ദു ബനേഗാ നാ മുസൽമാൻ ബനേഗാ, ആജാ തുജ്കോ പുകാരെ മേരെ ഗീത് രേ... അങ്ങനെ നിരവധി പാട്ടുകൾ. എല്ലാം ശരിയാക്കി റഫി സാഹിബിനെ കാത്തിരിക്കുമ്പോഴാണ് തെല്ലും നിനച്ചിരിക്കാതെ ആ ഞെട്ടിക്കുന്ന വാർത്ത. റഫി സാഹിബ് അന്തരിച്ചു. അന്നുണ്ടായ നിരാശയും വേദനയും പറഞ്ഞറിയിക്കാനാവില്ല. റഫി സാഹിബിന്റെ വിലാപയാത്രയെ ഖബറിസ്ഥാനിലേക്ക് അനുഗമിച്ചത് ഇന്നലെയെന്നെ പോൽ ഓർക്കുന്നു. നേർത്ത മഴ പൊടിയുന്നുണ്ടായിരുന്നു. പ്രകൃതി പോലും കണ്ണീർ വാർക്കും പോലെ...''

മുകേഷ് ആണ് സയാനിയെ ഏറെ ആകർഷിച്ച മറ്റൊരു വ്യക്തിത്വം. പാവം മനുഷ്യനായിരുന്നു. ആരോടും തർക്കിക്കാൻ വശമില്ലാത്ത ആൾ. അദ്ദേഹം പാടിയ പാട്ടുകൾക്കും ഉണ്ടായിരുന്നു ഈ ലാളിത്യം. ഏതു സാധാരണക്കാരനും ഏറ്റു പാടാൻ കഴിയുന്ന പാട്ടുകളായിരുന്നു അവയിൽ ഭൂരിഭാഗവും. ദീർഘകാലത്തെ ഇടവേളക്ക് ശേഷം 1976 ൽ കഭീ കഭീ എന്ന ഗാനത്തിലൂടെ ഗീത് മാലയുടെ തലപ്പത്ത് തിരിച്ചെത്തിയെങ്കിലും ആ നേട്ടം ആസ്വദിക്കാൻ മുകേഷിന്  ഭാഗ്യമുണ്ടായില്ല. അതിനു മുൻപേ ഹൃദയാഘാതത്തിന്റെ രൂപത്തിൽ വന്ന് മരണം ആ മഹാഗായകനെ കൂട്ടിക്കൊണ്ടുപോയിരുന്നു.

സിനിമാലോകത്തെ സയാനിയുടെ അടുത്ത സുഹൃത്തുക്കളിൽ ലതാ മങ്കേഷ്‌ക്കറും ആശാ ഭോസ്ലെയുമുണ്ട്. ഇരുവരുമായും ഒരു പോലെ അടുപ്പം കാത്തു സൂക്ഷിച്ചു അദ്ദേഹം. "പലരും ചോദിച്ചിട്ടുണ്ട് ഈ രണ്ടു സഹോദരിമാരും തമ്മിലുള്ള ഇണക്കങ്ങളെയും പിണക്കങ്ങളെയും പറ്റി. വെറും കിംവദന്തികൾ മാത്രമാണ് അവയെല്ലാം എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. രണ്ടു പേരോടും ഇക്കാര്യം ഞാൻ ചർച്ച ചെയ്തതാണ്. ലതയുടെ വലിയൊരു ആരാധികയാണ് ഞാൻ എന്നാണ് ആശ പറഞ്ഞത്. രണ്ടു വ്യത്യസ്‍ത ശൈലിയുടെ ഉടമകൾ തമ്മിൽ മത്സരം എന്തിന് എന്നായിരുന്നു ലതയുടെ ചോദ്യം.'' 

ആശയുടെ ഗാനങ്ങളിൽ മേരാ കുച്ഛ് സാമാൻ (ഇജാസത്) എന്ന ഗുൽസാർ കവിതയോട് പ്രത്യേകിച്ചൊരു ഇഷ്ടമുണ്ട് സയാനിക്ക്. ലതയ്ക്ക് വേണ്ടി മദൻ മോഹൻ സൃഷ്ടിച്ച ഈണങ്ങളോടും. സംഗീതസംവിധായകർക്കിടയിൽ സയാനിയുടെ പ്രിയ സുഹൃത്തായിരുന്നു മദൻ. "എന്റെ അഭിപ്രയത്തിൽ എസ്.ഡി.ബർമൻ, രോഷൻ എന്നിവർക്കൊപ്പം ഹിന്ദി സിനിമയിലെ ഏറ്റവും പ്രതിഭാധനരായ സംഗീത ശിൽപ്പികളിൽ ഒരാളായിരുന്നു മദൻ മോഹൻ. നിർഭാഗ്യവശാൽ  ജീവിച്ചിരുന്ന കാലത്ത് ഗീത് മാലയിൽ ഒരിക്കലും അദ്ദേഹത്തിന്റെ ഗാനങ്ങൾ ഒന്നാമതെത്തിയില്ല. രണ്ടും മൂന്നും സ്ഥാനങ്ങൾ കൊണ്ട് തൃപ്തിപ്പെടാനായിരുന്നു അവയുടെ യോഗം. 1962 ൽ അൻപട് എന്ന ചിത്രത്തിൽ മദൻ ചിട്ടപ്പെടുത്തിയ എല്ലാ പാട്ടുകളും പട്ടികയിൽ ഇടം നേടിയത് ഓർക്കുന്നു. റെക്കോർഡ് വിൽപ്പന കുതിച്ചുയരട്ടെ എന്ന ആഗ്രഹത്തോടെ എന്റെ പരിപാടിയിൽ ഞാൻ ആ പാട്ടുകളെ വാനോളം പുകഴ്ത്തും. എന്തു ഫലം. ആ വർഷം ഒന്നാമതെത്തിയത് ശങ്കർ ജയ്കിഷന്റെ "എഹ്സാൻ തേരാ ഹോഗാ മുജ്‌സെ'' എന്ന ഗാനം. മദൻമോഹന്റെ ആപ് കി നസ്‌രോം നേ സമജാ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്..'' 

മറ്റൊരു വിരോധാഭാസം കൂടി എടുത്തു പറയുന്നു സയാനി. മരണശേഷം മദന്റെ ഒരു ഗാനം ഗീത് മാലയിൽ ഒന്നാം സ്ഥാനത്തെത്തി– ലൈലാ മജ്നുവിലെ കോയി പഥർ സേ നാ മാരെ. 1950 കളിലും 60 കളിലും മദൻമോഹൻ സൃഷ്ടിച്ച അനശ്വര ഗാനങ്ങളുമായി താരതമ്യം പോലുമുണ്ടായിരുന്നില്ല ഈ പാട്ടിന് എന്നതാണു രസകരം. 

മറക്കാനാവാത്ത അനുഭവങ്ങൾ അങ്ങനെ എത്രയെത്ര. പോയി മറഞ്ഞ കാലത്തേക്ക് നെടുവീർപ്പോടെ തിരിഞ്ഞുനോക്കി പഴയതെല്ലാം പൊന്ന് എന്നു സ്വയം വിശ്വസിപ്പിക്കാറില്ലായിരുന്നു അമീൻ സയാനി. വർത്തമാന കാലത്തിൽ മാത്രം അഭിരമിക്കാറുമില്ല. ഭാവിയെ കുറിച്ചായിരുന്നു സയാനിയുടെ ആശങ്കകളത്രയും. ജാതിമതചിന്തകൾക്കും പ്രാദേശികതയ്ക്കും അപ്പുറത്ത് ഇന്ത്യയെ ഒരൊറ്റ ആത്മാവും ഹൃദയവുമായി കണ്ട് വളർന്ന തലമുറയുടെ പ്രതിനിധിക്ക്  നാടിന്റെ ഇന്നത്തെ അവസ്ഥയിൽ എങ്ങനെ ദുഃഖം തോന്നാതിരിക്കും? 

ശുഭശകുനങ്ങൾ കുറഞ്ഞുവരുന്നു. സ്നേഹവും സാഹോദര്യവും മുദ്രാവാക്യങ്ങൾ മാത്രമാകുന്നു. "എല്ലാ മതങ്ങളും സംസാരിക്കുന്നത് സ്നേഹത്തെയും കരുണയെയും സമാധാനത്തെയും കുറിച്ചാണ്. അവർക്കെങ്ങനെ പരസ്പരം വെറുക്കാനാകും?''ൃ– സംഗീതത്തിന്റെ പൊൻനൂലിനാൽ ഇന്ത്യൻ ജനതയെ ദശകങ്ങളോളം കോർത്തിണക്കി ഒപ്പം നടത്തിയ മനുഷ്യൻ വികാരഭരിതമായി ചോദിക്കുന്നു.

സർവമത സാഹോദര്യം എന്നത് വെറുമൊരു സങ്കൽപ്പം  മാത്രമല്ലെന്ന് തെളിയിച്ചിട്ടുണ്ട് സയാനിയുടെ കുടുംബം. "ഗുജറാത്തിലെ കച്ചിൽ വേരുകളുള്ള ഖോജാ മുസ്ലീമാണ് ഡാഡി.''– സയാനിയുടെ മകൻ റജിൽ പറയുന്നു. "അമ്മ രമ കാശ്മീരി പണ്ഡിറ്റ്. റേഡിയോ ജീവിതകാലത്ത് പരസ്പരം കണ്ടുമുട്ടി ഇഷ്ടപ്പെട്ടവരാണ് ഇരുവരും. അമ്മ നന്നായി പാടും. സിനിമാഗാനങ്ങളെ കുറിച്ച് അസാമാന്യ ജ്ഞാനവുമുണ്ട്. ഗീത് മാലയുടെ യഥാർഥ റിസോഴ്‌സ് പേഴ്സൺ അമ്മയായിരുന്നു. സംഗീതമാണ്‌ ഡാഡിയേയും അമ്മയെയും കൂട്ടിയിണക്കിയ കണ്ണി. ഹിന്ദുവും ഇസ്‌ലാമായല്ല അവർ എന്നെ വളർത്തിയത്. സ്വന്തം തൊഴിലിനെ പ്രാർഥനയായി കണ്ട ഒരു സാധാരണ മനുഷ്യനായാണ്.'' മതാതീത ജീവിതം രണ്ടാം തലമുറയിലും തുടരുന്നു സയാനി കുടുംബം. റജിൽ സയാനിയുടെ ഭാര്യ കൃഷൻ ജ്യോതി പഞ്ചാബി ബ്രാഹ്മണകുടുംബത്തിലെ അംഗം. അമ്മാവൻ ഹബീബ് സയാനി വിവാഹം ചെയ്തത് ക്രിസ്തീയ മത വിശ്വാസിയായ അമേരിക്കക്കാരി ആനിനെ.

English Summary:

Remembering radio announcer Ameen Sayani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com