മറഞ്ഞെങ്കിലും മായാതെ, പാട്ടിന്റെ രാജശിൽപ്പി
Mail This Article
എന്റെ എല്ലാ പാട്ടുകളും എടുത്തോളൂ; എനിക്ക് ദേവരാജന്റെ ഹരിവരാസനം മാത്രം മതി. മരണംവരെ അത് ഞാന്‍ നെഞ്ചോടു ചേര്‍ത്തുവെക്കും എന്ന് പറഞ്ഞത് ദേവരാജൻ എന്ന സംഗീത രാജശിൽപ്പിയുടെ സമകാലീനനായ ഒരു സംഗീത സംവിധായകനാണ്, അതെ നിരീശ്വരവാദിയായിട്ടും മധ്യമവതി രാഗത്തിന്റെ മുഴുവൻ സൗന്ദര്യവും മാധുര്യവും നിറച്ച ഹരിവരാസനം ഭക്തസഹസ്രങ്ങളെ നിർവൃതിയിൽ ആറാടിക്കുന്നെങ്കിൽ അതിനു പിന്നിൽ പരവൂര്‍ ഗോവിന്ദന്‍ ദേവരാജന്‍ എന്ന പാട്ടിന്റെ രാജശിൽപ്പിയുടെ സംഗീത സപര്യയാണ്.
ദേവരാജന്‍ മാസ്റ്റർ, വയലാർ, യേശുദാസ് ഇത്രയും എഴുതിയാൽത്തന്നെ മലയാള ചലച്ചിത്ര സംഗീതത്തിന്റെ വലിയൊരു കാലഘട്ടമാണ് അനാവരണം ചെയ്യപ്പെടുന്നത്. മുന്നൂറ്റിയമ്പതിലേറെ സിനിമകളിലായി രണ്ടായിരത്തോളം ഗാനങ്ങളാണ് അദ്ദേഹം രചിച്ചത്. 1927 ല്‍ കര്‍ണ്ണാടക സംഗീതജ്ഞനായ പിതാവിന്റെ മകനായി ജനനം. 8 വയസ്സ് മുതല്‍ സംഗീതം പഠിക്കാനാരംഭിച്ചു. 18 വയസ്സില്‍ ആദ്യത്തെ കച്ചേരി. 20-ാം വയസ്സില്‍ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കാന്‍ തുടങ്ങി. കെപിഏസിയുടെ നാടകങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചു. ‘പൊന്നരിവാള്‍ അമ്പിളിയില്’ മുഴങ്ങാത്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാരണ, പ്രസംഗ വേദികൾ ചുരുക്കം.സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന സംഗീത ഭാഷയായിരുന്നു ദേവരാജനെ ജനപ്രിയനാക്കിയതെന്ന് സംഗീത വിദ്യാർഥികൾ പറയുന്നു.
വ്യത്യസ്തങ്ങളായ ഈണങ്ങൾ കൊണ്ട് മലയാള ഗാനശാഖ സമ്പന്നമാക്കിയ അദ്ദേഹത്തിന്റെ ഗാനങ്ങളിൽ നാടൻ പാട്ടുകളുടെ ഈണങ്ങളും പാശ്ചാത്യ സംഗീതവും കർണ്ണാടക - ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും സ്പർശമുണ്ടായിരുന്നു. ചെന്നൈ ടി. നഗറിലെ കൃഷ്ണഗാനസഭയില്‍ വച്ചാണ് മാധുരിയെ ദേവരാജന്‍ മാസ്റ്റര്‍ കാണുന്നത്. പിന്നീട് മാധുരിക്ക് മാസ്റ്ററുടെ വിളിയെത്തി. ദേവരാജന്‍ മാസ്റ്ററുടെ പ്രിയപ്പെട്ട ഗായികയായി മാധുരി. 500ന് അടുത്ത് ഗാനങ്ങള്‍ മാധുരി മാസ്റ്ററിന്റെ സാഗീതത്തിൽ ആലപിച്ചു.
പ്രിയസഖി ഗംഗേ പറയൂ, ഇന്നെനിക്ക് പൊട്ടുകുത്താന്‍ എന്നിവ കാലപ്രവാഹത്തിൽ ഇളക്കം തട്ടാത്ത അമൂർത്ത ശിൽപ്പങ്ങൾ പോലെയായി. 'നീയെത്ര ധന്യയിലെ അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന ഒറ്റഗാനം മതി പ്രണയം ഹൃദയത്തിൽ സൂക്ഷിക്കുന്നവർക്ക് ദേവസംഗീതത്തിന്റെ ഓർമ അലയടിക്കാൻ. മാണിക്യവീണയുമായെന്‍, സ്വര്‍ഗപുത്രീ നവരാത്രീ, സന്യാസിനീ നിന്‍ പുണ്യാശ്രമത്തിൽ, കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു, കൈതപ്പുഴക്കായലിലെ, റംസാനിലെ ചന്ദ്രികയോ, ചെത്തിമന്ദാരം തുളസി, ഉണ്ണിക്കൈ വളരൂ, ഇന്നെനിക്ക് പൊട്ടുകുത്താന്‍, സമയമാം രഥത്തില്‍, തേടിവരും കണ്ണുകളില്‍, മംഗളം നേരുന്നു ഞാന്‍, ആകാശങ്ങളിലിരിക്കും, ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം, അമ്പലക്കുളങ്ങര, അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളി അമ്മാവന്‍, വണ്ടി വണ്ടീ നിന്നെപ്പോലെ,പ്രാണനാഥനെനിക്കു നല്‍കിയ, മുള്‍ക്കിരീടമിതെന്തിനു നല്‍കി, ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍, പത്മതീര്‍ഥമേ ഉണരൂ, പെരിയാറേ, പതിനാലാം രാവുദിച്ചത്, താഴംപൂ മണമുള്ള, കല്യാണീ കളവാണീ, പൊല്‍ത്തിങ്കള്‍ക്കല, കല്‍പനയാകും യമുനാനദിയുടെ, കറുത്ത പെണ്ണേ കരിങ്കുഴലീ, ഇടയകന്യകേ, കസ്‌തൂരി തെയിലമിട്ട്, നാദബ്രഹ്മത്തിന്‍, ഒാമലാളേ കണ്ടൂ ഞാന്‍, പ്രിയ സഖി ഗംഗേ, രാജശില്‍പീ, ഹൃദയേശ്വരീ, കായാമ്പൂ, പൂവും പ്രസാദവും, ആയിരം പാദസരങ്ങള്‍, എല്ലാരും ചൊല്ലണ്, ഒന്നിനി ശ്രുതി താഴ്ത്തി, വാസന്തരാവിന്റെ, കാറ്റേ വാ കടലേ വാ, മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ദേവദാരു പൂത്ത, ഉജ്ജയിനിയിലെ ഗായിക തുടങ്ങി ഗുരുവായൂരമ്പലനടയിൽ, നിത്യ വിശുദ്ധയാം കന്യാമറിയമേ, തുടങ്ങിയ ഭക്തിഗാനങ്ങൾ ദേവരാജൻ ചിട്ടപ്പെടുത്തിയവയാണ്.
വരികള്‍ ഹൃദിസ്ഥമാക്കിയ ശേഷമേ മാസ്റ്റര്‍ ഈണമിടൂ...ചെറിയൊരു അര്‍ത്ഥഭ്രംശം പോലും പൊറുക്കില്ല അദ്ദേഹമെന്ന് പറഞ്ഞത് ശ്രീകുമാരൻ തമ്പിയാണ്. സംഗീതത്തിനും സാഹിത്യത്തിനും പ്രാധാന്യം നൽകി ഈണമിട്ട ദേവരാജന് മാസ്റ്ററുടെ അനശ്വരമായ ഈണങ്ങള് ഹൃദയത്തില്‍ നിന്ന് മലയാളമുള്ള കാലം പോവില്ല.
ശാസ്ത്രീയ സംഗീതത്തിന്റെ ചരിത്രവും ശാസ്ത്രീയ സംഗീതത്തെക്കുറിച്ച് മാസ്റ്ററിന്റെ കാഴ്ച്ചപ്പാടുമാണ് സംഗീതശാസ്ത്രനവസുധ എന്ന പുസ്തകം. സംഗീതോല്‍പ്പത്തിയെക്കുറിച്ചും സംഗീതത്തിന്റെ വികാസത്തെക്കുറിച്ചും നിലവിലുള്ള ധാരണകളെ തിരുത്താനുതകുന്ന പുസ്തകം വലിയ ചർച്ചയ്ക്ക് അര്‍ഹമായതാണ്.