ADVERTISEMENT

ഗായിക സൈന്ധവിയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിനു പിന്നാലെ പ്രചരിച്ച അഭ്യൂഹങ്ങളോടു പ്രതികരിച്ച് സംഗീതസംവിധായകനും ഗായകനുമായ ജി.വി.പ്രകാശ്. പരസ്പരധാരണയോടെ രണ്ടുപേർ വേർപിരിയുന്നുവെന്നു പ്രഖ്യാപിച്ചാൽ അതിലെ കാരണങ്ങൾ ചികയുന്നത് എന്തിനാണെന്ന് പ്രകാശ് ചോദിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലൂടെയാണ് ട്രോളുകളോടും വ്യാജപ്രചാരണങ്ങളോടും ജി.വി.പ്രകാശ് പ്രതികരിച്ചത്. 

‘കൃത്യമായ ധാരണകളില്ലാതെ, വിശദാംശങ്ങളില്ലാതെ ചില അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് പേരുടെ മനസ്സ് വേദനിപ്പിക്കും വിധം പ്രചാരണങ്ങൾ നടത്തുന്നത് അങ്ങേയറ്റം ഖേദകരമാണ്. സെലിബ്രിറ്റികളാണ് എന്നതുകൊണ്ട് ഞങ്ങളുടെ വ്യക്തിജീവിതത്തിലേക്കു കടന്നു കയറുന്നതും തരം താഴ്ന്ന വിമർശനങ്ങൾ ഉന്നയിക്കുന്നതും അംഗീകരിക്കാനാവില്ല. തമിഴർ ഇത്രയധികം അധഃപതിച്ചോ? നിങ്ങളുടെ കമന്റുകൾ വ്യക്തികളുടെ മനസ്സിനെ ബാധിക്കില്ലേ? എല്ലാവരുടെയും വികാരങ്ങളെ മാനിക്കുക 

സൈന്ധവി, ജി.വി.പ്രകാശ് (ഇൻസ്റ്റഗ്രാം)
സൈന്ധവി, ജി.വി.പ്രകാശ് (ഇൻസ്റ്റഗ്രാം)

രണ്ടുപേർ പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞുവെന്നു പറഞ്ഞുകഴിഞ്ഞാൽ വീണ്ടും എന്തിനാണ് അതിലെ കാരണങ്ങൾ ചികയുന്നത്? എന്താണ് കാരണമെന്ന് ഞങ്ങളുടെ കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അറിയാം. എല്ലാവരോടും കൂടിയാലോചിച്ചതിനു ശേഷമാണ് വിവാഹമോചനം എന്ന തീരുമാനത്തിലേക്കു ഞങ്ങൾ എത്തിയത്. നിങ്ങൾ ഞങ്ങളെ പ്രശസ്തരാക്കി എന്നതുകൊണ്ടോ, ഞങ്ങളോടുള്ള അമിത സ്നേഹം കൊണ്ടോ ഇത്തരത്തിലുള്ള തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും അതിരറ്റ നന്ദി’, ജി.വി.പ്രകാശ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

ഏതാനും ദിവസങ്ങൾക്കു മുൻപാണ് താനും സൈന്ധവിയും വിവാഹ ബന്ധം വേർപെടുത്തിയെന്ന് ജി.വി.പ്രകാശ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഏറെ ആലോചനകൾക്കു ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മാനസിക പുരോഗതിക്കും സമാധാനത്തിനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം  സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തൊട്ടുപിന്നാലെ പലവിധത്തിലുള്ള ഗോസിപ്പുകളും ട്രോളുകളും തല പൊക്കി. എല്ലായ്പ്പോഴും പ്രണയത്തെക്കുറിച്ചു വാചാലനായിരുന്ന പ്രകാശിന്റെ ചില പഴയ അഭിമുഖങ്ങളുടെ ദൃശ്യങ്ങൾ ട്രോളുകളായും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് പ്രതികരണക്കുറിപ്പുമായി ജി.വി.പ്രകാശ് രംഗത്തെത്തിയത്. 

2013–ലായിരുന്നു ജി.വി.പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹം. സ്കൂൾ കാലം മുതലുള്ള സുഹൃത്തുക്കളായിരുന്നു ഇരുവരും. ഇവർക്ക് അൻവി എന്നൊരു മകളുണ്ട്. എ.ആർ റഹ്മാന്റെ സഹോദരീപുത്രനാണ് ജി.വി.പ്രകാശ്. റഹ്മാൻ സംഗീതം നിർവഹിച്ച ‘ജെന്റിൽമാൻ’ എന്ന ചിത്രത്തിലൂടെ ഗായകനായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ജി.വി.പ്രകാശ്, പിന്നീട് സംഗീതസംവിധായകനായും നടനായും പേരെടുത്തു. 

English Summary:

GV Prakash reacts to trolling after separation announcement from Saindhavi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com