ADVERTISEMENT

മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് സൂപ്പര്‍ഹിറ്റ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ നിര്‍മാതാക്കൾക്കു പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജയുടെ വക്കീൽ നോട്ടിസ്. മഞ്ഞുമ്മലിൽ ഉപയോഗിച്ച ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന ഗാനം തന്റെ സൃഷ്ടിയാണെന്നും തന്റെ അനുമതി വാങ്ങാതെയാണ് സിനിമയുടെ അണിയറപ്രവർത്തകർ ആ ഗാനം ഉപയോഗിച്ചതെന്നും ഇളയരാജ നിയമനടപടിക്ക് കാരണമായി പറയുന്നു. 

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും നോട്ടിസില്‍ പറയുന്നു. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസ് ആണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിർമിച്ചത്. 

1991–ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ ടൈറ്റില്‍ റോളിലെത്തിയ ‘ഗുണ’ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് ‘കണ്‍മണി അന്‍പോട് കാതലന്‍’. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ പല പ്രധാന രംഗങ്ങളിലും ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്. 

പകർപ്പവകാശത്തെ സംബന്ധിച്ചുള്ള മറ്റൊരു കേസിൽ‌ ഇളയരാജയ്ക്ക് കഴിഞ്ഞ ദിവസമാണ് തമിഴ്നാട് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടത്. ഒരു പാട്ട് അത് ആലപിച്ച വ്യക്തിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അതിന്മേൽ അധികാരമുണ്ടെന്നുമായിരുന്നു കോടതി വിധി. 

English Summary:

Ilaiyaraaja sends legal notice to Manjummel Boys

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com