ADVERTISEMENT

പാട്ടുകൊണ്ട് പേരെടുത്ത് ‘പെരിയരാജ’ ആയെങ്കിലും വിവാദങ്ങളുടെ കൂടെ ‘രാജ’യാകുകയാണ് അടുത്ത കാലത്തായി ഇസൈജ്ഞാനി ഇളയരാജ. പകർപ്പവകാശത്തെച്ചൊല്ലിയുള്ള പല തർക്കങ്ങളിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത അദ്ദേഹം്  200 കോടി ക്ലബിൽ ഇടം പിടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിനെതിരെയാണ് ഏറ്റവുമൊടുവിലായി അങ്കത്തിനിറങ്ങിയിരിക്കുന്നത്. ‘ഗുണ’ എന്ന കമൽഹാസൻ ചിത്രത്തിനു വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയ ‘കൺമണി അൻപോട് കാതലൻ’ എന്ന ഗാനം മഞ്ഞുമ്മലിന്റെ ആത്മാവിൻ താളമായി മുഴങ്ങുന്നുണ്ട്. തന്റെ അനുമതി കൂടാതെയാണ് ചിത്രത്തിന്റെ നിർമാതാക്കൾ ആ പാട്ട് ഉപയോഗിച്ചതെന്നു ചൂണ്ടിക്കാട്ടി ഇളയരാജ വക്കീൽ നോട്ടിസ് അയച്ചതോടെ ഇതേ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും പുകഞ്ഞുതുടങ്ങി. എന്നാൽ മഞ്ഞുമ്മൽ ബോയ്സിന്റെ അണിയറപ്രവർത്തകർ വിഷയത്തോടു പ്രതികരിക്കാനില്ലെന്ന് അറിയിച്ചു.

തലമുറകൾക്കായി പിറന്ന കൺമണിയും കാതലനും

1991ൽ ‘ഗുണ’ എന്ന ചിത്രത്തിനു വേണ്ടി വാലി-ഇളയരാജ കൂട്ടുകെട്ടില്‍ പിറന്ന ഗാനമാണ് ‘കണ്‍മണി അന്‍പോട് കാതലന്‍’. ഗുണയ്ക്കുവേണ്ടി മാത്രമായിരുന്നില്ല, എക്കാലത്തേക്കുമായി പിറന്ന ഗാനമായിരുന്നു അത്. അല്ലെങ്കിൽ പാട്ട് പുറത്തിറങ്ങി 3 പതിറ്റാണ്ടിനിപ്പുറവും ആ കൺമണിയും കാതലനും അതേ പ്രണയത്തോടെ പ്രേക്ഷകലക്ഷങ്ങളിൽ ജീവിക്കുമോ? തലമുറകൾ എത്ര കടന്നുപോയി? എത്രയെത്ര ഇഷ്ടങ്ങൾ മാറി വന്നു? എത്ര പ്രണയഗാനങ്ങൾ പിറന്നുവീണു? എന്നിട്ടും പ്രണയിക്കുന്ന ഹൃദയങ്ങളിൽ പ്രിയപ്പെട്ട പാട്ടായി ‘കണ്‍മണി അന്‍പോട് കാതലന്‍’ പറ്റിപ്പിടിച്ചിരിക്കുന്നുണ്ട്, ഇറങ്ങിപ്പോകാൻ കൂട്ടാക്കാതെ. ‘ഗുണ’യുടെ മുഴുവൻ ഭാവവും ഒരു പാട്ടിൽ പതിഞ്ഞുകിടക്കണമെന്ന് സംവിധായകൻ സന്താന ഭാരതിക്കു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹം പാട്ടൊരുക്കാനായി ഇളയരാജയെ ക്ഷണിച്ചത്. പാട്ടിൽ സംഭാഷണങ്ങളും ഉള്ളതുകൊണ്ട് ചിത്രത്തിലെ നായകൻ കമൽഹാസൻ തന്നെ ‘കൺമണി അൻപോട്’ പാടട്ടെയെന്ന് ഇളയരാജയും സന്താന ഭാരതിയും ചേർന്നു തീരുമാനിച്ചു. പെൺസ്വരമായി എസ്.ജാനകിയുമെത്തി. 

raja3
ഇളയരാജ ∙പിടിഐ

കട്ടായം പറഞ്ഞ് ഇളയരാജ

അവിടിവിടങ്ങളിലായി പലരും മൂളി നടക്കുന്നുണ്ടെങ്കിലും പ്രണയത്തിന്റെ ഭാവങ്ങൾ പങ്കുവയ്ക്കുന്നുണ്ടെങ്കിലും കൺമണി അൻപോടിനൊപ്പം സൗഹൃദം കൂടി ചേർത്തുവായിക്കപ്പെട്ടത് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ‘മഞ്ഞുമ്മൽ ബോയ്സി’ലൂടെയായിരിക്കും. ‘ഡെവിൾസ് കിച്ചണിൽ’ വീണുപോയ സുഭാഷും അവനെ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ പോലും നഷ്ടപ്പെടുത്താൻ തയ്യാറായ ഒരുകൂട്ടം ചെക്കന്മാരുടെയും കഥ പറഞ്ഞ ചിത്രം. അതിൽ പലയിടത്തും ‘കൺമണി അൻപോട്’ ഉപയോഗിക്കപ്പെട്ടെങ്കിലും സുഭാഷിനെ കരകയറ്റി കൊണ്ടുവരുമ്പോൾ പിന്നണിയിൽ മുഴങ്ങിയ ആ ഈണം സിനിമ കണ്ടിറങ്ങിയ ദശലക്ഷക്കണക്കിനു ഹൃദയങ്ങളെ കോൾമയിർ കൊള്ളിച്ചു. 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചതിന്റെ സന്തോഷത്തിമിർപ്പിനു തിരിച്ചടിയായി ഇളയരാജയുടെ വക്കീൽ നോട്ടിസ് എത്തിയത് മഞ്ഞുമ്മലിന്റെ ആരാധകരെയും അൽപം നിരാശരാക്കുന്നുണ്ട്. വിഷയത്തിൽ അടുത്ത നടപടി എന്തായിരിക്കുമെന്ന തരത്തിൽ പലവിധ ചർച്ചകളും സമൂഹമാധ്യമലോകത്ത് സജീവമായിക്കഴിഞ്ഞു. 

spb-memories
എസ്.പി.ബാലസുബ്രഹ്മണ്യം

പിണക്കം പ്രിയപ്പെട്ട ബാലുവിനോടും

പാട്ടിന്റെ മേലുള്ള അവകാശം സംബന്ധിച്ച് ഇളയരാജ തർക്കങ്ങളും വിവാദങ്ങളും തുടങ്ങിവച്ചത് 2017–ലാണ്. ഗാനമേള വേദികളിൽ പാടാനെത്തുന്ന ഗായകരോടായിരുന്നു ആദ്യശാസനം. താൻ ഈണം പകർന്ന പാട്ടുകൾ വേദികളിൽ പാടണമെങ്കിൽ ഗാനമേളക്കാർ തനിക്കു പണം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിൽ മുഖാമുഖം വന്നത് ഇതിഹാസഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യവും ഇളയരാജയും. അനുമതിയില്ലാതെ തന്റെ പാട്ടു പാടുകയാണെങ്കില്‍ പകര്‍പ്പവകാശലംഘനത്തിന് നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ഇളയരാജയുടെ പക്ഷം. പാട്ടുജീവിതത്തിന്റെ അരനൂറ്റാണ്ട് ആഘോഷത്തോടനുബന്ധിച്ചു നടത്തിയ ലോകപര്യടനത്തിനിടെയാണ് എസ്പിബിക്ക് ഇളയരാജയിൽ നിന്നും അപ്രതീക്ഷിതമായ നീക്കം നേരിടേണ്ടി വന്നത്. തുടർന്ന്, രാജയുടെ പാട്ടുകൾ പാടാതെ എസ്പിബി പര്യടനം പൂർത്തിയാക്കി. എന്നാൽ വിട്ടുകൊടുക്കാൻ എസ്പിബി തയ്യാറായിരുന്നില്ല. താന്‍ മറ്റു സംഗീതസംവിധായകരുടെ പാട്ടുകളും പാടിയിട്ടുള്ളതിനാല്‍ അതുമായി മുന്നോട്ടുപോയ്ക്കോളാമെന്ന് അദ്ദേഹം തുറന്നടിച്ചു. അതോടെ ഇളയരാജയ്ക്ക് ഹേറ്റേഴ്സ് ഉണ്ടായിത്തുടങ്ങി. രാജ പാട്ടിനെ കച്ചവടച്ചരക്കാക്കുകയാണെന്ന് പലരും വാദിച്ചു. 

raja2
ഇളയരാജ, എസ്പിബി

വിഷയം അവിടം കൊണ്ട് തീർന്നില്ല. ഇളയരാജയുടെ പാട്ടുകളിൽ താനും ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ഇനിയും ആ ഗാനങ്ങൾ വേദികളിൽ പാടുമെന്നും 2018–ൽ എസ്പിബി പൊതുവേദിയിൽ പ്രഖ്യാപിച്ചു. പാട്ടിനുപുറത്ത് വലിയ സൗഹൃദവും കാത്തുസൂക്ഷിച്ച ഇളയരാജ–എസ്പിബി ബന്ധം പതിയെ ഉലഞ്ഞുതുടങ്ങി. ഒരുമിച്ചു ചേർന്ന പാട്ടിലെ ഈണവും താളവും ഇരുവരുടെയും ബന്ധത്തിൽ നിന്നു മുറിഞ്ഞുപോയി. എന്നാൽ ഇളയരാജയുടെ 76–ാം ജന്മദിനത്തിൽ ആ അപസ്വരം ഇല്ലാതായി. റിഹേഴ്സലിനായി സ്റ്റുഡിയോയിലെത്തിയപ്പോൾ ഒരു ആലിംഗനത്തോടെ ഇരുവരും ഇണക്കത്തിന്റെ ഇമ്പം തിരിച്ചുപിടിച്ചു. കോവിഡ് ബാധിച്ച് അതിതീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ എസ്പിബിയോട് ഇളയരാജ കണ്ണീരൊഴുക്കി പറഞ്ഞു, ‘ബാലു, ശീഘ്രം എഴുന്തു വാ, നിന്നെ കാണാൻ കാത്തിരിക്കുന്നു’. എന്നാൽ അതൊന്നും കേൾക്കാതെ, യാത്ര പോലും പറയാതെ എസ്പിബി യാത്രയായി. 

raja1
ഇളയരാജ

‘ഇളയരാജ എല്ലാവർക്കും മുകളിലല്ല’

താൻ എല്ലാവരേക്കാളും മുകളിലാണെന്ന വിചിത്ര വാദമുയർത്തിയ ഇളയരാജയ്ക്ക് മദ്രാസ് ഹൈക്കോടതി മറുപടി നൽകയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സ്വകാര്യ കമ്പനി വാങ്ങിയ പാട്ടുകളുടെ പകർപ്പവകാശത്തെക്കുറിച്ചുള്ള ഹർജിയിലായിരുന്നു രാജയുടെ വാദം. സംഗീത ത്രിമൂർത്തികളായ മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജർ, ശ്യാമ ശാസ്ത്രി എന്നിവർക്ക് എല്ലാവരിലും മുകളിലാണെന്ന് അവകാശപ്പെടാം, എന്നാൽ ഇളയരാജ അത്തരത്തിൽ അവകാശപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നു മദ്രാസ് ഹൈക്കോടതി മറുപടി നൽകി. ഇളയരാജ ഈണം നൽകിയ പാട്ടുകൾക്കുമേലുള്ള അവകാശം അദ്ദേഹത്തിനു മാത്രമുള്ളതല്ലെന്നും കോടതി പറഞ്ഞു. വരികളില്ലാതെ പാട്ടുകളുണ്ടാകില്ലെന്നും അതിനാൽ ഗാനരചയിതാവ് അടക്കമുള്ളവർക്കും പാട്ടിൽ അവകാശവാദം ഉന്നയിക്കാമെന്നും ജസ്റ്റിസ് ആർ.മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇളയരാജ ചിട്ടപ്പെടുത്തിയ 4500 പാട്ടുകൾ വിവിധ സിനിമാ നിർമാതാക്കളിൽ നിന്നു സ്വകാര്യ കമ്പനി വാങ്ങിയിരുന്നു. ഇതിനെതിരായ ഹർജിയിൽ, പാട്ടുകളുടെ പകർപ്പവകാശം ഇളയരാജയ്ക്കാണെന്ന് 2019ൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചു. ഇതിനെ എതിർത്താണ് കമ്പനി അപ്പീൽ സമർപ്പിച്ചത്. സിനിമയിലെ പാട്ടുകൾക്കു സംഗീതം നൽകാൻ സംഗീതസംവിധായകനെ നിർമാതാവ് നിയോഗിക്കുന്നതോടെ പാട്ടുകളുടെ അവകാശം നിർമാതാവിന് ലഭിക്കുമെന്ന് റെക്കോർഡിങ് കമ്പനിയുടെ അഭിഭാഷകൻ വാദിച്ചു.

അടി, തിരിച്ചടി

പകർപ്പവകാശ ഹർജിയിന്മേലുണ്ടായ തിരിച്ചടിയെക്കുറിച്ചും തുടർന്നുണ്ടായ വിവാദങ്ങളോടും അടുത്തിടെ ഇളയരാജ പ്രതികരിച്ചിരുന്നു. ഇത്തരം വിവാദങ്ങൾക്കു ശ്രദ്ധ കൊടുക്കുന്ന ആളല്ല താനെന്നും തന്റെ പേര് ഇത്തരത്തിൽ ആഘോഷിക്കപ്പെടുന്ന പുതിയൊരു സിംഫണി ഒരുക്കുന്ന തിരക്കിലാണ് താനെന്നും ഇളയരാജ പറഞ്ഞു. മറ്റുള്ളവർ പറയുന്നതു ശ്രദ്ധിക്കലല്ല തന്റെ ജോലിയെന്നും, താൻ സ്വന്തം വഴിയിലൂടെ കൃത്യമായി മുന്നോട്ടു നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാട്ടുകളുടെ പകർപ്പാവകാശവുമായി ബന്ധപ്പെട്ട് ഇളയരാജ സമർപ്പിച്ച ഹർജി കോടതിക്ക് അകത്തും പുറത്തും വലിയ ചർച്ചയായ സാഹചര്യത്തിലാണ് ഇളയരാജ പ്രതികരിച്ചത്. 

B-229, CHENNAI-250101 -  JANUARY 25, 2010 - Chennai: Music maestro Ilayaraja being kissed by singer-daughter Bhavatharini for being chosen for Padma Bhushan award, in Chennai on Monday. PTI Photo by R Senthil Kumar
ഇളയാരജയും മകൾ ഭവതരിണിയും. ചിത്രം∙പിടിഐ

അൻപ് മകളേ...

80 വർഷത്തെ ജീവിതത്തിനിടെ വേദനിപ്പിച്ച പലതും ഉണ്ടായിട്ടുണ്ടെങ്കിലും ഇളയരാജയെന്ന മനുഷ്യനെ തകർത്തുകളഞ്ഞത് മകളും ഗായികയുമായ ഭവതാരിണിയുടെ വിയോഗമാണ്. അർബുദ രോഗത്തെത്തുടർന്നു ചികിത്സയിൽ കഴിയവെ ഈ വർഷം ജനുവരിയിലാണ് ഭവതാരിണി (47) വിടവാങ്ങിയത്. ശ്രീലങ്കയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പിന്നണിഗാനശാഖയിലും സംഗീതസംവിധാനരംഗത്തും ഏറെ സജീവമായിരുന്നു ഭവതാരിണി. മലയാളത്തില്‍ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലെ ‘കല്യാണപല്ലക്കില്‍ വേളിപ്പയ്യന്‍’, പൊന്മുടി പുഴയോരത്തിലെ ‘നാദസ്വരം കേട്ടോ’ എന്നീ ഗാനങ്ങള്‍ ആലപിച്ചു. 2000ല്‍ ‘ഭാരതി’ എന്ന ചിത്രത്തിലെ  ഇളയരാജയുടെ സംഗീതത്തില്‍ പാടിയ 'മയില്‍ പോലെ പൊണ്ണ് ഒന്ന്' എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. മലയാളചിത്രമായ ‘മായാനദി’ ആയിരുന്നു അവസാന ചിത്രം. മകളുടെ വിയോഗത്തിൽ തകർന്നുപോയ ഇളയരാജയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ സഹപ്രവർത്തകരും കണ്ണീരണിഞ്ഞു. ‘അൻപ് മകളേ’ എന്ന അടിക്കുറിപ്പോടെ ഇളയരാജ പങ്കുവച്ച ചിത്രം ആരാധകരെയും നൊമ്പരപ്പെടുത്തി.

English Summary:

Ilaiyaraaja copyright dispute special coverage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com