നിലവിളികളായ് തോറ്റംപാട്ട് ഉയരുന്നു; മരിച്ച മനുഷ്യർ മടങ്ങിവരുന്നു
Mail This Article
ഉണ്ണികൾ ബലിയെ കടൽത്തീരത്തേക്ക് കൊണ്ടുപോയി. അരക്ക് കൊണ്ട് ഉണ്ടാക്കിയ, തലയ്ക്ക് കൊണ്ടപ്പൂ ചൂടിയ തോണിയിൽ ബലിയെ കയറ്റി. മെഴുകിന്റെ തുഴ കയ്യിൽകൊടുത്ത് തോണി വെള്ളത്തിലേക്ക് ഉന്തിയിറക്കി. ബലിയുടെ കണ്ണ് നിറഞ്ഞു. സ്വന്തം നാടിനു നേർക്ക് സങ്കടത്തോടെ അവസാനമായി തിരിഞ്ഞുനോക്കി. ബലിയുടെ ബേജാറ് കണ്ട് ഉണ്ണികൾ ആശ്വസിപ്പിച്ചു:
കരിങ്കല്ല് പൂക്കുന്ന കാലത്ത്
വെങ്കല്ല് കായ്ക്കുന്ന കാലത്ത്
മച്ചിപ്പശു പ്രസവിക്കുന്ന കാലത്ത്
പൂച്ചയ്ക്ക് കൊമ്പ് മുളയ്ക്കുന്ന കാലത്ത്
തുമ്പയുടെ ചോട്ടിൽ കുട്ടികൾ കളിക്കുന്ന കാലത്ത്
കെളവി വയസ്സറിയിക്കുന്ന കാലത്ത്
വെണ്ണ മോരിൽ താഴുന്ന കാലത്ത്
കുന്നിക്കുരുവിന്റെ കറുത്ത കല മായുന്ന കാലത്ത്
നിനക്ക് നിന്റെ പ്രജകളെയും നാടിനെയും കാണാൻ തിരിച്ചുവരാം.
അമാവാസിയാകുന്ന ദിപാളി നാളിൽ വിളക്കും പൂക്കളും വച്ച് പ്രജകൾ നിന്നെ വരവേൽക്കും.
മഹാബലിയെ വിളക്കും പൂക്കളും വച്ച് ദൈവത്തെപ്പോലെ സ്വീകരിക്കുന്ന നാട്ടുകാർ. തല കീഴായ അള്ളടം.
അള്ളടത്തിന്റെ ചരിത്രത്തിന് 14–ാം നൂറ്റാണ്ടോളം പഴക്കമുണ്ട്. കോലത്തിരിയുടെ സാമന്തൻമാരായി അള്ളടം മുക്കാതം നാട് വാണിരുന്നത് കോലാൻ ജാതിക്കാരായ (മണിയാണി) അല്ലോഹലനും മന്നോഹലനും ഉൾപ്പെടുന്ന എട്ടുകുടക്കീഴിൽ പ്രഭുക്കളാണ്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലുള്ള പയ്യന്നൂർ അമ്പലത്തിന്റെ വടക്കേ അതിര് തൊട്ട് കാസർകോട് ജില്ലയിലെ ചിത്താരിപ്പുഴ വരെ നീണ്ടുകിടക്കുന്ന മൂന്നുകാതം ദേശമാണ് അള്ളടം. എന്നാൽ, അള്ളടത്തെക്കുറിച്ചോ അല്ലോഹലനെക്കുറിച്ചോ ചരിത്രഗന്ഥങ്ങളിൽ ഒരു സൂചനയുമില്ല. പൂരിപ്പിക്കാൻ ബാക്കിയാണ് മൗനങ്ങൾ. ചരിത്രത്തോടും ഭാവിയോടും നീതി പുലർത്തുന്ന എഴുത്തിലൂടെ ശ്രദ്ധേയനായ അംബികാസുതൻ മാങ്ങാട് ഭാവനയുടെ കരുത്തിൽ പുനഃസൃഷ്ടിച്ച ചരിത്രമാണ് അല്ലോഹലൻ. തുളുനാടിന്റെ വിസ്മൃതമായ ചരിത്രം. മനുഷ്യത്വത്തിന്റെ കരുത്തിലുള്ള ഉയർച്ചയെ ചതിയിലൂടെ പിന്നിൽ കുത്തി വീഴ്ത്തുന്ന കുടില തന്ത്രങ്ങളുടെ അവസാനിക്കാത്ത കഥകൾ. കേട്ടതും കേൾക്കാത്തതുമായ ഒട്ടേറെ തെയ്യങ്ങളുടെ ഐതിഹ്യവും ചരിത്രവും വർത്തമാനവും കൂടിക്കലരുന്ന നോവൽ.
ജാതിവ്യവസ്ഥയിൽ ബന്ധിതരാണ് തെയ്യങ്ങൾ. എന്നാൽ, അതേ ജാതിക്കെതിരെ, വൈകൃതത്തിനെതിരെ കലഹിച്ചിട്ടുണ്ട് പൊട്ടൻതെയ്യം. ചാട്ടുളി കണക്കെയുള്ള തോറ്റത്തിന്റെ ചൂട്ട് കെട്ടി പൊട്ടൻ തെയ്യം വരേണ്യകാലത്തിന്റെ മുഖത്ത് കുത്തുകയും പരിഹസിക്കുകയും ഉത്തരം മുട്ടിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്തത് നവോത്ഥാന കാലത്തിനും സാമൂഹിക പരിഷ്കർത്താക്കൾക്കും മുൻപാണ്. തീണ്ടലും തൊടീലും കത്തിനിന്ന കാലത്ത് മേലാളനെ വഴിയിൽ തടഞ്ഞുനിർത്തി പൊട്ടൻ ചോദിച്ചു. തെയ്യത്തട്ടകങ്ങളിലെ തീയാളുന്ന മേലേരിയിൽ ഇന്നും ചോദിക്കുന്നു: നീങ്കളെ കൊത്ത്യാലും ചോരല്ലേ ചൊവ്വറേ...
കുലം പിശകുന്നതിനെതിരെ 14–ാം നൂറ്റാണ്ടിൽ സാമന്ത രാജ്യം രാജാവിന്റെ വാറോലയ്ക്ക് മറുപടി നൽകിയതിന്റെ ധീരചരിത്രം കൂടിയാണ് അല്ലോഹലൻ. കൊടുംചതിയിൽ കൊല്ലപ്പെട്ട കീഴാളരായ മനുഷ്യരാണ് സർവാഭരണ വിഭൂഷിതരായി, തെയ്യങ്ങളായി കൊല്ലംതോറും ഭക്തജനങ്ങളെ അനുഗ്രഹിക്കാനെത്തുന്നത്. മരിച്ച മനുഷ്യരുടെ മടങ്ങിവരവാണ് തെയ്യം. ചവിട്ടിയമർത്തപ്പെട്ട മനുഷ്യരുടെ നിലവിളികളാണ് ഓരോ തോറ്റംപാട്ടും. വാചാലുകളിലും ഉരിയാട്ടത്തിലുമെല്ലാം ഗതകാലത്തിന്റെ തേങ്ങലുകൾ ചെണ്ടക്കൂറ്റിനൊപ്പം വിങ്ങിപ്പൊട്ടും.
ചരിത്രവും ഐതിഹ്യവും കലരുന്ന തെയ്യങ്ങളുടെ വീരചരിതമായ അല്ലോഹലൻ വിസ്മൃത ചരിത്രത്തെ പുനഃസൃഷ്ടിച്ച ചരിത്ര കൃതി എന്ന നിലയിലും ഭാവനാ സൃഷ്ടി എന്ന നിലയിലും വൻ വിജയമാണ്. ആവേശം അവസാന വരി വരെ കത്തിനിൽക്കുന്ന പുസ്തകം. ഉദ്വേഗത്തിന്റെ ഒട്ടേറെ നിമിഷങ്ങൾ. ഗതകാലത്തിന്റെ ഭാഷയിൽ എഴുതിയിട്ടും വായനാക്ഷമതയ്ക്ക് ഒരു കോട്ടവും ഇല്ലാതെയാണ് അല്ലോഹലനെ നോവലിസ്റ്റ് പുനഃസൃഷ്ടിച്ചിരിക്കുന്നത്. തെയ്യങ്ങൾക്കൊപ്പം ജീവിക്കുന്നതിനാൽ ആധികാരികവും സമഗ്രവുമാണെന്നതിനു പുറമേ ഹൃദയസ്പർശിയുമാണ് നോവൽ. ഇത് നമ്മുടെ തന്നെ അറിയാത്ത ചരിത്രമാണ്. ഇനിയും ഊർജം നേടാനും വിഭാഗീയതകൾ ഇല്ലാത്ത കാലത്തേക്കു ചുവടുവയ്ക്കാനും പ്രചോദിപ്പിക്കുന്ന സൃഷ്ടി. വായനയെ തിരിച്ചുപിടിക്കുന്ന ഈ നോവൽ ഒരുഘട്ടത്തിലും വായനക്കാരെ നിരാശപ്പെടുത്തുന്നുമില്ല.
അല്ലോഹലൻ
അംബികാസുതൻ മാങ്ങാട്
ഡിസി ബുക്സ്
വില : 450 രൂപ