ഫിറ്റ്നസ്സ് രഹസ്യം വെളിപ്പെടുത്തി അല്ലു അർജുൻ; വെറും വയറ്റിൽ ഇങ്ങനെ ചെയ്താൽ നമുക്കും മാറാം!
Mail This Article
പുഷ്പ 2 ന്റെ വിജയത്തിനുശേഷം അല്ലു അർജുന്‍ തന്റെ ഫിറ്റ്നെസ് രഹസ്യം ഒരു ഇന്റർവ്യൂവിൽ പങ്കുവയ്ക്കുന്നുണ്ട്. ദിവസവും ഒരേ പ്രഭാതഭക്ഷണം കഴിച്ചതിനെപ്പറ്റിയും ഷേപ്പ് നിലനിർത്താൻ എന്തൊക്കെ ചെയ്തുവെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിന് ആവശ്യമായ രീതിയിൽ തന്റെ ഭക്ഷണത്തിലും വർക്കൗട്ടിലും എല്ലാം മാറ്റം വരുത്തിയിരുന്നു.
മുട്ട കഴിച്ചാണ് ദിവസം തുടങ്ങിയിരുന്നതെന്ന് പിക് വില്ലയ്ക്കു നൽകിയ അഭിമുഖത്തിൽ അല്ലു പറയുന്നു. പ്രഭാതഭക്ഷണം എല്ലാദിവസവും ഒന്നു തന്നെയായിരുന്നു. മുട്ട എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. രാത്രി ഭക്ഷണം ഓരോ ദിവസവും വ്യത്യസ്തമായിരിക്കും. ചുരുക്കം ചില ദിവസങ്ങളിൽ ചോക്ലേറ്റ് കഴിച്ചിരുന്നു. ഓട്ടവും കാലിസ്തെനിക്സും ചേർന്നതായിരുന്നു അല്ലു അർജുന്റെ വർക്കൗട്ട്.
വെറുംവയറ്റിൽ നാൽപത്തിയഞ്ചു മിനിറ്റു മുതൽ ഒരു മണിക്കൂർ വരെ താൻ ഓടുമായിരുന്നു എന്ന് അല്ലു പറയുന്നു. ഓട്ടത്തിന് നിരവധി ഗുണങ്ങളുണ്ട് എന്നാൽ വെറുംവയറ്റിലെ ഓട്ടത്തിന് ഗുണങ്ങൾ കൂടും. അവ എന്തൊക്കെ എന്നറിയാം.
∙കൊഴുപ്പ് കുറയ്ക്കുന്നു
വെറുംവയറ്റിൽ ഓടുമ്പോൾ കൊഴുപ്പിനെ ശരീരം കത്തിച്ചു കളയുന്നു. ശേഖരിക്കപ്പെട്ട അന്നജമായ ഗ്ലൈക്കോജന്റെ അളവ് കുറവായതിനാലാണിത്. കൊഴുപ്പ് കുറയ്ക്കാൻ ഇത് സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വെറും വയറ്റിലെ ഓട്ടം ഏറെ ഗുണം ചെയ്യും.
∙ഇൻസുലിൻ സെൻസിറ്റിവിറ്റി
വെറുംവയറ്റിൽ ഓടുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും സഹായകമാണ്.
∙വളർച്ചാ ഹോർമോണുകൾ
ഓട്ടം ഉൾപ്പെടെ വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് വളർച്ചാ ഹോർമോണുകളുടെ അളവ് കൂട്ടും. ഇത് പേശികളുെട ക്ഷതം അകറ്റാനും കൊഴുപ്പിന്റെ ഉപാപചയ പ്രവർത്തനത്തിനും സഹായിക്കുന്നു.
∙സൗകര്യം
വർക്കൗട്ടിന് മുൻപ് ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടാത്തവർക്ക് ഇത് ഏറെ സൗകര്യമാണ്. രാവിലെ സമയം കുറവുള്ളപ്പോൾ ഈ ശീലം ഏറെ ഗുണം ചെയ്യും.
∙മാനസികമായ വ്യക്തത
വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് മാനസികമായ വ്യക്തത വരാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.
വെറും വയറ്റിലെ ഓട്ടം എല്ലാവർക്കും നല്ലതല്ലെന്ന് വിദഗ്ധർ പറയുന്നു. ചിലരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാനും ഇതുമൂലം തലകറക്കവും ബോധക്കേടും ഉണ്ടാവാനും സാധ്യതയുണ്ട്. വെറുംവയറ്റിൽ എന്ത് വ്യായാമം ചെയ്യുമ്പോഴും അതിനുമുൻപ് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനായി വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.