മരുന്നും ശസ്ത്രക്രിയയുമില്ല, ബോളിവുഡ് താരം റാം കപൂർ കുറച്ചത് 55 കിലോ!
Mail This Article
പുതുവർഷത്തില്‍ ശരീരം ഫിറ്റ് ആക്കി വയ്ക്കാനും ഭാരം കുറയ്ക്കാനും ആരോഗ്യകരമായി ഇരിക്കാനുമുള്ള തയാറെടുപ്പിലാവും നമ്മളിൽ പലരും. ഒന്നും പേടിക്കാനില്ല, മനസ്സ് വച്ചാൽ നടക്കുമെന്ന് ഉറപ്പു തരുന്ന ഒരു മാറ്റമാണ് ബോളിവുഡ് താരം റാം കപൂർ മുന്നോട്ട് വയ്ക്കുന്നത്. അമിതഭാരമുണ്ടായിരുന്ന റാം ഇപ്പോൾ ചെറിയ വ്യത്യാസമൊന്നുമല്ല തന്റെ ശരീരത്തിലും ലുക്കിലും വരുത്തിയിരിക്കുന്നത്. 18 മാസം കൊണ്ട് 55 കിലോ ഭാരമാണ് കുറച്ചത്.
കരിയറിനെ കണക്കിലെടുത്തല്ല താൻ ശരീരഭാരം കുറച്ചതെന്ന് റാം പറയുന്നു. അമിതഭാരം ഉണ്ടായിരുന്നപ്പോഴും പ്രേക്ഷകർ എന്നെ സ്വീകരിച്ചിരുന്നു. അന്ന് 140 കിലോ ഭാരമായിരുന്നു. കഥാപാത്രങ്ങൾക്ക് ആ ശരീരം യോജിച്ചതായിരുന്നെങ്കിലും ഞാൻ ആരോഗ്യവാനായിരുന്നില്ല. 20 ചുവട് വച്ചാൽ തന്നെ ഞാൻ കിതയ്ക്കും, പ്രമേഹമുണ്ടായിരുന്നു, കാലിൽ പരുക്ക്, അങ്ങനെ ഒരുപാട് പ്രശ്നമുണ്ടായിരുന്നു.– റാം പറയുന്നു.
എതൊരു വ്യക്തിക്കും ജീവിതം മാറിമറിയുന്നൊരു സമയമുണ്ട്. റാം കപൂറിനെ സംബന്ധിച്ച് പ്രായം 50 തൊട്ടതാണ് മാറ്റത്തിനു തുടക്കം കുറിച്ചത്. ആരോഗ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് തന്റെ കുട്ടികള്‍ക്കു മുന്നിലൊരു മാതൃക ആകണമായിരുന്നു ആഗ്രഹം.
85 കിലോയാണ് ഇപ്പോൾ റാം കപൂറിന്. സർജറിയും മരുന്നുമൊന്നും ഇല്ലാതെ സാധാരണ രീതിയിലാണ് ഭാരം കുറച്ചത്. ചിന്താഗതിയും, ജീവിതശൈലിയും മാറ്റി. എത്ര കിലോ എന്നതിലുപരി ആരോഗ്യവും കരുത്തുമുണ്ടെന്ന് നമുക്ക് സ്വയം തോന്നുന്നതാണ് പ്രധാനം. ഈയൊരു മാറ്റം ജീവതികാലത്തേക്ക് മുഴുവൻ വേണ്ടിയിട്ടുള്ളതായിരുന്നു. ഇതിനു മുൻപു രണ്ട് തവണ 30 കിലോ വീതം കുറച്ചിട്ടുണ്ട്. പക്ഷേ പോയ ഭാരം അതുപോലെ തിരിച്ചു വന്നിട്ടുമുണ്ട്. ഇത്തവണ അതിന് അനുവദിച്ചില്ല. ഭക്ഷണം, ഉറക്കം, വ്യായാമം, വെള്ളം കുടിക്കുക, ഉപവാസം തുടങ്ങി എല്ലാം കൃത്യമായി ചെയ്തു. ഫിറ്റ് ആയി ഇരിക്കുക ഒരു തുടർച്ചയായി ശ്രമിക്കേണ്ട കാര്യമാണ് – റാം പറയുന്നു.