പാൻക്രിയാസിനു തകരാറുണ്ടോ? ഈ ലക്ഷണങ്ങൾ പറയും, ജാഗ്രത വേണം!
Mail This Article
ദഹനത്തിനും ഹോർമോൺ നിയന്ത്രണത്തിലും പ്രധാന പങ്കു വഹിക്കുന്ന, അടിവയറിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് പാൻക്രിയാസ്. പാൻക്രിയാസിന്റെ പ്രവർത്തനം തകരാറിലായാൽ അക്യൂട്ട് പാൻക്രിയാറൈറ്റിസ്, ഫാറ്റി പാൻക്രിയാസ്, പാൻക്രിയാറ്റിക് കാൻസർ, പാൻക്രിയാറ്റിക് എൻഡോക്രൈൻ തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. അതുകൊണ്ടു തന്നെ പാൻക്രിയാസിനുണ്ടാകുന്ന ക്ഷതങ്ങൾ നേരത്തെ കണ്ടെത്തേണ്ടത് ഈ സങ്കീർണതകൾ ഒഴിവാക്കാൻ പ്രധാനമാണ്. പാൻക്രിയാസിനു തകരാറ് ഉണ്ടെങ്കിൽ പ്രകടമാവുന്ന ലക്ഷണങ്ങൾ എന്തൊക്കെ എന്നു നോക്കാം.
തുടർച്ചയായി അടിവയറ്റിൽ വേദന
അടിവയറിനു മുകളിലായി തുടർച്ചയായുണ്ടാകുന്ന വേദന പാൻക്രിയാറ്റൈറ്റിസിന്റെ ലക്ഷണമാകാം. ഇതോടൊപ്പം വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, വയറിളക്കം എന്നിവയും ഉണ്ടാകാം.
ദഹനപ്രശ്നങ്ങൾ
പാൻക്രിയാസിനുണ്ടാകുന്ന പ്രശ്നങ്ങൾ ദഹനത്തിനു തടസ്സമാകും. ദഹനക്കേട്, വയറ് കമ്പിക്കൽ, ഓക്കാനം, ഛർദി, മലബന്ധം അല്ലെങ്കിൽ വയറിളക്കം എന്നിവയുണ്ടാകും. ഈ ലക്ഷണങ്ങളോടൊപ്പം ഇറിറ്റബിൾ ബവൽ സിൻഡ്രോമും വരാം. ഈ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണം.
ശരീരഭാരം കുറയുക
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ ഭക്ഷണത്തിൽ മാറ്റം വരുത്താതെയും ശരീരഭാരം കുറയുന്നത് പാൻക്രിയാസിന്റെ തകരാറു മൂലമാവാം. പാൻക്രിയാറ്റിക് കാൻസർ മൂലം ഇങ്ങനെ ശരീരഭാരം കുറയാം. ദഹനത്തിനു സഹായകമാവുന്ന എൻസൈമുകളുടെ കുറവ് മൂലവും പോഷകങ്ങളുടെ ആഗിരണം ശരിയായി നടക്കാത്തതു മൂലവും ഇൻസുലിന്റെ ഉൽപാദനം കുറയുന്നതു മൂലവും ഇങ്ങനെ വരാം.
മലത്തിന് നിറം മാറ്റം
ഫാറ്റി പാൻക്രിയാസ് മൂലം മലത്തിന് കളിമണ്ണിന്റെ നിറമോ എണ്ണമയമോ ഉണ്ടാകും. വല്ലാത്ത ദുർഗന്ധം ഉണ്ടാകുന്നതോടൊപ്പം ടോയ്‌ലറ്റിൽ എണ്ണപ്പാടപോലെ കാണപ്പെടും. മലം ഇങ്ങനെ പോകുന്നത് കാരണം കൊഴുപ്പിനെ ദഹിപ്പിക്കാൻ സഹായിക്കുന്ന എൻസൈം ഉൽപാദിപ്പിക്കാൻ പാൻക്രിയാസിനു സാധിക്കാതെ വരുന്നതു മൂലമാണ്.
ചർമത്തിനും കണ്ണുകൾക്കും മഞ്ഞനിറം
പാൻക്രിയാറ്റിക് കാൻസർ ഉണ്ടെങ്കിൽ മഞ്ഞപ്പിത്തം പോലുള്ള ലക്ഷണങ്ങൾ പ്രകടമാകും. മഞ്ഞപ്പിത്തത്തോടൊപ്പം ചർമത്തിൽ ചൊറിച്ചിൽ, മൂത്രത്തിന് കടുംനിറം, മലത്തിന് നിറം മാറ്റം ഇവയുണ്ടാകും. എല്ലായ്പ്പോഴും ഈ ലക്ഷണങ്ങൾ കാൻസറിന്റേത് ആയിക്കൊള്ളണമെന്നില്ല. എങ്കിലും ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.
എന്തുകൊണ്ട് തകരാർ വരുന്നു?
പാൻക്രിയാസിനു തകരാർ വരാനുള്ള കാരണങ്ങൾ ഇവയാണ്.
∙അക്യൂട്ട് പാൻക്രിയാറ്റൈറ്റിസ് – കടുത്ത മദ്യപാനവും പാൻക്രിയാറ്റിക് ഡക്റ്റിൽ ഗാൾസ്റ്റോൺ തടസ്സം ഉണ്ടാക്കുന്നതുമാണ് ഇതിനു കാരണം.
∙ക്രോണിക് പാൻക്രിയാറ്റൈറ്റിസ് – ജീവിതശൈലീ ഘടകങ്ങൾ മൂലം ദീർഘകാലമായുള്ള ഇൻഫ്ലമേഷൻ പാൻക്രിയാസിന്റെ തകരാറിനു കാരണമാകുന്നു.
∙ഫാറ്റി പാൻക്രിയാസ് – ഫാറ്റി ലിവർ പോലെ തന്നെ അനാരോഗ്യകരമായ ഭക്ഷണക്രമവും പൊണ്ണത്തടിയും ഈ രോഗത്തിനു കാരണമാകുന്നു.
∙പാൻക്രിയാറ്റിക് കാൻസർ – ഈ രോഗം ഉണ്ടാകാൻ പല കാരണങ്ങളുണ്ട്. പുകവലി, പ്രമേഹം, ക്രോണിക് പാൻക്രിയാറ്റൈറ്റിസ് മുതലായവ പാൻക്രിയാറ്റിക് കാൻസർ വരാനുള്ള സാധ്യത കൂട്ടും.
പരിശോധനകൾ
പാൻക്രിയാസിന് രോഗം ഉണ്ടെന്ന് സംശയം തോന്നിയാൽ ഡോക്ടർമാർ ഈ പരിശോധനകൾ നിർദേശിക്കും.
∙രക്തപരിശോധന – അമിലേസ്, ലിപ്പേസ്
∙മലം പരിശോധിച്ച് എന്‍സൈമിന്റെ അളവ് മനസ്സിലാക്കും.
∙ഇമേജിങ്ങ് – അൾട്രാസൗണ്ട്, സിടി സ്കാൻ, എൻഡോസ്കോപ്പിക് അൾട്രാസൗണ്ട് (EVS), പിഇറ്റിസിറ്റി (കാൻസര്‍ നിർണയത്തിന്)