ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ചില പുതുവർഷ പ്രതിജ്ഞകൾ; സിംപിൾ ആണ് പവർഫുള്ളും!
Mail This Article
നല്ല നാളെയ്ക്കു വേണ്ടിയുള്ള പ്രതീക്ഷകളാണ് പുതുവർഷ പ്രതിജ്ഞകൾ. കൂടുതൽ വ്യായാമം ചെയ്യുക, നല്ല ഭക്ഷണം കഴിക്കുക, പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക തുടങ്ങി ആരോഗ്യത്തിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന തീരുമാനങ്ങൾ കുറച്ചുകഴിയുമ്പോൾ പാലിക്കത്തവർ കുറവല്ല. എന്നാൽ ഹൃദാരോഗ്യം വർധിപ്പിക്കുന്ന ചില തീരുമാനങ്ങൾ ഈ പുതുവർഷത്തിലെടുക്കാം അവ മുടങ്ങതെ വർഷം മുഴുവൻ പിന്തുടരും എന്ന പ്രതിജ്ഞയും എടുക്കാം
1.ഇരിപ്പ് കുറയ്ക്കാം
ദിവസേനയുള്ള ഇരിപ്പ് കുറച്ചിട്ട് കൂടുതൽ സമയം ശരീരം ചലിപ്പിക്കാം. ഇരുന്നുള്ള ജോലി ചെയ്യുന്ന ആളാണെങ്കിൽ ഓരോ രണ്ടു മണിക്കൂറിലും ഇരുപതു മുതൽ മുപ്പതു മിനിറ്റു വരെ മുറിയിൽ ചെറുനടത്തമാവാം. കൂടുതൽ സമയം ഒരേ ഇരിപ്പ് ഇരിയ്ക്കുന്നത് പുകവലിക്കു തുല്യമാണെന്നാണ് പറയുന്നത്. ഇത് ഹൃദയാരോഗ്യത്തെയും ജീവിതഗുണനിലവാരത്തെയും (Quality of life ) ബാധിക്കും
2.ഭക്ഷണം ആരോഗ്യകരമാക്കാം
പച്ചക്കറികൾ, പയർവർഗങ്ങൾ, കോഴിയിറച്ചി, മുട്ട, പാലുൽപ്പന്നങ്ങൾ, പരിപ്പ് വർഗങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം പോലുള്ള മറ്റ് ഗുരുതര രോഗങ്ങൾ ഇവ വരാതിരിക്കാൻ ആരോഗ്യകരമായ സമീകൃതഭക്ഷണങ്ങൾ ശീലമാക്കാം.
3. മധുരപാനീയങ്ങൾ ഒഴിവാക്കാം
ഭക്ഷണത്തിൽ നിന്ന് മധുരം പൂർണ്ണമായും ഒഴിവാക്കുന്നത് ബുദ്ധിമുട്ടാണെങ്കിൽ മധുരപാനീയങ്ങള്‍ ഒഴിവാക്കാം. കാപ്പിയും ചായയും ധാരാളം കുടിക്കുന്ന ആളാണെങ്കിൽ അതിൽ പഞ്ചസാര ചേർക്കുന്നത് അൽപ്പാൽപ്പമായി കുറച്ചു കൊണ്ടവരുക. മധുരത്തിന്റെ അമിതോപയോഗം ഫാറ്റി ലിവർ രോഗം, ഹൃദയ പ്രശ്നങ്ങൾ, പ്രമേഹം ഇവയ്ക്ക് കാരണമാകും. അതുകൊണ്ട് കഴിയുന്നതും മധുരം ഒഴിവാക്കാം.
4. ഉറക്കം പ്രധാനം
രാത്രിയിൽ 7 മുതൽ 8 മണിക്കൂർ വരെ ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കണം. നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ അത് മാനസികാരോഗ്യപ്രശ്നങ്ങൾക്കും ഹൃദയരോഗ്യം നഷ്ടപ്പെടാനും ഇടയാക്കും.
5. ഫോൺ ഉപയോഗം കുറയ്ക്കാം
ഫോണിൽ നിരന്തരമായി സ്ക്രോൾ ചെയ്യുന്നത് ഒഴിവാക്കി ചുറ്റുപാടുകളിലേയ്ക്ക് നോക്കാം. കഴ്ചകൾ ആസ്വദിക്കാം, പുറത്തുപോവാം. ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് വിഷാദം, ഉത്കണഠ, ഏകാന്തത ഇവയക്കെല്ലാം കാരണമാകും. ഇത് ഹൃദയാരോഗ്യത്തെയും ബാധിക്കും.
6. ഉപേക്ഷിക്കാം പുകവലിയും മദ്യപാനവും
പുകവലിയും മദ്യപാനവും ഉപേക്ഷിക്കുന്നത് രക്തസമ്മർദ്ദവും ഹൃദയമിടിപ്പിന്റെ നിരക്കും കുറയ്ക്കും ആരോഗ്യവും ജീവിത ഗുണനിലവാരവും മെച്ചപ്പെടും.
7. നടത്താം ആരോഗ്യപരിശോധനകൾ
ഹൃദ്രോഗത്തിന്റെ കുടുംബചരിത്രം ഒന്നുമില്ലെങ്കിലും വർഷത്തിലൊരിക്കൽ ആരോഗ്യപരിശോധനകൾ നടത്തണം. ശരീരം രോഗലക്ഷണങ്ങൾ പ്രകടമാക്കും മുൻപെ തന്നെ അത് കണ്ടെത്താൻ ഈ പരിശോധനകളിലൂടെ സാധിക്കും.