ADVERTISEMENT

മാർക്കോ എന്ന സിനിമയും അതിലെ വയലൻസുമാണ് സോഷ്യൽമീഡിയയിലെ ചർച്ച. സിനിമ കണ്ടവരിൽ ചിലര്‍ക്ക് ബോധക്ഷയം ഉണ്ടായെന്നും ഛർദ്ദിച്ചുവെന്നുമുള്ള വാർത്ത കണ്ടിരുന്നു. അതുകൊണ്ട് തന്നെ വല്ലാതെ പേടിക്കുമോ എന്ന ആശങ്കയോടെയാണ് സിനിമ കാണാൻ കയറിയത്. ചെറുപ്പക്കാരായ പുരുഷന്മാരാണ് കൂടുതലും. സ്ത്രികൾ വളരെക്കുറവ്. എന്നാൽ ഭയന്നതുപോലൊരു മാനസികാവസ്ഥയിൽ ആയിരുന്നില്ല സിനിമ കണ്ട് ഇറങ്ങിയത്. സിനിമയാണെന്നും ഇതെല്ലാം അഭിനയവും ഗ്രാഫിക്സും ആണെന്നുമുള്ള ബോധ്യം മനസ്സിന് ധൈര്യം തന്നിരുന്നു. എന്നാൽ എല്ലാവർക്കും അങ്ങനെ ചിന്തിക്കാൻ കഴിയണമെന്നില്ലല്ലോ. അതാണല്ലോ വയലൻസ് കണ്ട് പലരും ഭയന്നതും ഉറക്കം നഷ്ടപ്പെട്ടതും.

എന്തിനാണ് ഇങ്ങനെ വയലൻസ് ഉള്ള സിനിമകൾ എന്ന് പല ചർച്ചകളും കേട്ടു. ഉറപ്പായും സിനിമകൾക്ക് നമ്മുടെയൊക്കെ ജീവിതത്തിൽ വലിയ സ്വാധീനം ഉണ്ട്. അതുകൊണ്ടാണ് പ്രണയത്തെപ്പറ്റി പറയുമ്പോൾ ചിലർ, ആ സിനിമയിൽ കണ്ടില്ലേ അതുപോലൊരാളെയാ എനിക്ക് ഇഷ്ടം എന്ന് പറയുന്നതും. അതേ സമയം ദൃശ്യം സിനിമ ക്രൈം ചെയ്യാണ് പ്രേരിപ്പിച്ചു എന്നും  മാർക്കോ കണ്ട് ഛർദിച്ചു, തലചുറ്റി വീണു മുതലായ സംഭവങ്ങളും നമ്മൾ കാണുകയും കേൾക്കുകയും ചെയ്തു. ചോര ചീന്തുന്ന പ്രകടനങ്ങൾ മാത്രമല്ല കാണികളിൽ ഭയം ഉളവാക്കുന്നത്. സ്വന്തം  ജീവിതത്തിൽ സംഭവിക്കുമോ എന്ന് ഭയക്കുന്ന കാര്യങ്ങൾ സിനിമയിൽ കണ്ടാലും നമ്മൾ പേടിക്കും. 

വളരെ വൈകാരികമായി ചിന്തിക്കുന്നവരും, സഹജീവിയോട് അനുകമ്പ കൂടുതലുള്ള വ്യക്തികൾ, ചോര കണ്ടാൽ പേടി തോന്നുന്ന ആളുകൾ, ജീവിതത്തിൽ അതിക്രമത്തിന് ഇരയായിട്ടുള്ള ആളുകൾ, കാട് കയറി ചിന്തിക്കുന്നവരോ ഉത്കണ്ഠയോ ഉള്ള ആളുകൾ, മരണഭയം ഉള്ളവർ എല്ലാം മാർക്കോ ഉൾപ്പടെയുള്ള വയലൻസ് കൂടിയ സിനിമകൾ ഒഴിവാക്കുന്നതാണ് മാനസികാരോഗ്യത്തിന് നല്ലത്. വയലൻസ് ആസ്വദിക്കുന്ന ഒരു കൂട്ടം ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. കൊല്ലാനും, സ്ത്രീകളോടും കുട്ടികളോടും അതിക്രമം ചെയ്യാനും, മോഷ്ടിക്കാനും, മറ്റുള്ളവർക്ക് ദോഷം ചെയ്യാനും, ചതിക്കാനും ഒന്നും മടിയില്ലാത്തവർ. ചെറിയ പ്രായം മുതലേ അത്തരം പ്രവണതകൾ അത്തരം മനോഭാവം ഉള്ളവർ കാണിച്ചു തുടങ്ങും. അതുകൊണ്ടുതന്നെ അങ്ങനെ അക്രമവാസനയുള്ള ആളുകൾ, പ്രത്യേകിച്ചു കൗമാരക്കാർ ഇത്തരം ചിത്രങ്ങൾ കാണുന്നത് മോശമായി സ്വാധീനിക്കാൻ സാധ്യതയുണ്ട്. കൗതുകം തോന്നുകയും ചുറ്റുമുള്ളവയെ ആലോചന കൂടാതെ അനുകരിക്കുകയും ചെയ്യാൻ സാധ്യത കൂടുതൽ കൗമാരക്കാരിലാണ്. 

മാർക്കോ എന്തുകൊണ്ടാണ് പേടി ഉണ്ടാക്കുന്നത്?
ഉറപ്പായും കുട്ടികൾക്ക് പേടിയുണ്ടാക്കുന്ന പല സീനുകളും സിനിമയിൽ ഉണ്ട്. അതുകൊണ്ടു തന്നെ ഒരു A റേറ്റഡ് സിനിമയാണ്. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കുട്ടികൾ സിനിമ കണ്ടാൽ, ആ സിനിമയിലെ കുട്ടികൾക്ക് വന്ന അവസ്ഥ തനിക്കും ഉണ്ടാകുമോ എന്നായിരിക്കാം മുതിർന്നവരോട് ചോദിക്കാൻ സാധ്യത. എല്ലാവരും എന്തിനാണ് പരസ്പരം കൊല്ലുന്നത് എന്ന ചോദ്യവും കുട്ടികളിൽ നിന്ന് പ്രതീക്ഷിക്കേണ്ടി വരും. മാർക്കോപോലെയുള്ള സിനിമയിലെ വയലൻസ് കണ്ട് നമ്മൾ മലയാള സിനിമ പ്രേക്ഷകർക്ക് അത്ര ശീലമില്ല. പക്ഷേ വിവിധ ഭാഷകളിൽ പല ജോണറുകൾ (ഉദാ:slasher movies) കണ്ടു ശീലിച്ച ചെറുപ്പക്കാർക്ക് ഇത് പുതുമ ആയിരിക്കില്ല. 

വയലൻസ് ഇഷ്ടപ്പെടാൻ കാരണം?
ജീവിതത്തിൽ ആരെയെങ്കിലും കൊന്നുകളയണം എന്നപോലെ ക്രൂരമായ മാനസികാവസ്ഥ ഉള്ളവർ, ഫ്രസ്ട്രേഷൻ അനുഭവിക്കുന്നവർ ഒക്കെ വയലിൻസിനെ ഇഷ്ടപ്പെട്ടേക്കാം. അവർ സിനിമ കാണുന്ന സമയം സ്വയം വില്ലനോ നായകനോ ആണ് എന്ന് തോന്നിപ്പോയേക്കാം. സ്ഥിരമായി വീട്ടിലും ചുറ്റുപാടും അക്രമ സ്വഭാവം കാണുന്ന ആളുകൾക്ക്/ കുട്ടികൾക്ക് അക്രമ വാസന ഉണ്ടാകും എന്നാണ് പഠനങ്ങൾ പറയുന്നത്. അതുപോലെ തന്നെ സ്ഥിരമായി വയലൻസ് ഉള്ള സിനിമകൾ കാണുന്നത് അവരുടെ മനോഭാവത്തെ സമൂഹത്തിന് എതിരായിമാറാൻ കാരണമായേക്കാം. അതുകൊണ്ട് വയലെൻസ് നോർമൽ ആണ്, മറ്റുള്ളവരെ ഉപദ്രവിക്കുന്നതിൽ തെറ്റില്ല എന്നുള്ള മനോഭാവം സമൂഹത്തെ ദോഷകരമായി ബാധിക്കും.
(ലേഖിക ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആണ്)

English Summary:

Shocking Reactions to Marko: Vomiting, Fainting, and Fear – A Psychologist's Perspective

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com