സ്ത്രീകളിലെ ഹൃദ്രോഗ ലക്ഷണങ്ങൾ ഇവയാണ്, നേരത്തെ തിരിച്ചറിഞ്ഞാൻ ജീവൻ രക്ഷിക്കാം!
Mail This Article
ലോകത്ത് സാധാരണയായി നിരവധി സ്ത്രീകളുടെയും പുരുഷന്മാരുടെയും മരണത്തിന് ഹൃദ്രോഗം കാരണമാകുന്നുണ്ട്. ഹൃദ്രോഗലക്ഷണങ്ങളിൽ ചിലത് സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമാണ്. ഹൃദ്രോഗത്തിന്റെയും ഹൃദയാഘാതത്തിന്റെയും ലക്ഷണങ്ങൾ സമയത്ത് കണ്ടെത്തുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും.
ഹൃദയാഘാതം : സ്ത്രീകളിലെ ലക്ഷണങ്ങൾ
സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ സാധാരണമായ ലക്ഷണമാണ്. എന്നാൽ സ്ത്രീകളിൽ ഇതിനു പുറമേ ഓക്കാനവും കഴുത്തിലും പുറത്തും വേദനയും അനുഭവപ്പെടും. ഹൃദയാഘാതം കൊണ്ടുള്ള നെഞ്ചുവേദന സ്ത്രീകളിൽ ഒരു മുറുക്കവും സമ്മർദവും പോലെയാകും അനുഭവപ്പെടുക.
∙കഴുത്ത്, താടിയെല്ല്, പുറത്തിന്റെ മുകൾഭാഗം, മേൽവയറ് എന്നിവിടങ്ങളില്‍ വേദന
∙ശ്വാസമെടുക്കാൻ പ്രയാസം
∙ഒരു കയ്യിലോ രണ്ടു കൈകൾക്കുമോ വേദന
∙ഓക്കാനവും ഛർദിയും
∙വിയർപ്പ്
∙തലകറക്കം
∙കടുത്ത ക്ഷീണവും തളർച്ചയും
∙ദഹനക്കേടു മൂലമുള്ള നെഞ്ചെരിച്ചിൽ
∙അപകടഘടകങ്ങൾ
സ്ത്രീകളിൽ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ ഇവയാണ്.
പുകവലി – സ്ത്രീകളിൽ ഹൃദ്രോഗസാധ്യത കൂട്ടുന്ന ഒരു ഘടകമാണ് പുകവലി.
ചടഞ്ഞുകൂടിയുള്ള ഇരിപ്പ് –ശാരീരികമായി ഒട്ടും ആക്ടീവ് അല്ലാതെ, ചടഞ്ഞുകൂടിയുള്ള ജീവിതശൈലി, ഹൃദ്രോഗസാധ്യത കൂട്ടും.
സമ്മർദം
സമ്മർദ (stress)വും വിഷാദ ലക്ഷണങ്ങളും സ്ത്രീകളുടെ ഹൃദയത്തെ പുരുഷന്മാരെക്കാളധികം ബാധിക്കും. ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരാൻ ഇതുമൂലം പ്രയാസമാകും.
ടൈപ്പ് 2 പ്രമേഹം
ടൈപ്പ് 2 പ്രമേഹം ബാധിച്ച സ്ത്രീകൾക്ക് പുരുഷന്മാരേക്കാളധികമാണ് ഹൃദ്രോഗ സാധ്യത.
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം
പിസിഒഎസ്, സ്ത്രീകളിൽ ഹൃദ്രോഗസാധ്യത കൂട്ടുന്ന ഒരു ഘടകമാണ്. ടൈപ്പ് 2 പ്രമേഹം ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, ഉറക്കമില്ലായ്മ എന്നിവയ്ക്കും ഇത് കാരണമാകും. യുഎസിൽ മാത്രം അഞ്ച് ദശലക്ഷം സ്ത്രീകൾക്കാണ് പിസിഒഎസ് ഉള്ളത്.
ആർത്തവവിരാമം
ആർത്തവവിരാമത്തിനുശേഷം ഈസ്ട്രജന്റെ അളവ് കുറയുന്നത് സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടും.
ഗർഭകാലത്തെ സങ്കീർണതകൾ
ഗർഭകാലത്ത് ഉയർന്ന രക്തസമ്മര്‍ദം ഉള്ളവർക്ക് ദീർഘകാലത്തേക്ക് ഹൃദ്രോഗസാധ്യത കൂടുതലായിരിക്കും.
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ
പതിവായ വ്യായാമം
പതിവായുള്ള വർക്കൗട്ടും വ്യായാമവും ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കും. കൊളസ്ട്രോളും രക്തസമ്മർദവും കുറയുന്നതു മൂലമാണ് ഹൃദ്രോഗസാധ്യതയും കുറയുന്നത്. നടത്തവും ജോഗിങ്ങും തുടങ്ങാൻ വൈകരുതെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.
ഭക്ഷണം
ഹൃദയാരോഗ്യമേകുന്ന ഭക്ഷണം ശീലമാക്കാം. ഓരോ ഭക്ഷണത്തോടൊപ്പവും പഴങ്ങളും പച്ചക്കറികളും കഴിക്കാം. പൂരിതകൊഴുപ്പും ആഡഡ് ഷുഗറും കുറയ്ക്കാം. മുഴുധാന്യങ്ങൾ ധാരാളം കഴിക്കാം. ഇറച്ചി വളരെ ലീൻ (lean) ആയത് തിരഞ്ഞെടുത്ത് ആരോഗ്യകരമായി പാചകം ചെയ്തു കഴിക്കാം.
ഉപേക്ഷിക്കാം പുകവലി
പുകവലി ഉപേക്ഷിക്കുക വഴി ഹൃദയത്തിന് ദീർഘായുസ്സ് ലഭിക്കും.