തണുപ്പുകാലത്ത് സങ്കടമാണോ? മൂഡ് മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ ഇവ, കഴിക്കേണ്ട രീതി അറിയാം
Mail This Article
തണുപ്പുകാലം ചിലർക്ക് സന്തോഷകാലമായിരിക്കും. എന്നാൽ മിക്കവർക്കും ഇത് വിഷാദകാലമാണ്. സൂര്യപ്രകാശം കുറയുന്നതും മെർക്കുറിയുടെ അളവ് കുറയുന്നതും മൂലമാകാം ഈ സമയത്ത് മാനസികാരോഗ്യവും മനോനിലയും അത്ര നല്ലതല്ലായിരിക്കുന്നത്.
വിന്റർ ബ്ലൂസ് എന്നാൽ വെറും അലസതയോ ദുഃഖമോ അല്ല, മറിച്ച് ഇത് ഒരു വിഷാദകാലമാണ്. സീസണൽ അഫക്ടീവ് ഡിസോർഡർ എന്നാണിതിനെ വിളിക്കുന്നത്. തണുപ്പുകാലം മുഴുവൻ ഇതിന്റെ ലക്ഷണങ്ങൾ പ്രകടമാകും.
മിക്കസമയവും ഉന്മേഷമില്ലാതെ, ഒന്നിലും താൽപര്യമില്ലാതെ ഇരിക്കുക, മുൻപ് ആസ്വദിച്ചിരുന്ന പ്രവൃത്തികളിൽ താൽപര്യം നഷ്ടപ്പെടുക, ഉറക്കത്തിന് പ്രയാസം നേരിടുക, അന്നജം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ തോന്നുക, അമിതമായി ഭക്ഷണം കഴിക്കുക, ശരീരഭാരം കൂടുക, ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസം നേരിടുക, നിരാശ ബാധിക്കുക, സ്വയം തെറ്റുകാരൻ / തെറ്റുകാരി ആണെന്നു തോന്നുക, ജീവിക്കാനുള്ള ആഗ്രഹം പാടെ നശിക്കുക ഇതെല്ലാമാണ് വിന്റർബ്ലൂസിന്റെ ലക്ഷണങ്ങൾ.
ലൈറ്റ് തെറാപ്പി, സൈക്കോതെറാപ്പി, മരുന്നുകൾ ഇവയ്ക്കു പുറമെ ഇത്തരം വിഷാദത്തെ നേരിടാൻ ഭക്ഷണങ്ങൾക്കു കഴിയും.
വിന്റർ ബ്ലൂസ് അകറ്റാൻ മഗ്നീഷ്യം
മനോനില മെച്ചപ്പെടുത്തുന്നതില്‍ മഗ്നീഷ്യം പ്രധാന പങ്കു വഹിക്കുന്നു. മനസ്സിനെ വിശ്രാന്തിയിലാക്കാനും നല്ല ഉറക്കം ലഭിക്കാനും ഇത് സഹായിക്കും. വിഷാദം ഉൾപ്പെടെയുള്ള മാനസികാരോഗ്യപ്രശ്നങ്ങളുള്ള ചിലരിൽ മഗ്നീഷ്യത്തിന്റെ അളവ് കുറവായിരിക്കും. മനോനിലമെച്ചപ്പെടുത്തുന്ന ‘ഹാപ്പി ഹോർമോൺ’ എന്നു വിളിക്കുന്ന സെറോടോണിന്റെ ഉൽപാദനത്തിന് മഗ്നീഷ്യം ആവശ്യമാണ്. വിന്റർബ്ലൂസ് അകറ്റാൻ മഗ്നീഷ്യം അടങ്ങിയ ഭക്ഷണം ശീലമാക്കാം. അവ ഏതൊക്കെ എന്നറിയാം
∙വെണ്ണപ്പഴം
തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ദിവസവും ശരീരത്തിനാവശ്യമായ മഗ്നീഷ്യം ലഭിക്കാനും വെണ്ണപ്പഴം ഉൾപ്പെടുത്തിയ സാൻഡ്‌വിച്ച് കഴിക്കാം. ഇടത്തരം വലിപ്പമുള്ള ഒരു വെണ്ണപ്പഴ (Avocado) ത്തിൽ 58 മില്ലിഗ്രാം മഗ്നീഷ്യം ഉണ്ട്. ഇത് ദിവസവും ആവശ്യമുള്ളതിന്റെ 14 ശതമാനമാണ് മോണോ അണ്‍സാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ കലവറയാണ് വെണ്ണപ്പഴം. നാഡികളുടെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്.
∙മത്തങ്ങാക്കുരു
ഹാപ്പിഹോർമോണുകളെ പുറപ്പെടുവിക്കാൻ സഹായിക്കുന്ന മഗ്നീഷ്യത്തിന്റെ മികച്ച ഉറവിടമാണ് മത്തങ്ങാക്കുരു എന്ന് ഹാർവാർഡ് ഹെൽത്ത് പറയുന്നു. രണ്ട് കപ്പ് മത്തങ്ങാക്കുരു 1 ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് 7 മണിക്കൂർ കുതിരാൻ വയ്ക്കുക. അതിനുശേഷം സ്മൂത്തിയിലോ നട്ട് ബട്ടറിലോ ചേർത്ത് ഉപയോഗിക്കാം.
∙പച്ചച്ചീര
പച്ചച്ചീര (സ്പിനാച്ച്) പോലുള്ള ഇലക്കറികൾ മഗ്നീഷ്യത്തിന്റെ ഉറവിടങ്ങളാണ്. തണുപ്പ് കാലത്ത് ഇത് ഏറെ ഗുണം ചെയ്യും. സാലഡിൽ ചേർത്ത് കറികളാക്കിയും ഈ പച്ചക്കറി ഉപയോഗിക്കാം.
∙ബ്ലാക്ക് ബീൻസ്
സോയാ പയർ എന്നും അറിയപ്പെടുന്ന ബ്ലാക്ക് ബീൻസ് മഗ്നീഷ്യത്തിന്റെ ഉറവിടമാണ്. ഒരു കപ്പ് കുതിർത്ത ബ്ലാക്ക് ബീൻസിൽ 120 മിഗ്രാം മഗ്നീഷ്യം ഉണ്ട്. ഇത് ഒരു ദിവസം ശരീരത്തിനാവശ്യമായ മഗ്നീഷ്യത്തിന്റെ 29 ശതമാനമാണ്. പൊട്ടാസ്യവും ഇരുമ്പും ഇതിൽ ധാരാളമായുണ്ട്. കൂടാതെ പ്രോട്ടീന്റെ കലവറ കൂടിയാണിത്.
∙വെണ്ടയ്ക്ക
വിന്റർബ്ലൂസ് അകറ്റാൻ മാത്രമല്ല, രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാനും വെണ്ടയ്ക്കയ്ക്ക് കഴിയും. വേവിക്കാത്ത ഒരു കപ്പ് വെണ്ടയ്ക്കയിൽ 57 മിഗ്രാം മഗ്നീഷ്യം ഉണ്ട്. ഒരു ദിവസം ആവശ്യമായതിന്റെ 14 ശതമാനമാണിത്. വെണ്ടയ്ക്കയിൽ വൈറ്റമിൻ സി, വൈറ്റമിൻ കെ1, ഫോളേറ്റ്, നാരുകൾ, ആന്റിഓക്സിഡന്റുകൾ, പൊട്ടാസ്യം, കാൽസ്യം, വൈറ്റമിൻ ബി6, വൈറ്റമിൻ എ, പ്രോട്ടീൻ എന്നിവയും ധാരാളമുണ്ട്.
∙വെള്ളക്കടല
തണുപ്പുകാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന, മഗ്നീഷ്യം, ധാരാളം അടങ്ങിയ ഒന്നാണ് വെള്ളക്കടല. വേവിച്ച ഒരു കപ്പ് വെള്ളക്കടലയിൽ 78 മിഗ്രാം മഗ്നീഷ്യം ഉണ്ട്. ഇത് ഒരുദിവസം ശരീരത്തിനാവശ്യമായ മഗ്നീഷ്യത്തിന്റെ 19 ശതമാനമാണ്. പ്രോട്ടീൻ, ഫൈബർ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളക്കടല. ഊർജം നിലനിർത്താനും മനോനില മെച്ചപ്പെടുത്താനും സഹായിക്കുന്ന വെള്ളക്കടല, സൂപ്പ്, സ്റ്റ്യൂ എന്നിവയിൽ ചേർത്തും വറുത്തു ലഘുഭക്ഷണമായും ഉപയോഗിക്കാം.
∙ടോഫു
മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ് എന്നിവയുടെ കലവറയാണ് ടോഫു. അരകപ്പ് ടോഫുവിൽ 37 മി.ഗ്രാം മഗ്നീഷ്യം ഉണ്ട്. ഇത് ദിവസവും ആവശ്യമുള്ളതിന്റെ 9 ശതമാനമാണ് സൂപ്പ്, സാലഡ് എന്നിവയിൽ ചേർത്ത് ടോഫു ഉപയോഗിക്കാം. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും തണുപ്പുകാലങ്ങളിൽ ഊർജം ഏകാനും ശ്രദ്ധകേന്ദ്രീകരിക്കാനും എല്ലാം ടോഫു സഹായിക്കും.