മാർക്കോയിലെ ഹെവി വെയ്റ്റ് വില്ലൻ വേഷം; അരങ്ങേറ്റത്തിൽ തിളങ്ങി ഷമ്മി തിലകന്റെ മകൻ അഭിമന്യൂ
Mail This Article
തിലകൻ, ഷമ്മി തിലകൻ, അഭിമന്യു ഷമ്മി തിലകൻ. അനശ്വര നടൻ തിലകന്റെ കൊച്ചു മകൻ അഭിമന്യു മാർക്കോയിലെ വില്ലൻ വേഷത്തിലൂടെ തന്റെ സിനിമാ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ്. മാർക്കോയെക്കുറിച്ചും അപ്പൂപ്പനും അച്ഛനും നൽകിയ പാഠങ്ങളെ കുറിച്ചും അഭിമന്യു സംസാരിക്കുന്നു...
മാർക്കോയിലേക്കുള്ള വരവ്
ഒരു ദിവസം വാട്സാപ്പിൽ എനിക്ക് ഉണ്ണിച്ചേട്ടന്റെ (ഉണ്ണി മുകുന്ദൻ) ഒരു മെസേജ് വന്നു. ഉണ്ണി മുകുന്ദൻ ആണെന്നും മാർക്കോ എന്നൊരു ചിത്രം ചെയ്യുന്നുണ്ടെന്നും അതിൽ അഭിനയിക്കാൻ താൽപര്യമുണ്ടോയെന്നും ആയിരുന്നു മെസേജിൽ. പിന്നീട് സംവിധായകൻ ഹനീഫ് അദേനിയെ ബന്ധപ്പെടുകയും അതുവഴി മാർക്കോയുടെ ഭാഗമാകുകയും ചെയ്തു.
തലവര മാറ്റിയ ഫോട്ടോ
എന്നെ എങ്ങനെ ഉണ്ണിച്ചേട്ടൻ കണ്ടെത്തി എന്നറിയാൻ കൗതുകമുണ്ടായിരുന്നു. ഷൂട്ടിങ് സമയത്താണ് ആ കഥ അറിയുന്നത്. സിനിമയുടെ
കാസ്റ്റിങ് ഡയറക്ടറായ ഷനീം സെയ്ദ് ഞാനും അച്ഛനും (ഷമ്മി തിലകൻ) അപ്പൂപ്പനും (തിലകൻ) ഒരുമിച്ചു നിൽക്കുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ കാണാനിടയായി. അദ്ദേഹമാണ് ആ ഫോട്ടോ ഉണ്ണിച്ചേട്ടനെ കാണിക്കുന്നതും അതുവഴി മാർക്കോയിലേക്ക് എനിക്ക് എൻട്രി ലഭിക്കുന്നതും.
വില്ലനായി അരങ്ങേറ്റം
ആദ്യ സിനിമയിൽ തന്നെ വില്ലൻ വേഷത്തിൽ എത്തുന്നതിന്റെ ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. വെറുമൊരു വില്ലൻ അല്ലല്ലോ. അത്യാവശ്യം പെർഫോം ചെയ്യാൻ സ്പേസുള്ള, സിനിമ കാണുന്നവരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു വില്ലൻ വേഷമാണിത്. അതു കൊണ്ടു തന്നെ കഥ കേട്ടപ്പോൾ തന്നെ ഓക്കെ പറഞ്ഞു.
വയലൻസ്
വയലൻസ് സീനുകളിൽ അഭിനയിക്കുന്നതിൽ എനിക്കു ബുദ്ധിമുട്ടില്ല. എന്നാൽ കുട്ടികളോട് വയലൻസ് കാണിക്കുന്ന ചില രംഗങ്ങൾ ചെയ്തപ്പോൾ ചെറിയ പ്രയാസം തോന്നി. പക്ഷേ, സംവിധായകനിൽ എനിക്ക് പൂർണ വിശ്വാസം ഉണ്ടായിരുന്നു. അദ്ദേഹം എന്തു പറയുന്നോ അതു ചെയ്യുക എന്നതായിരുന്നു എന്റെ രീതി.
അച്ഛൻ തന്ന ഉപദേശം
ഈ കഥാപാത്രത്തിന് എനിക്ക് ഏറ്റവും പ്രശംസ ലഭിച്ചത് സ്റ്റൈലിനും ലുക്കിനുമെല്ലാമാണ്. ഇതിന്റെ മുഴുവൻ ക്രെഡിറ്റും അച്ഛനാണ്. കഥയും കഥാപാത്രവും കേട്ടപ്പോൾ തന്നെ ലുക്ക് എങ്ങനെ ആയിരിക്കണം, ഏതു രീതിയിൽ നടക്കണം, നോക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം പറഞ്ഞുതന്നത് അച്ഛനാണ്.
പുതിയ ചിത്രങ്ങൾ
ചില പുതിയ കഥകൾ കേട്ടിട്ടുണ്ട്. എല്ലാം പ്രതീക്ഷയുള്ള ചിത്രങ്ങളാണ്. പക്ഷേ, ഒന്നും ഫൈനൽ ആയിട്ടില്ല. അടുത്തുതന്നെ അനൗൺസ് ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ആദ്യ ചിത്രത്തിൽ മികച്ച തുടക്കം ലഭിച്ചതിനാൽ ഇനിയുള്ള ചിത്രങ്ങൾ വളരെ സൂക്ഷിച്ചും സമയമെടുത്തും തിരഞ്ഞെടുക്കാനാണ് ശ്രമിക്കുന്നത്.
അപ്പൂപ്പനും അച്ഛനും
ആദ്യ സിനിമയിൽ അഭിനയിക്കുമ്പോഴുള്ള ഏറ്റവും വലിയ ടെൻഷൻ അപ്പൂപ്പനും അച്ഛനുമായി താരതമ്യം ചെയ്യപ്പെടുമോ എന്നതായിരുന്നു. അഭിനയത്തിൽ ഒരു തുടക്കക്കാരൻ മാത്രമാണ് ഞാൻ. അവരുടെ കുടുംബത്തിൽ നിന്നു വരുന്നു എന്നതു മാറ്റിനിർത്തിയാൽ, അവർ രണ്ടുപേരുമായി ഒരു തരത്തിലും താരതമ്യം ചെയ്യപ്പെടാൻ ഞാൻ അർഹനല്ല. മാർക്കോ ഇറങ്ങുന്നതിന്റെ തലേദിവസം ഇതു സംബന്ധിച്ച് ഞാൻ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്നെ ഒരു തുടക്കക്കാരൻ ആയി മാത്രം കാണണമെന്നാണ് എല്ലാവരോടും പറയാനുള്ളത്.