ജനുവരി മുഴുവൻ ആകാശത്ത് ഏഴു ഗ്രഹങ്ങളുടെ എഴുന്നെള്ളത്ത്!
Mail This Article
2025 ജനുവരി മുഴുവൻ ആകാശത്ത് 7 ഗ്രഹങ്ങൾ ഒരു പരേഡിനെന്ന പോലെ ഏകദേശ നേർരേഖയിൽ അണിനിരക്കും. ഇത് കാണാൻ എന്തു ചെയ്യണം? ഓരോ ഗ്രഹത്തെയും എങ്ങനെ തിരിച്ചറിയാം..?എന്താണ് ഗ്രഹപരേഡ്?
സൂര്യനുചുറ്റും പരിക്രമണം ചെയ്യുന്ന ഗ്രഹങ്ങൾ സൂര്യന്റെ ഒരേവശത്ത് എത്തുന്ന കാലങ്ങളിൽ അവയെ ആകാശത്ത് ഒരുമിച്ച് കാണുന്നതിനാണ് ഗ്രഹപരേഡ് (പ്ലാനെറ്ററി പരേഡ്) എന്നു പറയുന്നത്. മൂന്നോ നാലോ ഗ്രഹങ്ങൾ ചേർന്നുള്ള പരേഡുകൾ പലപ്പോഴും ഉണ്ടാകാറുണ്ടെങ്കിലും ഭൂമി ഒഴികെയുള്ള 7 ഗ്രഹങ്ങളും ഒന്നിച്ച് അണിനിരക്കുന്ന പരേഡ് അപൂർവമാണ്. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങളാണു ജനുവരിയിൽ മാനത്തു പരേഡിനെത്തുന്നത്. ഇവയിൽ യുറാനസ്, നെപ്റ്റ്യൂൺ എന്നിവയെ കാണാൻ ടെലിസ്കോപ് വേണം. ശുക്രൻ, വ്യാഴം, ചൊവ്വ, ശനി എന്നിവയെ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ വ്യക്തമായി കാണാം.
ഗ്രഹങ്ങളെ തിരിച്ചറിയാൻ
ജനുവരി 1 മുതൽ ദൃശ്യമാകുന്ന ചന്ദ്രക്കലകളെ ഉപയോഗപ്പെടുത്തി പരേഡിൽ അണിനിരക്കുന്ന ഓരോ ഗ്രഹത്തെയും സ്വയം നിരീക്ഷിച്ച് തിരിച്ചറിയാനാകും. ഡിസംബർ 31ന് അമാവാസിയായിരുന്നല്ലോ. അതിനാൽ ജനുവരി 2 മുതൽ പടിഞ്ഞാറൻ മാനത്ത് ചന്ദ്രക്കല കണ്ടുതുടങ്ങും. ഓരോ ദിവസവും ഉയർന്നുയർന്നു വരുന്ന ചന്ദ്രൻ വിവിധ ദിനങ്ങളിൽ വിവിധഗ്രഹങ്ങളുടെ സമീപത്താകും കാണപ്പെടുക. അതുവച്ച് ഓരോ ഗ്രഹത്തെയും തിരിച്ചറിയാം. ഗ്രഹങ്ങൾ നക്ഷത്രങ്ങളെപ്പോലെ മിന്നില്ല എന്ന കാര്യവും ശ്രദ്ധിക്കാം. മാത്രമല്ല നക്ഷത്രങ്ങളെക്കാൾ കൂടിയ ശോഭയിലാണ് പൊതുവെ അവയെ കാണുന്നത്.
ബുധനും അണിനിരക്കുന്നു
ജനുവരി ആദ്യത്തെ രണ്ടു മൂന്ന് ദിനങ്ങളിൽ ബുധനും സന്ധ്യക്ക് സൂര്യാസ്തമയസമയത്ത് പടിഞ്ഞാറൻ ചക്രവാളത്തിനരികിൽ വളരെ താഴെയായി ഉണ്ടാകും. അതുപോലെ ജനുവരി അവസാനത്തെ രണ്ടു മൂന്നു ദിനങ്ങളിൽ പുലർച്ചെ സൂര്യോദയ
സമയത്ത് കിഴക്കൻ ചക്രവാളത്തിനരികിലും വളരെ താഴെയായി ബുധനുണ്ടാകും. എന്നാൽ ഈ ദിവസങ്ങളിൽ ബുധൻ സൂര്യസമീപമായതിനാൽ അതിന്റെ പ്രകാശിത ഭാഗം വളരെക്കുറച്ചു മാത്രമേ ഭൂമിക്കഭിമുഖമാകൂ. അതിനാൽ ഗ്രഹപരേഡിൽ അണിചേരുന്നുണ്ടെങ്കിലും ഏറെ മങ്ങിയതായതിനാൽ ബുധന്റെ കാഴ്ച സാധ്യമാകില്ല.
ജനുവരി 3
ചന്ദ്രൻ ശുക്രനരികിൽ
ജനുവരി 3ന് സന്ധ്യക്ക് ഇരുട്ടായിക്കഴിഞ്ഞാൽ ചന്ദ്രന്റെ തൊട്ടരികിൽ അതീവ ശോഭയിൽ ശുക്രനെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാം. ചന്ദ്രന്റെ 3.6 ഡിഗ്രി മാത്രം വടക്കു കിഴക്കു മാറിയാണ് ശുക്രനെ കാണുക. (ഈ സമയത്ത് ചന്ദ്രനും ശുക്രനുമിടയിൽ 7 പൂർണ ചന്ദ്രന്മാരെ വയ്ക്കാനുള്ള വിടവാണ് നിരീക്ഷകർക്ക് അനുഭവപ്പെടുക). ഈ സമയത്ത് അവ രണ്ടിനെയും ബൈനോക്കുലറിലൂടെയോ ഫൈന്റർസ്കോപ്പിലൂടെയോ ഒന്നിച്ചു കാണാനാകും. ടെലിസ്കോപ്പിലൂടെ നോക്കിയാൽ 54% ഭാഗം മാത്രം പ്രകാശിക്കുന്ന ശുക്രക്കലയാകും കാണുക. ജനുവരി അവസാനത്തിലും ഫെബ്രുവരിയിലും ടെലിസ്കോപ്പിലൂടെയുള്ള ശുക്രക്കാഴ്ച കൂടുതൽ മനോഹരമാകും.
ജനുവരി 3നും 4നും ചന്ദ്രന്റെ പ്രകാശിതമല്ലാത്ത ഭാഗത്ത് ഭൂമിയുടെ നിലാവ് പതിച്ചുണ്ടാകുന്ന ഭൂശോഭ (earth shine) കൂടി കാണാനാകും.
ജനുവരി 11
ചന്ദ്രൻ ശനിക്കരികിൽ
നിത്യവും ഏകദേശം 12 ഡിഗ്രി വീതം കിഴക്കോട്ട് നീങ്ങുന്ന ചന്ദ്രൻ ജനുവരി 4ന് ശനിക്കരികിലെത്തും. അന്ന് മാനം നന്നായി ഇരുട്ടിയാൽ ചന്ദ്രന്റെ 3.8 ഡിഗ്രി കിഴക്കു മാറി അധികം തിളക്കമില്ലാതെ ശനിയെ കാണാം. (ഈ സമയത്ത് ചന്ദ്രനും ശുക്രനുമിടയിൽ ഏഴര പൂർണ ചന്ദ്രൻമാരെ വയ്ക്കാനുള്ള വിടവാണ് അനുഭവപ്പെടുക). ടെലിസ്കോപ്പിലൂടെ ശനിയുടെ വളയം കാണാൻ പറ്റിയ സമയമാണ് ജനുവരി.
ജനുവരി 13
ചന്ദ്രൻ വ്യാഴത്തിനരികിൽ
11ന് വ്യാഴത്തെ അത്യധികം ശോഭയിൽ ചന്ദ്രന്റെ തെക്കു പടിഞ്ഞാറായി നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ വ്യക്തമായി കാണാം. ടെലിസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ വ്യാഴത്തിന്റെ പ്രധാന ഉപഗ്രഹങ്ങളായ അയോ, യൂറോപ്പ, ഗാനിമേഡ്, കലിസ്റ്റോ എന്നിവയെയും ഈ മാസം കാണാം.
ചന്ദ്രൻ ചൊവ്വയ്ക്കരികിൽ
13ന് പൗർണമിയാണ്. അന്നു സൂര്യൻ അസ്തമിക്കുന്നതിനൊപ്പം ചന്ദ്രൻ കിഴക്കുദിക്കും. 8 മണിയാകുന്നതോടെ ചന്ദ്രനു താഴെയായി ചൊവ്വയെ ചുവന്ന നിറത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാം.
ജനുവരി 19
ശുക്ര-ശനി സംഗമം
കുറച്ചു കാലമായി പടിഞ്ഞാറൻ മാനത്ത് കണ്ടുകൊണ്ടിരിക്കുന്ന ശുക്രൻ ഇപ്പോൾ അനുദിനം നക്ഷത്രങ്ങൾക്കിടയിലൂടെ അൽപാൽപം കിഴക്കോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. ശനി വളരെ നേരിയ തോതിൽ പടിഞ്ഞാറേക്കും. പശ്ചാത്തല നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി നിരീക്ഷിച്ചാൽ ഈ കാര്യം ബോധ്യമാകും. ഇതിന്റെ ഫലമായി 19ന് ശുക്രനും ശനിയും തെക്ക്-വടക്ക് ദിശയിൽ വരയ്ക്കാവുന്ന ഒരു നേർരേഖയിൽ അടുത്തെത്തും.
യുറാനസിനെയും നെപ്റ്റ്യൂണിനെയും തിരിച്ചറിയാൻ
ജനുവരി 5ന് ചന്ദ്രനു തൊട്ടരികിൽ കിഴക്കുഭാഗത്ത് നെപ്റ്റ്യൂണിനെ കാണാം. എന്നാൽ ടെലിസ്കോപ് ആവശ്യമാണ്. 9ന് ചന്ദ്രൻ യുറാനസിനരികിലെത്തും. നിരീക്ഷണ സാഹചര്യങ്ങൾ അനുകൂലമെങ്കിൽ നല്ല ഒരു ബൈനോക്കുലർ ഉപയോഗിച്ച് നോക്കിയാൽ അന്ന് സന്ധ്യക്ക് ചന്ദ്രനരികിൽ തെക്കുകിഴക്ക് ഭാഗത്തായി കാണാം.