അന്ന് ബ്രിട്ടനിലെ കാട്ടിൽ പറന്ന ദുരൂഹ ത്രികോണം: ആണവായുധം തേടിവന്ന അന്യഗ്രഹവാഹനം?
Mail This Article
1980ൽ ബ്രിട്ടനിൽ നടന്ന റെൻഡ്‌ലെഷാം സംഭവം ഇന്നും ദുരൂഹതയുടെ പരിവേഷമണിഞ്ഞാണു നിൽക്കുന്നത്. ബ്രിട്ടനിൽ നടന്ന ഏറ്റവും പ്രസിദ്ധമായ യുഎഫ്ഒ സംഭവമായി ഇതു പലപ്പോഴും കണക്കാക്കപ്പെടാറുണ്ട്. ബ്രിട്ടന്റെ റോസ്‌വെൽ എന്നും റെൻഡ്‌ലെഷാം വിശേഷിക്കപ്പെടുന്നു. 44 വർഷം മുൻപ് ഡിസംബറിൽ 27, 28 തീയതികളിലാണ് ഇതു നടന്നത്. ബെന്റ്‌വാട്ടേഴ്സ്, വൂഡ്റിജ് എന്നിങ്ങനെ രണ്ട് യുഎസ് എയർബേസുകൾ അന്ന് റെൻഡ്‌ലെഷാമിലുണ്ടായിരുന്നു. 26ന് അർധരാത്രി കഴിഞ്ഞപ്പോൾ പ്രദേശത്തുകൂടി പോയ യുഎസ് സൈനികർ ഒരു ദുരൂഹമായ ലോഹവസ്തു ബേസുകൾക്കിടയിലുള്ള സ്ഥലത്തേക്കു പറന്നിറങ്ങി അപ്രത്യക്ഷമാകുന്നത് ശ്രദ്ധിച്ചു. റഡാറുകളിലും ഇതു പതിഞ്ഞു. പ്രദേശത്തു തിരച്ചിൽ നടത്തിയ സൈനികർ ത്രികോണാകൃതിയുള്ള പ്രകാശമാനമായ ഒരു വസ്തു കണ്ടെന്ന് അഭ്യൂഹമുണ്ട്.
സമീപത്തേക്കു സൈനികർ വന്നതോടെ ഈ വസ്തു കാട്ടിൽ നിന്നുയർന്നു. ഇതെല്ലാം കണ്ട് സൈനികർ ബോധരഹിതരായി നിലംപതിച്ചത്രേ. പിറ്റേന്നു തിരച്ചിൽ നടത്തിയ മറ്റൊരുകൂട്ടം സൈനികർ ഇവരെ രക്ഷിച്ചു. മേഖലയിൽ മറ്റൊരു സംഘം സൈനികർ തിരച്ചിൽ നടത്തി. അത്ര സാധാരണമല്ലാത്ത പല കാഴ്ചകൾ അവരും കണ്ടത്രേ. ബെന്റ്‌വാട്ടേഴ്സ്, വൂഡ്റിജ് എന്നു പേരുകളുള്ള ഈ ബേസുകളിൽ ആണവായുധങ്ങളുണ്ടായിരുന്നെന്ന് വലിയ അഭ്യൂഹമുണ്ടായിരുന്നു. ഈ ബേസുകളിൽ ഉണ്ടായിരുന്ന ആണവായുധം നിർവീര്യമാക്കാനെത്തിയ അന്യഗ്രഹപേടകമായിരുന്നു ഈ പേടകങ്ങൾ എന്നൊക്കെ പിന്നീട് സിദ്ധാന്തങ്ങൾ ഇറങ്ങി.
ലോകത്തു പലയിടങ്ങളിൽ നടക്കുന്ന യുദ്ധങ്ങളേതെങ്കിലും തീവ്രത കൈവരിച്ചാൽ മൂന്നാമതൊരു ലോകയുദ്ധത്തിനാകും അരങ്ങുണരുക. ഇത്രയും ആയുധങ്ങൾ ഇല്ലാതിരുന്നിട്ട് ഒന്നാം ലോകയുദ്ധകാലത്തും രണ്ടാം ലോകയുദ്ധകാലത്തും ഭൂമിയിൽ സംഭവിച്ചത് വൻ നാശനഷ്ടമാണ്. അപ്പോൾ പിന്നെ ആണവായുധങ്ങളുള്ള ഈ കാലത്തോ? ഭൂമി ഇതുവരെ കാണാത്ത സർവനാശത്തിനാകും അരങ്ങുണരുക. എന്നാൽ അങ്ങനെ സംഭവിക്കില്ലെന്നും അതിനു മുൻപായി അന്യഗ്രഹജീവികൾ രംഗത്തെത്തി ആണവയുദ്ധനീക്കം തടയുമെന്നും ചില ദുരൂഹതാ വാദക്കാർ വിശ്വസിക്കാറുണ്ട്. ഇവരെ സംബന്ധിച്ച് അന്യഗ്രഹജീവികൾ അത്ര കുഴപ്പക്കാരല്ല, മറിച്ച് മനുഷ്യരെയും ഭൂമിയെയുമൊക്കെ സഹായിക്കാൻ താൽപര്യമുള്ള സുഹൃദ്ഭാവമുള്ളവരാണ്. ഇത്തരത്തിലൊരു ഏലിയൻ ദൗത്യമായിരുന്നു റെൻഡ്‌ലെഷാമിലേതെന്നു പലരും നിഗൂഢതാ സിദ്ധാന്തം ഇറക്കാറുണ്ട്.
എന്നാൽ ഈ വിശ്വാസത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് പല വിദഗ്ധരും പറയുന്നു. അങ്ങനെ വരുമായിരുന്നെങ്കിൽ അന്യഗ്രഹജീവികൾ ഹിരോഷിമയിലും നാഗസാക്കിയിലും വന്ന് അമേരിക്കയെ തടഞ്ഞേനെ. അതു സംഭവിച്ചില്ല. ആണവ സ്ഫോടനം പോലെയുള്ള മാരക ആക്രമണ മാർഗങ്ങൾ വരാതെ സൂക്ഷിക്കേണ്ടത് ലോകരാജ്യങ്ങളുടെ കടമയാണെന്നാണു പല വിദഗ്ധരുടെയും അഭിപ്രായം.