ADVERTISEMENT

കുറച്ചുവർഷം മുൻപുള്ള കണക്കുപ്രകാരം 13 ലക്ഷത്തോളം വീടുകൾ കേരളത്തിൽ ആൾതാമസമില്ലാതെ അടഞ്ഞുകിടപ്പുണ്ട്. നിലവിൽ ആ സംഖ്യ വർധിച്ചിട്ടുണ്ടാകും. ഇത്തരത്തിൽ അടഞ്ഞുകിടക്കുന്നതിൽ ഇടത്തരം വീടുകൾ മുതൽ വമ്പൻ മണിമാളികകൾ വരെയുണ്ട്.

ഇത്തരം ആഡംബരവീടുകളിൽ പ്രവാസികളായ വീട്ടുകാർ വർഷത്തിൽ വല്ലപ്പോഴും കുറച്ചുദിവസങ്ങൾ മാത്രമാണ് താമസിക്കാനെത്തുക. കൂടുതൽ പേരും കാര്യസ്ഥനെയോ ബന്ധുവിനെയോ മേൽനോട്ടച്ചുമതല ഏൽപിച്ചിട്ടുണ്ടാകും. അവർ ഇടയ്ക്ക് വന്ന് തൂത്തുതുടച്ചിടും. ഇലക്ട്രോണിക് സാമഗ്രികൾ പ്രവർത്തിപ്പിക്കും. അടച്ചിട്ട് വീണ്ടും പോകും. ഒരുപരിധി കഴിഞ്ഞാൽ വീട് 'ഡെഡ് ഇൻവെസ്റ്റ്‌മെന്റ്' ആണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. എന്നാൽ ഇത്തരം വമ്പൻ ആഡംബരവീടുകൾ  വരുമാനമാർഗമാക്കാനുള്ള അവസരം ലഭിച്ചാലോ?

അടുത്തിടയ്ക്ക് സമൂഹമാധ്യമത്തിൽ ഒരു വിഡിയോ കണ്ടു. കേരളത്തിലുള്ള ഒരു ഘടാഘടിയൻ ആഡംബരവീട്. സ്വാഭാവികമായും പ്രവാസി വീട്ടുകാർ വീടച്ചിട്ടിരിക്കുകയായാണ്. അങ്ങനെയിരിക്കെ ആരുടെയോ തലയിൽ ബൾബ് മിന്നി. വീട് റെന്റൽ ബിസിനസിൽ ലിസ്റ്റ് ചെയ്താലോ? പാലുകാച്ചൽ സമയത്ത് വീടിന്റെ പകിട്ട് കണ്ട്, ഇവിടെയൊരു രാത്രി താമസിക്കാൻ കൊതിച്ച നിരവധി പേരുണ്ട്. അവരുടെ ആഗ്രഹവും നടക്കും, കുറച്ചു കാശ് (വേണ്ടിയിട്ടല്ല) പെട്ടിയിലും കിടക്കും. കുറച്ച് പിള്ളേർക്ക് ബിസിനസുമാകും.

vacant-house
Image generated using AI Assist

അങ്ങനെ ആഡംബരവീട് ലിസ്റ്റ് ചെയ്യുന്നു. ന്യൂജെൻ പിള്ളേർ സോഷ്യൽ മീഡിയ വഴി വലിയ പ്രചാരം നൽകുന്നു. വീട് റെന്റ് ചെയ്യുന്നവർക്ക് പുട്ടിനുപീരപോലെ ചില പെർക്ക്സും ലഭിക്കും. ഫാമിലിക്ക് ഹെൽത് ചെക്കപ്, അല്ലെങ്കിൽ ആയുർവേദ സുഖചികിത്സ, ഉഴിച്ചിൽ, പിഴിച്ചിൽ അങ്ങനെയങ്ങനെ. ഇനി അടുത്തെങ്ങാനും കായലുണ്ടെങ്കിൽ ഒരു ഫ്രീ ഹൗസ്ബോട്ട് സവാരിയും കൊടുക്കും (എല്ലാം ചേർത്താണേ ബില്ലിടുക).

ചുരുക്കത്തിൽ കേരളത്തിൽ ഈ ബിസിനസിന് നല്ല ഭാവി കാണുന്നുണ്ട്. വിശേഷിച്ച് മലബാർ മേഖലകളിൽ. അത്രയ്ക്കുണ്ട് അടഞ്ഞുകിടക്കുന്ന ആഡംബരവീടുകൾ. പലതും പതിനായിരക്കണക്കിന് സ്ക്വയർഫീറ്റുണ്ടേ... എന്നുകരുതി എല്ലായിടത്തും ആളുകൾ തള്ളിക്കയറുമെന്ന് പ്രതീക്ഷിക്കരുത്. ഏതെങ്കിലും ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിനടുത്തുള്ള  വീടാണെങ്കിൽ എക്സ്ട്രാ മാർക്കറ്റുണ്ടാകും, അല്ലെങ്കിൽ സെലിബ്രിറ്റി വീട്. ആ സെലിബ്രിറ്റിയുടെ വീട്ടിൽ ഞാൻ ഉണ്ടുറങ്ങിയിട്ടുണ്ട് എന്ന് പറയുന്നത് ഒരു ഗമയല്ലേ...ഇത്തരത്തിൽ വീട് റെന്റൽ പ്രോപ്പർട്ടി ആക്കുന്നതിന് അല്ലറ ചില്ലറ പേപ്പർ വർക്കുകളുണ്ടാകും. അത് വേണ്ടപ്പെട്ടവർ ലളിതമാക്കിയാൽ ബിസിനസ് വളരും.

vacant-house-kerala
Image Generated through AI Assist

ഇതിന്റെ ഇതിനോടകം വിജയിച്ച മറ്റൊരു മോഡലുണ്ട്. വലിയ കൊട്ടാരം കെട്ടി മാതാപിതാക്കളെ അതിലടച്ചു പോകുന്ന മക്കളുമുണ്ട്. വയസ്സാംകാലത്ത് ഇതെല്ലാംകൂടി നോക്കിനടത്താനുള്ള പാട് ചില്ലറയല്ല. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കടുത്തുള്ള ഇത്തരം വീടുകൾ ഹോംസ്റ്റേ ആക്കി മാറ്റിയ വിപണനതന്ത്രം ഇപ്പോൾ ഹിറ്റാണ്. അതിനായി പുറത്തുകൂടി ഒരു സ്‌റ്റെയർ കൊടുക്കുന്നു. അവർ അതിലെ വന്നുപോയ്‌ക്കൊള്ളും. മാതാപിതാക്കൾക്ക് താഴത്തെ ഒരുമുറിയും കുറഞ്ഞു കഞ്ഞിയും കുഴമ്പും മതി. മുകൾനിലയിൽ ടൂറിസ്റ്റുകൾ വരുന്നു, താമസിക്കുന്നു. അക്കൂട്ടത്തിൽ സഹൃദയരുണ്ടെങ്കിൽ മിണ്ടിയും പറഞ്ഞുമിരിക്കാം, ഏകാന്തതയ്ക്കും ശമനം, കാശ് പെട്ടിയിൽ വീഴുകയും ചെയ്യും.

അടിക്കുറിപ്പ്- വിജയിക്കുന്ന ഏത് മോഡൽ കണ്ടാലും എല്ലാവരുംകൂടി അന്ധമായി അനുകരിച്ച് അവസാനം എല്ലാംകൂടി പൊട്ടിപ്പാളീസാകുന്ന ഒരവസ്ഥ കേരളത്തിലുണ്ട്. ആ വഴിയാകാതിരുന്നാൽ മാത്രംമതി..

English Summary:

Vacant Luxury homes in Kerala as Rental Homes- Future Business Model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com