ടാറ്റൂ ചെയ്താൽ ജയില്‍ ശിക്ഷ, അല്ലെങ്കിൽ പിഴ ഈടാക്കും; അപമാനം ഭയന്ന് ടാറ്റൂ മറച്ചു വയ്ക്കുന്ന ദക്ഷിണകൊറിയൻ ജനത
Mail This Article
നമുക്ക് ചുറ്റുമുള്ള ആളുകളെ ശ്രദ്ധിച്ചാൽ നൂറിൽ 5 പേർക്കെങ്കിലും ഒരു ടാറ്റൂ ഉണ്ടാവും. കാരണം ഇന്ന് ടാറ്റൂ സ്റ്റൈലിന്റെ ഭാഗമാണ്. ഇന്ത്യയിൽ എവിടെയും ടാറ്റൂ സ്റ്റുഡിയോകൾ സജീവമാണ്. എന്നാൽ ദക്ഷിണകൊറിയയുടെ അവസ്ഥ അങ്ങനെയല്ല. അവിടെ ടാറ്റൂ ജോലി ചെയ്യുന്ന വ്യക്തി ലൈസൻസുള്ള മെഡിക്കൽ പ്രൊഫഷനൽ ആയിരിക്കണം. അല്ലാത്തപക്ഷം പിഴയോ ജയിൽവാസമോ ശിക്ഷ വിധിക്കും
എന്താണ് കാരണം?
പച്ചകുത്തുന്നത് ദക്ഷിണ കൊറിയയിൽ നിയമപരമാണെങ്കിലും ഇത് മെഡിക്കൽ നടപടിക്രമമാണ്. അതിനാൽ തന്നെ ലൈസൻസുള്ള മെഡിക്കൽ പ്രൊഫഷണലുകൾക്കു മാത്രമേ ടാറ്റൂ ചെയ്യാനുള്ള അനുമതിയുള്ളൂ. 1992 മുതൽ ദക്ഷിണ കൊറിയയിൽ മെഡിക്കൽ പ്രൊഫഷണലുകൾ അല്ലാത്തവർ പച്ചകുത്തുന്നത് നിയമവിരുദ്ധമാണ്. ടാറ്റൂ മഷിയും സൂചിയും മൂലമുണ്ടാകുന്ന അണുബാധയുടെ അപകടസാധ്യത ചൂണ്ടിക്കാട്ടി ദക്ഷിണ കൊറിയയിലെ സുപ്രീംകോടതിയാണ് അനുമതി മെഡിക്കൽ പ്രൊഷണലുകൾക്കു മാത്രം നൽകിയത്. നിയമം പാലിക്കാതെ ആരെങ്കിലും ഇത്തരത്തിൽ ടാറ്റൂ ചെയ്യുകയാണെങ്കിൽ അവർക്ക് ജയിൽ ശിക്ഷയോ കനത്ത പിഴയോ ലഭിക്കും.
ടാറ്റൂ ചെയ്യുന്നവർ കുറ്റവാളികളോ?
പതിനേഴാം നൂറ്റാണ്ടിൽ കുറ്റവാളികള്‍ക്ക് നല്‍കുന്ന ശിക്ഷയുടെ രൂപമായിരുന്നു ടാറ്റൂകൾ എന്നാണ് പറയപ്പെടുന്നത്. ഇപ്പോഴും യുവാക്കളിൽ പലരും ടാറ്റൂ ചെയ്യുന്നുണ്ടെങ്കിലും അവരെ മറ്റൊരു കണ്ണോടെയാണ് കൊറിയൻ ജനത കാണുന്നത്. അത്തരത്തിൽ നിരവധി അനുഭവങ്ങൾ പലരും സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കാണ് ടാറ്റൂ ചെയ്യുന്നതിലൂടെ കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വരുന്നത്. ശരീരം പവിത്രമായ ഒന്നാണെന്നും അതിൽ പോറലുകൾ വരുത്തുന്നത് ആ പവിത്രതയെ നശിപ്പിക്കുന്ന പ്രവൃത്തിയാണെന്നുമാണ് ഇന്നും ആളുകൾ വിശ്വസിക്കുന്നത്. പലരും ശരീരത്തിൽ ടാറ്റൂ ചെയ്താൽ അത് വീട്ടുകാരിൽ നിന്നും മറച്ചു വച്ചാണ് ജീവിക്കുന്നത്. പലരുടെയും മാതാപിതാക്കൾക്ക് അവരുടെ മക്കൾ ടാറ്റൂ ചെയ്തതായി യാതൊരു അറിവും ഉണ്ടാവില്ല. ഇങ്ങനെ ആരുടെയെങ്കിലും കണ്ണിൽപ്പെട്ടാൽ സാത്താന്റെ പ്രവർത്തകരാണെന്നും മോശം ആളുകൾ ആണെന്നുമൊക്കെ മുദ്രകുത്തും.
ടാറ്റൂ ആർട്ടിസ്റ്റുകളുടെ അവസ്ഥ
പലപ്പോഴും ബേസ്‌മെന്റുകളിലും ആരും ശ്രദ്ധിക്കാത്ത ഇടങ്ങളിലുമൊക്കെ വച്ചാണ് പല ടാറ്റൂ ആർട്ടിസ്റ്റുകളും തങ്ങളുടെ ജോലി ചെയ്യുന്നത്. ഇത് പൊലീസിന്റെ കണ്ണിൽ പെട്ടാൽ ഭീമമായ തുക നൽകുകയോ അല്ലെങ്കിൽ ജയിലിൽ അടയ്ക്കപ്പെടുകയോ ചെയ്യും. ഇതൊന്നും കൂടാതെ ഇതേ തൊഴിൽ ചെയ്യുന്നവർ തന്നെ മത്സരം ഒഴിവാക്കാനായി പരസ്പരം ഒറ്റിക്കൊടുക്കുന്ന അവസ്ഥ വരെ ഉണ്ട്.
മാറ്റങ്ങളും ബിടിഎസ് സ്വാധീനവും
ദക്ഷിണ കൊറിയയിലെ യുവതലമുറയ്ക്കിടയില്‍ ഇന്ന് ടാറ്റൂ ജനപ്രിയമാണ്. 2022-ൽ ‘ബിസിനസ് ഇൻസൈഡർ’ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ദക്ഷിണ കൊറിയയിൽ കുറഞ്ഞത് ദശലക്ഷം ആളുകളെങ്കിലും നിലവിൽ ടാറ്റൂ ചെയ്തിട്ടുണ്ടെന്നാണ്. കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ കൊറിയൻ ബാൻഡ് ആയ ബിടിഎസ് തന്നെ പരസ്യമായി തങ്ങളുടെ ടാറ്റൂകൾ പ്രദർശിപ്പിക്കാറുണ്ട്. ബാൻഡിലെ ജനപ്രിയ അംഗം ജിയോൺ ജങ്-ക്കിൻ പോലും ശരീരത്തിൽ നിരവധി ടാറ്റൂകൾ ഉണ്ട്. കൂടാതെ ബാൻഡിലെ ഓരോ അംഗവുംസൗഹൃദ ടാറ്റൂ ചെയ്തിട്ടുണ്ട്. 7 എന്ന അക്കമാണ് ശരീരത്തില്‍ ഇവർ ടാറ്റൂ ചെയ്തിരിക്കുന്നത്. ബിടിഎസിനോടുള്ള ആരാധന കൂടി പലരും തങ്ങളുടെ ശരീരത്തിൽ 7 ടാറ്റൂ ചെയ്തിരുന്നു. എന്തായാലും വരുംവർഷങ്ങളിൽ ഈ നിയമത്തിന് മാറ്റങ്ങൾ വരും എന്നാണ് ദക്ഷിണ കൊറിയൻ യുവാക്കൾ പ്രതീക്ഷിക്കുന്നത്.