വിവാഹത്തിനു തിരഞ്ഞെടുത്തത് അമ്മ മേനകയുടെ 30 വർഷം പഴക്കമുള്ള സാരി; പിന്നിലെ രഹസ്യം വെളിപ്പെടുത്തി കീർത്തി
Mail This Article
മലയാളികളുടെ ഒരു കാലത്തെ ‘ഡ്രീം ഗേൾ’ ആയിരുന്നു മേനക സുരേഷ്. അന്നത്തെ കാലത്ത് മേനക ഇല്ലാത്ത സിനിമകൾ ചുരുക്കം ആണെന്ന് പറയാം. അന്ന് അമ്മ ആണെങ്കിൽ ഇന്ന് മകൾ കീർത്തിയാണ് സിനിമയിൽ സജീവം. അടുത്തിടെ നടന്ന കീർത്തിയുടെ വിവാഹ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഒത്തിരി പ്രത്യേകതകൾ കീർത്തിയുടെ വിവാഹത്തിനുണ്ടായിരുന്നു. വിവാഹത്തിനു കീർത്തി ധരിച്ച വസ്ത്രത്തിനു പിന്നിലും ഒരു കഥയുണ്ട്.
അമ്മ മേനകയുടെ 30 വർഷം പഴക്കമുള്ള പട്ടുസാരിയാണ് വിവാഹദിനം കീർത്തി ധരിച്ചത്. അതുകൊണ്ടു തന്നെ ആ സുദിനം ഒന്നുകൂടെ സ്പെഷ്യൽ ആയെന്ന് പറയേണ്ടി വരും. പഴയ മനോഹരസാരിക്ക് ഒരു മോഡേൺ ടച്ച് നൽകാൻ പ്രശസ്ത ഡിസൈനർ അനിത ഡോംഗ്രേ കീർത്തിയെ സഹായിച്ചു. വെള്ളിയും ചുവപ്പും ആക്സന്റുകളെ സംയോജിപ്പിച്ച് സാരി മനോഹരമാക്കി. ഒപ്പം വൃത്താകൃതിയിലുള്ള കഴുത്ത്, ഹാഫ് സ്ലീവ്, സ്റ്റൈലിഷ് ബാക്ക് കട്ട്ഔട്ട് എന്നിവ ഉൾപ്പെടുത്തിയ ബ്ലൗസ് കൂടിയായപ്പോൾ പരമ്പരാഗത സ്റ്റൈലിനൊപ്പം മോഡേൺ ഡിസൈനും അതിമനോഹരമായി സംയോജിക്കപ്പെട്ടു.
ആദ്യം വരന്റെ വീട്ടുകാർ നൽകിയ സാരി ധരിക്കാനായിരുന്നു കീർത്തി തീരുമാനിച്ചത്. പക്ഷേ, അമ്മയുടെ അലമാര പരിശോധിക്കുന്നതിനിടയിലാണ് ഈ ചുവപ്പു സാരി കീർത്തിയുടെ കണ്ണിൽ ഉടക്കുന്നത്. അമ്മ ഈ മനോഹരമായ വസ്ത്രം എത്ര നന്നായി സംരക്ഷിച്ചിട്ടുണ്ടെന്നത് കീർത്തിയെ കൂടുതൽ ആകർഷിച്ചു. അതിനാലാണ് വിവാഹത്തിന് ഹോമകുണ്ഡത്തിനു മുൻപിൽ ഇരിക്കുമ്പോൾ ഈ കുങ്കുമ ചുവപ്പു സാരി ധരിക്കാൻ കീർത്തി തീരുമാനമെടുത്തത്.
ചുവന്ന സാരിയിൽ വെള്ളിനൂലുകൾ കൊണ്ട് നെയ്ത പുഷ്പങ്ങളും എംബ്രോയിഡറിയും സാരിയുടെ മാറ്റുകൂട്ടി. പരമ്പരാഗത ആഭരണങ്ങൾ കൂടി ഉൾപ്പെടുത്തിയത് കീർത്തിയുടെ ലുക്ക് അവിസ്മരണീയമാക്കി. വർഷങ്ങളുടെ പാരമ്പര്യമുള്ള ചെന്നെയിലെ പ്രശസ്തമായ ജ്വല്ലറിയിൽ നിന്നാണ് വിവാഹ ആഭരണങ്ങൾ കീർത്തി വാങ്ങിയത്. നെറ്റിച്ചുറ്റി, അരപ്പട്ട, വാങ്കി, ആംലെറ്റുകൾ, ആന്‍ഡിക് മാലകളും വളകളും, മുല്ലപ്പൂക്കളുമെല്ലാം പരമ്പരാഗത ദക്ഷിണേന്ത്യൻ വധുവിന്റെ ലുക്ക് കീർത്തിക്കു നൽകി.