പ്രിയാരാമനും രഞ്ജിത്തും അന്നു പിരിയാൻ കാരണം; വിവാഹമോചനത്തിനുശേഷം പ്രണയിച്ച് വീണ്ടും വിവാഹം
Mail This Article
ഓപ്പണിങ് സീന്‍: 2024 ഡിസംബര്‍ ചെന്നൈ. ബിഗ്‌ബോസ് തമിഴ് സീസണ്‍ 8...75 ദിവസം നീണ്ട ഷോയ്ക്ക് ശേഷം താരങ്ങള്‍ മടങ്ങിപോകും മുന്‍പുളള യാത്ര അയപ്പ് വേദിയില്‍ അവിചാരിതമായി ഭാര്യ പ്രിയാ രാമനെ കണ്ട നടന്‍ രഞ്ജിത്ത് പരിസരം മറന്ന് നില്‍ക്കുകയും പ്രണയാതുരമായി അവരെ തന്നെ കണ്ണിമയ്ക്കാതെ നോക്കി നോക്കി പ്രോഗ്രാം ഹോസ്റ്റ് ചെയ്ത വിജയ് സേതുപതിക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ പോലും മറന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രിയയുടെയും രഞ്ജിത്തിന്റെയും കണ്ണുകളിലെ ആ പ്രണയത്തിളക്കം അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒന്നായിരുന്നു. ഈ വര്‍ഷം 50 വയസ്സ് പിന്നിട്ടിരിക്കുന്നു പ്രിയയ്ക്ക്. ഈ പ്രായത്തിലും അതീവസുന്ദരിയായി കാണപ്പെട്ട പ്രിയയുടെ രൂപഭംഗിക്ക് പിന്നില്‍ ഒരിക്കലും ഒളിമങ്ങാത്ത പ്രണയമാണെന്നത് പരസ്യമായ രഹസ്യം. അതിന്റെ പിന്നണിക്കഥയാണ് രസകരം.
ഫ്‌ളാഷ്ബാക്ക് :
തമിഴില്‍ രജനികാന്ത് ആദ്യമായി നിര്‍മ്മിച്ച വളളി എന്ന പടത്തിലൂടെയാണ് പ്രിയാ രാമന്‍ അഭിനയരംഗത്തെത്തുന്നത്. ആ സിനിമ ഒരു വിജയമായില്ല. പ്രിയയുടെ രാശി തെളിഞ്ഞത് മലയാള സിനിമയിലാണ്. തുമ്പോളി കടപ്പുറം, നമ്പര്‍ വൺ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, കാശ്മീരം, അർഥന, ആറാം തമ്പുരാന്‍, മാന്ത്രികം...തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ പ്രിയ തിളങ്ങി.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി എന്നിങ്ങനെ മലയാളത്തിലെ മൂന്ന് സൂപ്പര്‍താരങ്ങളുടെയും നായികയായി. മമ്മൂട്ടി-ജോഷി ചിത്രമായ സൈന്ന്യത്തിലെ ബാഗി പാന്റും ജീന്‍സുമിഞ്ഞ് ബൈക്കില്‍ ചെത്തി നടക്കാം..100 സീസി ബൈക്കും അതിലൊരു പൂജാഭട്ടും വേണം എന്ന ഗാനരംഗത്തിലുടെ പ്രിയ മലയാളിമനസിലേക്ക് നടന്നു കയറി. കാശ്മീരത്തിലെ 'പോരുനീ വാരിളം ചന്ദ്രലേഖേ..' എന്ന ഗാനരംഗമൊക്കെ വലിയ ഹിറ്റായിരുന്നു. അര്‍ഥനയിലെ 'കാതോരമാരോ മൂളുന്നൊരീണം..' എന്ന ഗാനം ഇന്നും പ്രണയികള്‍ക്കിടയിലെ നിത്യവസന്തമാണ്.
അങ്ങനെ എന്നും ഓർമിക്കപ്പെടുന്ന ഗാനരംഗങ്ങളിലുടെ പ്രിയ മലയാളി മനസിലെ നിതാന്ത സാന്നിധ്യമായി. പ്രിയയുടെ ചിരിയില്‍ പ്രണയത്തിന്റെ നിതാന്തഭംഗിയുണ്ടായിരുന്നു. പക്ഷേ അത് ആദ്യമായി കണ്ടെത്തിയത് രഞ്ജിത്ത് എന്ന യുവാവായിരുന്നു. നാട്ടുരാജാവ്, രാജമാണിക്യം, ചന്ദ്രോത്സവം അടക്കമുളള മലയാള സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച രഞ്ജിത്ത് പ്രിയയെ കാണുന്നത് നേസം പുതൂസാ എന്ന തമിഴ്പടത്തിന്റെ സെറ്റില്‍ വച്ചാണ്. ആ സിനിമയില്‍ പ്രിയയും രഞ്ജിത്തും നായികാ നായകന്‍മാരായിരുന്നു.
രണ്ട് സഹപ്രവര്‍ത്തകര്‍ എന്ന പരിചയം അടുത്ത സുഹൃത്തുക്കളിലേക്കും അവിടെ നിന്ന് പ്രണയിതാക്കളിലേക്കും വളര്‍ന്നു. മനസുകൊണ്ട് വളരെ അടുത്തവരായപ്പോള്‍ വിവാഹം കഴിക്കാന്‍ തന്നെ തീരുമാനിച്ചു. വീട്ടുകാരുടെ ആശീര്‍വാദം കൂടിയായപ്പോള്‍ പിന്നെ മറ്റ് തടസങ്ങളൊന്നുമുണ്ടായില്ല. സിനിമയുടെ ഷൂട്ടിങ് നടന്ന അതേ വര്‍ഷം തന്നെ വിവാഹവും നടന്നു.അതോടെ അഭിനയം താത്കാലികമായി അവസാനിപ്പിച്ച് പ്രിയ വീട്ടമ്മയായി ഒതുങ്ങി. രഞ്ജിത്താവട്ടെ കുടുംബനാഥന്‍ എന്ന നിലയില്‍ അഭിനയവുമായി മുന്നോട്ട് പോയി. വളരെ സ്‌നേഹനിര്‍ഭരമായിരുന്നു ആ ദാമ്പത്യം. രണ്ട് കുട്ടികളുമുണ്ടായി.
അപസ്വരങ്ങള്‍ ഉടലെടുക്കുന്നു
15 വര്‍ഷം നീണ്ട ദാമ്പത്യത്തില്‍ നേര്‍ത്ത അപസ്വരങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അത് പ്രിയയെ വല്ലാതെ ഉലച്ചു. രഞ്ജിത്തിന്റെ മനസില്‍ നിന്നും തന്നോടുളള പ്രണയം ചോര്‍ന്ന് അത് മറ്റ് വഴികളിലേക്ക് സഞ്ചരിക്കുന്നതായി പ്രിയ തിരിച്ചറിഞ്ഞു.ആദ്യമൊന്നും അത് അത്ര കാര്യമാക്കിയില്ല. എന്നാല്‍ യോജിച്ചു പോകാന്‍ കഴിയാത്ത വിധം രഞ്ജിത്തുമായുളള ബന്ധം തകര്‍ന്നു പോയപ്പോള്‍ വിവാഹമോചനമല്ലാതെ മറ്റൊരു വഴിയും അവര്‍ക്ക് മുന്നില്‍ ഇല്ലാതായി. അപ്പോഴും പ്രിയയ്ക്ക് രഞ്ജിത്തിനെ ജീവനായിരുന്നു എന്നാണ് അവരുമായി അടുപ്പമുളളവര്‍ പറഞ്ഞിരുന്നത്. അത്രമേല്‍ ആഴത്തില്‍ പ്രിയ രഞ്ജിത്തിനെ സ്‌നേഹിച്ചിരുന്നു.
ഒരു ദിവസം അവിചാരിതമായി രഞ്ജിത്ത് തന്നെ ഉപേക്ഷിച്ചു പോവുകയും അധികം വൈകാതെ കെ.ആര്‍.വിജയയുടെ സഹോദരി കെ.ആര്‍.സാവിത്രിയുടെ മകള്‍ രാഗസുധയെ വിവാഹം കഴിച്ചപ്പോള്‍ ഇനി എന്ത് എന്നോര്‍ത്ത് തളര്‍ന്നു നിന്നില്ല പ്രിയ. ഇതിന്റെ പേരില്‍ കുട്ടികള്‍ വിഷമിക്കാന്‍ പാടില്ല. ആരുടെ മുന്നിലും അവരുടെ തലതാഴ്ന്നു പോവരുത്. ജീവിതത്തില്‍ പ്രയാസങ്ങള്‍ ഉണ്ടാവരുത്. എത്ര കഠിനാദ്ധ്വാനം ചെയ്തും കുഞ്ഞുങ്ങളെ നന്നായി നോക്കാന്‍ തീരുമാനിച്ചു പ്രിയ. ആകെ അറിയുന്ന തൊഴില്‍ അഭിനയമാണ്. പ്രായം കടന്നു പോയ സ്ഥിതിക്ക് പഴയതു പോലെ നായികാ വേഷങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പില്ല. എന്നാലും അറിയുന്ന തൊഴില്‍ ചെയ്ത് ജീവിച്ചല്ലേ പറ്റൂ.
ടിവി സീരിയലുകളില്‍ അഭിനയിക്കാന്‍ അവര്‍ തീരുമാനിച്ചു. സിനിമയില്‍ തിളങ്ങി നിന്ന നായിക സീരിയിലേക്ക് വന്നപ്പോള്‍ പൊന്നും വില കൊടുത്ത് അവരെ സ്വീകരിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറായി. എന്തായാലും അതോടെ പ്രിയയ്ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുളള ഇന്ധനം ലഭിച്ചു. കുഞ്ഞുങ്ങളെ അല്ലലറിയാതെ വളര്‍ത്താനുളള സാഹചര്യമുണ്ടായി. ചെമ്പരത്തി എന്ന സൂപ്പര്‍ഹിറ്റ് തമിഴ് സീരിയലിലെ അഖിലാണ്ഡേശ്വരി എന്ന കഥാപാത്രം അവര്‍ക്ക് സിനിമകളേക്കാള്‍ ആരാധകരെ നേടിക്കൊടുത്തു. സ്വന്തം കാലില്‍ നില്‍ക്കാമെന്ന ധൈര്യം വന്നപ്പോള്‍ കുറച്ചുകൂടി മുന്നോട്ട് സഞ്ചരിക്കാന്‍ അവര്‍ തീരുമാനിച്ചു. അഭിനയത്തിന് ഒപ്പം ടിവി പരമ്പരകള്‍ നിര്‍മിക്കാനും തീരുമാനിച്ചു. ഈ കാലത്തും രഞ്ജിത്തിനെ മറക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നതാണ് വാസ്തവം. തന്റെ രണ്ട് കുഞ്ഞുങ്ങളുടെ പിതാവ് കൂടിയാണല്ലോ അദ്ദേഹം.
യൗവ്വനം വിടാത്ത സുന്ദരിയായ പ്രിയ തനിച്ച് ജീവിക്കുന്നതില്‍ ബന്ധുക്കളും സഹപ്രവര്‍ത്തകരും ആശങ്കാകുലരായിരുന്നു. മറ്റൊരു വിവാഹത്തിന് പലരും നിര്‍ബന്ധിച്ചെങ്കിലും പ്രിയ അതിന് തയാറായില്ല. അവര്‍ മക്കള്‍ക്കു വേണ്ടി മാത്രം ജീവിച്ചു. എല്ലാം മറന്ന് രഞ്ജിത്ത് തിരിച്ചുവരുന്ന ഒരു ദിവസത്തിനായി അവര്‍ മനസുരുകി പ്രാര്‍ത്ഥിച്ചിരുന്നുവെന്ന് വിശ്വസിക്കുന്നവരുമുണ്ട്. അധികം വൈകാതെ കാര്യങ്ങള്‍ മാറിമറിയുന്ന കാഴ്ച നാം കണ്ടു.രഞ്ജിത്തും രാഗസുധയും തമ്മില്‍ തെറ്റി. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുന്‍പേ അവര്‍ വേര്‍പിരിഞ്ഞു. രഞ്ജിത്തിനെ സംബന്ധിച്ച് അതൊരു ശനിദശ തന്നെയായിരുന്നു. രണ്ട് ദാമ്പത്യ നഷ്ടങ്ങള്‍ക്കൊപ്പം അവസരങ്ങളും കുറഞ്ഞു തുടങ്ങി. ഇനി എന്ത് എന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല.
പ്രിയയുടെയും കുട്ടികളുടെയും ആത്മവേദനയാവാം ഈ തിരിച്ചടികള്‍ക്കെല്ലാം കാരണമെന്ന് പലരും കുറ്റപ്പെടുത്തി. എന്നാല്‍ ജീവനുതുല്യം സ്‌നേഹിച്ച രഞ്ജിത്തിനെ ശപിക്കാന്‍ പ്രിയയ്ക്ക് ഒരിക്കലും കഴിയുമായിരുന്നില്ല. രഞ്ജിത്തിന്‍െ് വിഷമങ്ങള്‍ അവരുടേത് കൂടിയായിരുന്നു. സാധാരണ ഗതിയില്‍ വിവാഹമോചിതരായ ദമ്പതികള്‍ പരസ്പരം കടുത്ത ശത്രുക്കളാകുകയാണ് പതിവ്. സ്ത്രീകള്‍ക്കായിരിക്കും ഇക്കാര്യത്തില്‍ വാശി കൂടുക. എന്നാല്‍ തന്നെയും മക്കളെയും തനിച്ചാക്കി പോയിട്ടും രഞ്ജിത്തിനെ വെറുക്കാന്‍ പ്രിയയ്ക്ക് കഴിഞ്ഞില്ല എന്നതില്‍ നിന്നും അവരുടെ സ്‌നേഹത്തിന്റെ ആഴം വ്യക്തമായിരുന്നു.എന്നാല്‍ രഞ്ജിത്തിന്റെ മനസില്‍ എന്താണെന്ന് പ്രിയക്ക് എന്നല്ല ആര്‍ക്കും അറിയുമായിരുന്നില്ല. ഏറെക്കാലം ഒറ്റാംതടിയായി തനിച്ച് ജീവിച്ചു രഞ്ജിത്ത്. അതിനിടയില്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായും പറയപ്പെടുന്നു.
പ്രണയത്തില്‍ ചാലിച്ച പുനസമാഗമം
സ്വന്തമായി ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങിയ പ്രിയ രഞ്ജിത്തിനെ തന്റെ ഭര്‍ത്താവ് എന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരുമിച്ചുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തപ്പോള്‍ സിനിമാ പ്രവര്‍ത്തകര്‍ക്കൊപ്പം ആരാധകരും ഞെട്ടി. ഭര്‍ത്താവിനൊപ്പമുളള ആദ്യ സിനിമയിലെ പ്രണയചിത്രം ഒരിക്കല്‍ പ്രിയ പോസ്റ്റ് ചെയ്തു. രഞ്ജിത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രിയ ഇട്ട പോസ്റ്റിന്റെ കാപ്ഷന്‍ ഇങ്ങനെയായിരുന്നു. 'മെനി മോര്‍ ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ ഡിയറസ്റ്റ് ഹബ്ബീ..'
ഇതെല്ലാം കണ്ട് ആളുകള്‍ അമ്പരന്നു. സസ്‌പെന്‍സ് നിറഞ്ഞ ഒരു സിനിമാക്കഥ പോലെ ഇനി അവരുടെ ജീവിതത്തില്‍ എന്ത് സംഭവിക്കുമെന്നറിയാനായി ആകാംക്ഷയോടെ ആളുകള്‍ കാത്തിരുന്നു. സിനിമാവൃത്തങ്ങളില്‍ പ്രിയയുടെ പോസ്റ്റുകള്‍ ചര്‍ച്ചയായി. ആയിടയ്ക്ക് ഒരു ദിവസം രഞ്ജിത്ത് തന്റെ മക്കളെ കാണാനെത്തി. അത്തരം കൂടിക്കാഴ്ചകള്‍ ആവര്‍ത്തിക്കപ്പെട്ടു. മറ്റ് തലങ്ങളിലേക്ക് ബന്ധം വഴിമാറിയില്ലെങ്കിലും പരസ്പരം വിശേഷങ്ങള്‍ പങ്ക് വച്ച് നല്ല സുഹൃത്തുക്കളായി അവര്‍ മുന്നോട്ട് പോയി.
ഇരുവരും ഒന്നിച്ച് കാണാന്‍ അഭ്യുദയകാംക്ഷികള്‍ ആഗ്രഹിച്ചിരുന്നെങ്കിലും ആര് മുന്‍കൈ എടുക്കും എന്നത് ചോദ്യ ചിഹ്‌നമായി. മാത്രമല്ല രഞ്ജിത്തിന്റെ മനസില്‍ അങ്ങനെയൊരു ആഗ്രഹമുണ്ടോയെന്ന് ഉറപ്പില്ലല്ലോ? 2018 ലെ സീ ടിവി അവാര്‍ഡ് വേദിയില്‍ ഇരുവരും ഒരുമിച്ച് പങ്കെടുക്കേണ്ട സാഹചര്യം വന്നു. മികച്ച നടിക്കുളള അവാര്‍ഡ് പ്രിയ രഞ്ജിത്തിന്റെ കയ്യില്‍ നിന്നും ഏറ്റുവാങ്ങുന്നതിലെ കൗതുകവും വാര്‍ത്താപ്രാധാന്യവും കണക്കിലെടുത്ത് സംഘാടകര്‍ അങ്ങനെയൊരു ക്രമീകരണം നടത്തി. അതൊരു സ്‌ക്രിപ്റ്റഡ് സീനായിരുന്നുവെന്നും അല്ലെന്നും രണ്ട് തരത്തില്‍ പറയപ്പെടുന്നു. എന്നാല്‍ പ്രിയയ്ക്കും രഞ്ജിത്തിനും തങ്ങള്‍ നല്‍കിയ ഒരു സര്‍പ്രൈസായിരുന്നു അതെന്ന് സംഘാടകര്‍ സമര്‍ത്ഥിക്കുന്നു.
എന്തായാലും പ്രിയയ്ക്ക് പുരസ്‌കാരം നല്‍കാനായി രഞ്ജിത്തിനെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ പരിസരം മറന്ന് അമ്പരപ്പൂം ആഹ്‌ളാദവും തിങ്ങി വിങ്ങുന്ന കണ്ണുകളുമായി നിന്ന പ്രിയയുടെ ആ ഭാവപ്പകര്‍ച്ച ഇന്നും സമൂഹമാധ്യമങ്ങളിലുണ്ട്. പുരസ്‌കാരം കൈമാറായി വേദിയിലേക്ക് ക്ഷണിക്കപ്പെട്ട രഞ്ജിത്ത് തന്റെ കൈകളില്‍ കരുതിയിരുന്ന ഒരു റോസാപ്പൂവ് ആദ്യം പ്രിയക്ക് സമ്മാനിച്ചു. പ്രിയ ഒരു പ്രണയിനിയുടെ ലജ്ജയോടും ആത്മഹര്‍ഷത്തോടും രഞ്ജിത്തിന്റെ നെഞ്ചിലേക്ക് ചാഞ്ഞു. രഞ്ജിത്ത് പ്രിയയെ ചേര്‍ത്ത് പിടിച്ചു. ഒരു പുനസമാഗമത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ സദസ് ഇളകി മറിഞ്ഞു. തൊട്ടുപിന്നാലെ പുരസ്‌കാര ദാനവും നടന്നു. ആ ചിത്രം ഇന്‍സ്റ്റയില്‍ പങ്ക് വച്ചുകൊണ്ട് പ്രിയ ഇങ്ങനെ കുറിച്ചു. 'ഭര്‍ത്താവില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കുന്നത് എത്ര അഭിമാനകരം'...എന്നാല്‍ വിചാരിച്ചത്ര എളുപ്പത്തില്‍ ആ ഒന്നാകല്‍ സംഭവിച്ചില്ല. അജ്ഞാതമായ ഏതൊക്കെയോ കാരണങ്ങളാല്‍ അത് നീണ്ടുപോയി.
ഭര്‍ത്താവ് ഒന്ന്, വിവാഹം രണ്ട്
എന്നാല്‍ ഒരു ദിവസം ഒരുമിച്ചുളള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ട് പ്രിയയും രഞ്ജിത്തും തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച വിവരം പരസ്യപ്പെടുത്തി. സഹൃദയലോകം നിറഞ്ഞ മനസോടെയാണ് അതിനെ സ്വീകരിച്ചത്. രണ്ട് സെലിബ്രറ്റികളൂടെ പുനസമാഗമം എന്നതിനപ്പുറം ജീവിതത്തിന്റെ ഏതോ ഘട്ടത്തില്‍ വേര്‍പിരിഞ്ഞ ദമ്പതികള്‍ മക്കള്‍ക്കുവേണ്ടിയെങ്കിലും ഒന്നാകേണ്ടത് ഒരു അനിവാര്യതയാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിനുണ്ടായിരുന്നു. അഭിനന്ദനങ്ങളുടെ പ്രവാഹം തന്നെ പ്രിയക്കും രഞ്ജിത്തിനും ലഭിച്ചു.മക്കളുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധമായിരുന്നു. ഒരിക്കല്‍ താളഭംഗങ്ങള്‍ നേരിട്ട ആ വീട് താളാത്മകമായ സംഗീതം പോലെ ചേതോഹരമായി.
അകല്‍ച്ചയ്ക്ക് ശേഷമുളള അടുപ്പത്തിന് തീവ്രതയും മാധുര്യവുമേറുമെന്ന് അഭിമുഖങ്ങളില്‍ പ്രിയ ഏറ്റുപറഞ്ഞു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന രഞ്ജിത്തിനെ ഒരു നിഴല്‍ പോലെ ഒപ്പം നിന്ന് ശുശ്രൂഷിക്കാനും പഴയ നിലയിലേക്ക് മടക്കി കൊണ്ടുവരാനും പ്രിയ എന്ന ഉത്തമ കുടുംബിനിക്ക് കഴിഞ്ഞു. ഇതിനോടെല്ലാം അതീവസ്‌നേഹത്തോടെ പ്രതികരിച്ചുകൊണ്ട് ആരാധകരും സമൂഹമാധ്യമങ്ങളില്‍ കമന്റിട്ടു. കമന്റുകള്‍ക്ക് മറുപടിയായി രഞ്ജിത്ത് ഇങ്ങനെ കുറിച്ചു. 'ആരാധകരുടെ സ്‌നേഹാശംസകളാല്‍ ഞങ്ങളൂടെ ജീവിതം അതിമനോഹരമായി മുന്നോട്ട് പോകുന്നു'
സാധാരണ ഗതിയില്‍ എല്ലാം നഷ്ടപ്പെടുമ്പോഴാണ് ഒരു ആശ്രയം തേടി പല സ്ത്രീകളും പുരുഷനിലേക്ക് മടങ്ങിച്ചെല്ലുക. ഇവിടെ പ്രിയ ഭര്‍ത്താവില്ലാതെയും സ്വന്തം കാലില്‍ നില്‍ക്കാമെന്ന് തെളിയിച്ച സന്ദര്‍ഭത്തിയായിരുന്നു അവിചാരിതമായ കൂടിച്ചേരല്‍.ഉളളില്‍ തട്ടിയ പ്രണയം ഒരിക്കലും നശിക്കുന്നില്ലെന്ന് പ്രിയയുടെ ജീവിതം നമ്മോട് പറയുന്നു. അത് കാലാതീതമാണ്. വഴക്കുകളും പിണക്കങ്ങളും അകല്‍ച്ചയും വിരഹവുമെല്ലാം അതിന്റെ മധുരിമ വര്‍ധിപ്പിക്കുന്നതേയുളളു. ഇപ്പോള്‍ ചെന്നൈ പട്ടണത്തിലൂടെ മുന്‍സീറ്റില്‍ ഒരുമിച്ചിരുന്ന് കാര്‍ ഓടിച്ചു പോകുന്ന ദമ്പതികളെ കണ്ട് പലരും പറയാറുണ്ട് പോലും. ‘മെയ്ഡ് ഫോര്‍ ഈച്ച് അദർ’